Thursday, January 30, 2014

ജനുവരി 30, 2014
IST 8.14 PM
Thursday


അക്ഷരങ്ങൾക്കിടയിലേയ്ക്ക്
ചുമരുകളടർത്തിയേറും
ശിഖരങ്ങൾ, മുൾപ്പാടുകൾ
കടലൊഴുകി നനയും
സമുദ്രതീരങ്ങളിൽ
മൺ തരികളിൽ
കാല്പാദമുദ്രകൾ
പിന്നിൽ നടക്കും നിമിഷങ്ങൾ
മുന്നിൽ മുനമ്പിൻ സന്ധ്യാദിപങ്ങൾ
നിർണ്ണയത്തൂക്കം തെറ്റിയ
ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളെഴുതും
മിഴിയിലെ ലോകം
ശബ്ദരഹിതമാം
ഉലച്ചുടഞ്ഞ ഓട്ടുമണികൾ
വർത്തമാനകാലത്തിൻ
ബാക്കിപത്രങ്ങളിൽ
തുന്നിക്കൂട്ടിയ ആകാശം
തുളസീവനകവിതയെഴുതും മനസ്സ്
അടരും മേഘത്തുണ്ടുകൾ പാറിനീങ്ങും
ചക്രവാളത്തിനരികിൽ
ഗ്രാമചിത്രമുറങ്ങും ബാല്യകുതുകം പോൽ
കളിമുദ്ര മറന്നൊരരങ്ങിൽ
കവിതയെഴുതാനിരിക്കും
കാറ്റിൻ സംഗീതം...
നനഞ്ഞ മണ്ണിൽ കാല്പദങ്ങൾ പതിയും ശബ്ദം
കാലത്തിൻ തേരോടും തീരങ്ങൾക്കരികിൽ
തിരയേറ്റത്തിലും ചലിക്കാനാവാതെ
ശിലാരൂപമാർന്ന ഓർമ്മകൾ..


No comments:

Post a Comment