Thursday, February 3, 2022

..യാത്ര

യാത്രയിലൊന്നിൽ ഭൂമി കാലുടക്കിവീഴുന്നു കാട്ടിലെ ദിനോസറും പലതും മാഞ്ഞേ പോയി മരുഭൂമിയിൽ വന്ന് സമുദ്രം കൊട്ടിപ്പാടി ചിരിയൊന്നതിൽ നിന്ന് നിലാവോ മിന്നിക്കത്തി ഇരുളിൻ മഹാശൂന്യ- വഴി പിന്നിട്ടെത്തുന്ന നടുക്കം പോലേ നിന്നു രാത്രിയും രാപ്പാടിയും .. ema Pisharody.. February 2, 2022

Wednesday, February 2, 2022

AKSHARANGAL

അക്ഷരങ്ങൾ കൺകളിൽ ഇരുൾ തീണ്ടിയ മേഘങ്ങൾ പെയ്യുവാനായൊരുങ്ങി നിന്നീടവേ ചെങ്കനൽ നീറ്റി സാന്ധ്യവർണ്ണങ്ങളിൽ പിന്നെയും തിരി വച്ച താരങ്ങളേ നിദ്രതൻ മങ്ങിനിൽക്കും വിളക്കി നെ കൈയിലേറ്റി നിലാവാൽ തെളിക്കവേ യാത്ര തൻ പരിക്ഷീണമാം പാതയിൽ കൂട്ടിനുണ്ടെന്ന് ചൊല്ലിയ കാലമേ താഴെ വീഴുമെന്നോർത്തങ്ങിരിക്കവെ താങ്ങി നിർത്തിയ സർവ്വം സഹേ ഭൂമി കൂട്ടിനാരുമില്ലെന്ന് കരുതവേ കൂട്ടുകൂടുവാൻ വന്ന ഋതുക്കളേ ഇല്ലെനിക്കിനി വയ്യെന്നു ചൊല്ലവേ കൈപിടിച്ചോരു സർഗ്ഗാത്മലോകമേ നേരെഴുത്തിൻ്റെ മൗനവാല്മീകത്തിൽ ധ്യാനലീനമിരുന്ന ലിപികളേ അക്ഷരങ്ങളേയെന്നും പരസ്പര- ചക്രവാളം തൊടുന്നോരനന്തതേ! അഗ്നിസൂര്യൻ ജ്വലിക്കവേ പാടുവാൻ നിത്യമെത്തുന്ന പാട്ടുകാർ പക്ഷികൾ ചിത്രകംബളം നീർത്തി പരസ്പരം ഹൃദ്യമീലോക സൗഹൃദക്കാഴ്ചകൾ കൈവിരൽ തൊടും ഭൂമി, മഴ മണ്ണിലെന്നുമുണ്ടീപരസ്പരാകർഷണം Rema Pisharody February 2, 2022  

Tuesday, February 1, 2022

ചിത്രശലഭം

കുനുകുനെ കുത്തിക്കുറിപ്പുകൾ വെള്ളക്കടലാസിൽ നിന്ന് പറന്ന് പോകുന്നു. കിളികളായിടാം, മുകിലതായിടാം വിടർന്ന പൂവിൻ്റെ ഇതളുമായിടാം ചിറകെല്ലാം വാടിക്കരിഞ്ഞൊരു ചിത്രശലഭമീ താളിൽ തളർന്നിരിക്കുന്നു.. (Rema Pisharody) February 1, 2022

Monday, January 31, 2022

വിലാപകാലം

വിലാപയാത്രകൾ ശ്‌മശാനഗന്ധങ്ങൾ വഴിപിരിയുവോർ വിടപറയുവോർ ഇടയിടയിലെ നനുത്ത ശ്വാസമേ, ഹൃദയമേ നീയും മിഴിനീരൊപ്പുന്നു. Rema Pisharody January 41, 2022

Sunday, January 30, 2022

ചിറക്

ചിറകൊടിഞ്ഞൊരു പക്ഷിയെ പോലെയീ- പകലൊരു കൂട്ടി- ലൊറ്റയ്ക്കിരിക്കുന്നു. കനലെരിയുന്ന സായാഹ്നവും നദിക്കരയിലായ് ' വെയിൽ കായുന്ന ശിശിരവും പറയുവാനൊന്നുമില്ലാത്ത പോലാറ്റുകടവിൽ നിന്നൊരു തോണിയേറീടുന്നു ചിറകു നീർത്തുവാനാവാത്ത ചില്ലയിൽ ഇതൾവിടർത്തും നിലാവിൻ്റെ മർമ്മരം.. January 30, 2022 Rema Pisharody

Saturday, January 29, 2022

ഒരു സ്വകാര്യം

ഒരു സ്വകാര്യം January 29, 2022 പറഞ്ഞു തീരാത്ത കഥകളുമായ് ഇനിയുമെത്തിടും പകലിരവുകൾ പതിയെയാരോടും പറയരുതെന്ന് പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത് തിരികെയെത്തിടും തിടുക്കത്തിലൊരു മതിലുടച്ചിടും മറഞ്ഞു പോയിടും ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം! കനൽ തൂവി തിളങ്ങും പാതകൾ അരികിലായ് ഗോത്രപവിത്രത, മുല്ല- മലരുകൾ, ശബ്ദരഹിതശൂന്യത വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ പറന്നു നീങ്ങുന്ന ഹൃദയമൈനകൾ.. ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ അവിടെയാകാശമത് കാൺക വേണ്ട പതിയെ ചൊല്ലിയ സ്വകാര്യമാണിത് നിറയെ മഞ്ചാടിക്കുരു തൊടിയിലായ് മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ അതിശയത്തിന്റെ കൊടുമുടിയേറ്റി ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി- യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ വഴിയടയയാളം ഇലത്തളിരുകൾ ഇലപ്പൊതികളിൽ രുചിയൊരിക്കലും മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്.. വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത- നുണകളാധികൾ,കുറുമ്പുകളെല്ലാം സ്വകാര്യമാണിത് പറയരുതിത്; വരും ദൈവം സ്വപ്നവഴികളാരോടും കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ പലതുമോർമ്മകൾ, പവിത്രബന്ധനം ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ വസന്തമാകുന്ന സ്മൃതിയിതളുകൾ

Friday, January 28, 2022

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു മൃതിയിൽ, നിരാശയുടെ മൗനത്തിൽ, വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ ഉറവകൾ വരണ്ട് പോകുന്നു ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ ചലനം നിലച്ച് പോകുന്നു ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം വ്യഥകൾ തരിച്ചിരിക്കുന്നു കുരുവികൾ പറന്ന് പോം കൂടിൻ്റെ നഗരങ്ങളിടറുന്നു വീണുപോകുന്നു പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ ഇരുൾ തേടിയോടിയോരെല്ലാം പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ കരൾ നൊന്ത് നിൽക്കും പ്രപഞ്ചം മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട് കരയും ഋതുക്കൾ പറഞ്ഞു ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ എഴുതിപ്പകർത്തി സൂക്ഷിക്കാം വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ, ഇതളറ്റ് വീണവർ നമ്മൾ. ഇനിയെന്തിതെന്നോർത്ത് നിൽക്കവെ ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി- അരികത്തിരിക്കുന്നു ഭൂമി.   Rema Rasanna Pisharody< January 28, 2022