Thursday, February 27, 2014

February 28, 2014
IST 10.30 AM
Friday


ഇതളടർന്ന സ്വപ്നങ്ങളുടെ
ഇലച്ചാർത്തിൽ
മഴപൊഴിയും മൊഴിയിൽ
പാതിയെഴുതിയ ലോകസ്മൃതിയിൽ
പകുത്തിട്ട മനസ്സിൽ
അന്ധരഗാന്ധാരങ്ങളിൽ
അവിശ്വസനീയമാം കഥകളിൽ
ആന്ദോളനങ്ങളിൽ
സമുദ്രലയം തെറ്റിയ തീരങ്ങളിൽ
ചിതറിവീണ മൊഴിയിൽ
നനവായൊരു ദിനം...
പകലോരങ്ങളിലൂടെ
പലതും പറഞ്ഞുനീങ്ങുമാൾക്കൂട്ടത്തിനരികിൽ
നിഴലിനോട് പൊരുതിയുടഞ്ഞ അക്ഷരങ്ങൾ
മുഖം ദർപ്പണഛായയിൽ നിന്നകലുന്നു
അന്തരംഗമൊരു ധ്യാനമണ്ഡപമാകുമ്പോൾ
ചുമരുകൾ ചുറ്റിയോടുന്ന
ഗ്രഹങ്ങൾ ജപമുത്തുകളാകുന്നു...

Wednesday, February 26, 2014

 February 27, 2014
IST 9.47 AM
Thursday


നനുത്ത സന്ധ്യയിൽ നിന്നും
പ്രഭാതത്തിലേയ്ക്കുള്ള ദൂരം
നക്ഷത്രങ്ങളായ്
അനേകമനേകം പ്രകാശവർഷങ്ങളായ്
ലോകലോകങ്ങൾ കടന്ന്
മിഴിയിലൊളിച്ചു
പവിഴമല്ലിയിതളിൽ മാർഗശീർഷമായ്
സ്വരമായുറഞ്ഞ ദിനങ്ങൾ
മൊഴിപകുത്താരണ്യകങ്ങളിലൂടെ
കടൽ മുനമ്പും കടന്നൊരു മണൽത്തിട്ടിൽ
കല്പനകളെഴുതി
കടം വാങ്ങിയ ശോകങ്ങൾ
ഹൃദ്സ്പന്ദനലയമുലച്ചൊടുവിൽ
കാവ്യമായ് പുനർജനിമന്ത്രമായ്
രുദ്രാക്ഷങ്ങളായ്..
പ്രദോഷമൊരു വില്വപത്ര കീർത്തനമെഴുതിയ
സായം സന്ധ്യയിൽ നിന്നും നടന്നെത്തിയ
പൂർവസന്ധ്യയിൽ അഭിഷേകതീർഥം
പോലൊരു ഭൂമിഗീതം

February 26, 2014
IST 10.51 PM

Tuesday, February 25, 2014

February 26, 2017
IST 11.41 AM
Wednesday
 February 25, 2014
IST 11.07 AM
Tuesday



മിഴിയിലെ ലോകം
ഭൂപടം നീർത്തിയ വഴിയിൽ
തളിരിട്ട കവിത
ഇലച്ചാർത്തിനൊരിതളിൽ
മഴയൊഴുകിയ വർഷ ഋതുവിൽ
രാഗമാലികയിൽ
നിറഞ്ഞുതുളുമ്പിയ സ്വരങ്ങൾ
തുമ്പപ്പൂവിതളിൽ
ശുഭ്രാകാശം കണ്ടെഴുതിയ
മൊഴിപോലെ
മനസ്സിൽ നിറയുമക്ഷരങ്ങൾ
പ്രാചീനപുരാണങ്ങളിൽ
ധ്വനിയിട്ടുണരും
ഭൂപാളസ്വരങ്ങൾ..
മനസ്സിനും കവിതയ്ക്കുമിടയിൽ
ശ്രുതിയിടും ഹൃദ്സ്പന്ദനങ്ങൾ...

Sunday, February 23, 2014

 February 24, 2014
IST 9.33 AM
Monday



മഴയെഴുതിയ കവിതയിൽ
ഹൃദയസ്പന്ദനലയം
കച്ചോലവും കൈയന്യവും
സുഗന്ധ്യമേകിയ പാതയോരത്ത്
ദശമലരുകൾ താലമേന്തിയ
നിലവിളക്കിൻ മുന്നിൽ
അനലംഘ്രതമായ മനോഹാരിതയുമായ്
ഗ്രാമം
ഗോപുരങ്ങളിലെ പ്രതിമകളിൽ
പ്രതീകാത്മകമാം ചിമിഴുകൾ
കല്പനകളിൽ ദേവദാരുക്കൾ വിടരും
പ്രഭാതരാഗങ്ങൾ
രാഗമാലികയിലെ  ജന്യസ്വരങ്ങൾ പോലെ
ലോകമളന്നുടഞ്ഞതിരുകളായ് വളർന്നേറും
അസ്വസ്ഥഗാനങ്ങൾ
പെയ്തുതീരുമൊരു വർഷകാലത്തിൻ
അതിദ്രുതവിളംബങ്ങളിൽ
വിഷാദവിലാപകാവ്യങ്ങളെഴുതിനീങ്ങും
യുഗങ്ങളിൽ
കൽക്കെട്ടിലൂടെ പ്രദക്ഷിണവഴിയിലൂടെ
അരയാലും ചുറ്റി അക്ഷരങ്ങൾ തൂവുന്നു
തീർഥം പോലെ മനസ്സിലൊരു മഴ....
February 23, 2014
IST 11.21 PM
Sunday


കടലിനരികിലൊഴുകും
അക്ഷരങ്ങളിലാകൃതിനഷ്ടമായ
അദൃശ്യദൃശ്യത
എഴുതിതീരാതെ ഗ്രന്ഥശാലകളായ് വളരും
യന്ത്ര ഇതളുകൾക്കരികിൽ
അവധിക്കാലം പോലെ
മാമ്പൂക്കൾ വിരിയും
വൈശാഖം പോലെ
മൊഴിയായി മാറും കവിത
കനലോരങ്ങളിൽ
മനസ്സ് നീറ്റിയ ഉലത്തീയിൽ
ശരത്ക്കാലനിറമാർന്ന സ്വർണ്ണതരികൾ
കടഞ്ഞുലഞ്ഞ ഹൃദയമേ
മുദ്രാങ്കിതമാം സന്ധ്യാസ്വരങ്ങളിൽ
ഇലയനക്കങ്ങളാകും കാറ്റിൽ
കീർത്തനങ്ങളുണരുന്നതും കണ്ട്
നടക്കാം തീരമണലൂടെ

Saturday, February 22, 2014


February 23, 2014
IST 9.19 AM
Sunday


ഇലച്ചാർത്തുകളിൽ ഗ്രാമം നെയ്ത  കവിത
കൈവിരൽതുമ്പിലെ സുഗന്ധമായൊഴുകിയ ബാല്യത്തിനും
നഗരം മനസ്സിൽ ചിന്തേരിട്ട  മണൽസ്തൂപങ്ങൾക്കുമിടയിൽ
നഷ്ടമാകും സ്വപ്നയാഥാർഥ്യങ്ങളിൽ
മിന്നലടർതൂവി മഴക്കാലവും, പലേ ഋതുക്കളും കഥകളെഴുതും
സംവൽസരങ്ങളിൽ,
പലേ ആകൃതിയാൽ ദൈവത്തിനായ് പണിതുയർത്തിയ
ദേവാലയങ്ങളിൽ
പാതകൾ വളർന്നേറി രാജ്യം ചുറ്റിവരും പുരോഗതിയിൽ
അധിവേഗഗതിയുമായ് നീങ്ങുമാൾക്കൂട്ടത്തിൽ
പ്രകാശവേഗത്തിലോടും മനസ്സേ
തുലാഭാരത്തട്ടിൽ നിന്നടർന്നുവീണൊരക്ഷരങ്ങൾ
മൊഴിയെഴുതിയെഴുതിനിറഞ്ഞ കടൽ മുനമ്പിൽ
പ്രകാശമാനമാകും ധ്യാനസന്ധ്യകളിൽ
സങ്കീർത്തനമന്ത്രമെഴുതുന്നുവോ ചക്രവാളം..
February 22, 2014
IST 11.09 PM
Saturday

താരാപഥങ്ങൾ തേടി
നിഴൽ മായും സന്ധ്യയിൽ
വിളക്കുമായിരുന്ന ഋതുക്കളിൽ
എഴുത്തക്ഷരങ്ങൾ മണൽപ്പരപ്പിൽ
വളർന്നൊഴുകിയ പ്രാചീനമാം
താളിയോലകളിൽ തപസ്സിലാണ്ട മനസ്സേ
നിലവിളക്ക് തെളിയിച്ചുണരും
പുലർകാലമന്ത്രത്തിനടർന്ന മുത്തുകളിൽ
പ്രദോഷകാലത്തിൻ വില്വദലം കണ്ട്
ആദിപാദമൂലം തേടിയനശ്വരതവരെയെത്തിയ
യുഗസങ്കല്പങ്ങളിൽ,
പുരാണങ്ങളിലൊഴുകും
ആത്മസത്യങ്ങളിൽ
നെരിപ്പോടുകളിൽ തീപുകഞ്ഞേറിയ
നീറ്റലുകളിൽ
ശിരസ്സിലോടും ദിഗന്തനാദങ്ങളിൽ
ശബ്ദായമാനമായ തീരങ്ങളിൽ
ശംഖുകളിൽ കവിതയൊഴുകുന്നതും കണ്ട്
 മുനമ്പിനരികിലിരുന്ന ശരത്ക്കാലഹൃദയം
കടംകഥകളിൽ കുരുങ്ങിയൊരു
മേഘസായാഹ്നവും കടന്ന്
സായന്തനസ്വരമായി...

Friday, February 21, 2014




February 21, 2014
IST 8.58 PM
Friday


മഴയൊഴുകിയ വഴിയിലും
അരുളപ്പാടുകളിലും
കടലൊഴുകിയ ശംഖിലുമായൊഴുകി
കവിതയിലുറഞ്ഞ മനസ്സേ
കനത്തമഞ്ഞുപുകയിൽ
നക്ഷത്രനുറുങ്ങുതിളക്കം
മിഴിയിലേറ്റിയൊരിടവേളയിൽ
ഭൂഗാനത്തിലലിഞ്ഞ ഹൃദയമേ
ഒരോ ഋതുവിലും വിടർന്നുകൊഴിയും
സ്വപ്നങ്ങൾ, പൂവുകൾ,
ദലമർമ്മരങ്ങൾ, ആകാശതുണ്ടുകൾ
ചേർന്ന ഗ്രാമകവിതയുടെ
അക്ഷരങ്ങളുണരുന്ന
പ്രഭാതങ്ങളിൽ
പുണ്യതീർഥം തൂവും പ്രകൃതിയുടെ
പ്രദീപ്തസ്വരമായാലും...

Thursday, February 20, 2014

February 21, 2014
IST 10.36 AM
Friday



കനലുടഞ്ഞുതീർന്ന പകലോരത്തിൽ
പ്രഭാതം നീർത്തിയ മൃദുപദങ്ങൾ
ആലിലയനക്കമായി
ഗ്രാമസന്ധ്യാനിറമാർന്ന
അശോകപ്പൂവിതളിൽ ഭൂമിയെഴുതിയ
ശരത്ക്കാലസ്വരങ്ങൾ
ഉൾക്കടലിലൊഴുകിനീങ്ങി..
ആമലികയ്ക്കുള്ളിലെ
കയ്പും മധുരവുമേറ്റി
ആവരണങ്ങളില്ലാതെ
ഹൃദയമെഴുതി
ഹൃദയമുടഞ്ഞ വരികളെ
മനസ്സ് നിഗൂഢഗുഹകളിലൊളിപ്പിച്ചും
മനസ്സിനും ഹൃദയത്തിനുമിടയിലൊഴുകിയ
അക്ഷരങ്ങൾ സ്വസ്ഥവുമസ്വസ്ഥവുമായ
രൂപകല്പകനകളിലൂടെ
ഒലിവിലകളെയും, ഓർമ്മപ്പിശകുകളേയും
ഒളിയസ്ത്രങ്ങളെയും, നിഴലുകളെയും
തീവ്രമൊഴികളെയും
നീറ്റിയൊടുവിൽ
കടൽശംഖുകളിലേറ്റി..
സമാന്തരങ്ങളിലൂടെ ദിശകൾ മാറ്റിയ
വഴിയോരത്തെ തണൽ മരങ്ങൾക്കരികിൽ
ദിനങ്ങൾ നടന്നുനീങ്ങി...
 February 20, 2014
IST 10.48 PM
Thursday



എഴുതും മൊഴിക്കരികിൽ
ചുറ്റികപ്പാടുവീണ ചുമരിൽ
അനേകം ആധുനിക ചിത്രങ്ങൾ..
ഔഷധചഷകങ്ങളിൽ നോവുറങ്ങിയ
വേരുകൾ..
തിരികല്ലിൽ തിരിയും
ദിനങ്ങളിലടരും അനേകം
ഉത്തരമില്ലാത്ത ചോദ്യചിഹ്നങ്ങൾ
ഗ്രഹങ്ങൾ പോലെ ചുറ്റുമോടുന്ന
ഒരു ലോകം
ജാലകമടയ്ക്കുമ്പോൾ
മനസ്സു ശൂന്യമായതെന്തിനെന്ന്
ഹൃദയം ചോദിച്ചു
സ്പന്ദനലയത്തിൽ നിന്നും
കവിത മനസ്സിനെ മൂടി
വിരലിലൊരു സായാഹ്നരാഗം
ശ്രുതിയിട്ടുണർന്നു നീങ്ങിയ
സായന്തനത്തിൽ
സന്ധ്യാവിളക്കുമായ് വന്ന
നക്ഷത്രങ്ങൾ  കാവ്യസ്വരങ്ങളായി...

Wednesday, February 19, 2014

February 20, 2014
IST 10.43 AM
Thursday
February 19, 2014
IST 9.24 PM
Wednesday

കഥകളുറവകളായ്
നീർച്ചാലുകളായൊഴുകുന്നു
പകലിനിടയിൽ
സായാഹ്നതീരങ്ങളിൽ
സായന്തനവിളക്കിനരികിൽ
സങ്കീർത്തനമെഴുതും
ഭൂമിയ്ക്കരികിൽ, ചുമരിൽ
വന്നുവീഴുന്നു ബഹുവർണ്ണ
ഗ്രഹചിത്രചിമിഴുകൾ
സ്മൃതിപാതകൾ നിറഞ്ഞുതീർന്നിട്ടും
സംവൽസരങ്ങൾ നൂലുപാകി നീർത്തിയ
അധിവേഗനിമിഷങ്ങൾ
ജാലകവിരികൾക്കരികിൽ
വൃക്ഷശിഖരനിഴൽ മായും
സായംസന്ധ്യയിൽ
പ്രദ്ക്ഷിണവഴികളിലൂടെ
നടന്നെത്തിയ സമുദ്രതീരകവിതയിൽ
തുളുമ്പിവീഴുന്നത് തുടർക്കഥയിലെ
ചില്ലക്ഷരങ്ങളോ
ചിത്രത്തൂണിലെ ശിലാലിഖിതങ്ങളോ
ആഗ്രഹായനജപമന്ത്രങ്ങളോ
പ്രദോക്ഷരുദ്രാക്ഷങ്ങളോ?
അറിവില്ലായ്മയുടെയിടവേളയിൽ നിന്നുതിർന്ന
പകൽത്തരിവെട്ടത്തിൽ നീറ്റിയെടുക്കാം
മൊഴിയിലുണരും ദിനങ്ങളെ
ദിനാന്ത്യങ്ങളെ..

Tuesday, February 18, 2014

February 19, 2014
IST 11.44 AM
Wednesday
February 18, 2014
IST 11.32 PM
Tuesday


ദിനാന്ത്യകവിതയിൽ
ലോകം ചുരുങ്ങിയൊരു
ഭൂപടമായ്, സമുദ്രതീരമായ്
അതിരുകളായ്
അടയാളങ്ങളായ്
പാതകളായ് ചുമരിൽ
സമുദ്രമഹായാനങ്ങളിൽ
സ്വപ്നം കണ്ടുറങ്ങി
ദേശാടനപക്ഷിക്കൂട്ടം
ചക്രവാളം
സാന്ധ്യദീപതാരകങ്ങളിൽ
കവിതയെഴുതി
മിഴിയോരത്തൊഴുകിയ
മുനമ്പിനൊരു മൊഴുമുദ്രയേകി
ആകാശം..

Monday, February 17, 2014


February 17, 2014
IST 10.39
Tuesday


സ്വപ്നാടനം കഴിഞ്ഞെത്തിയ
പ്രഭാതമൊഴിയിൽ
തീർഥം തൂവിയ ദർഭാഞ്ചലത്തിനിടയിൽ
ഒരു തുളസിപ്പൂവിതൾ..
സമാന്തരങ്ങളിൽ ഹൃദയമെഴുതിയ
ഗ്രാമകവിതയിലുടക്കി ആകാശം..
വാർമുകിൽത്തുമ്പിൽ മാഞ്ഞ
നക്ഷത്രങ്ങളിലെ തിളക്കം മിഴിയിലേറ്റിയെത്തിയ
പൂർവാഹ്നതീരങ്ങൾ പകലിൻ പൊന്നുരുക്കി
കസവുപാകി കാവ്യബിന്ദുക്കളായ്...

പവിഴമല്ലിത്തോപ്പുകളിൽ
മകരമഞ്ഞുറഞ്ഞ ദിനശിഖരങ്ങളിൽ
പ്രാചീനപുരാണങ്ങൾ കൂടുകൂട്ടി...
നൂറ്റാണ്ടുകളുടെ നോവുകൾ
കഥയായ്, കവിതയായ്
നിഴലഴികളിൽ നിർമ്മമം നിന്നു...

 February 17, 2014
IST 11.42 PM
Monday


ചിത്രതേരിൽ
ഋതുക്കളെഴുതിസൂക്ഷിക്കും
കീർത്തനങ്ങളിൽ
നിന്നടർന്നുവീണ സ്വരങ്ങൾ
ഹൃദ്സ്പന്ദനലയമായി
രാഗമാലികയിൽ
സ്വരഭാവങ്ങൾ തേടിയ
ഹരിതവനങ്ങളിൽ
ചന്ദനസുഗന്ധമാർന്ന
കാവ്യങ്ങളുണരുന്നതും
സന്ധ്യാമൊഴിയിൽ
പ്രകാശമുണരുന്നതും
ദിനാന്ത്യക്കുറിപ്പിലേറിയ
ദിവ്യഭാവത്തിൽ
ആകാശത്തിലനേകകോടിതാരകൾ
ചുറ്റുവിളക്ക് തെളിയിക്കുന്നതും
കണ്ടൊരു സംഗീതമാർന്ന
ശിലാസ്തൂപങ്ങൾക്കരികിലൊഴുകി
മനസ്സ്.

Sunday, February 16, 2014

Fenruary 17, 2014
Monday
IST 9.15 AM

 ലോകമൊരു
ചുമർചിത്രമായ്
നിശ്ചലമായ പ്രഭാതത്തിൽ
ശുഭ്രമൊഴിയിലുണർന്ന
ചക്രവാളത്തിൽ
നക്ഷത്രങ്ങൾ സ്വർണ്ണവിളക്കുകളുമായ്
നടന്നുനീങ്ങി
പൂർവസന്ധ്യയിൽ വിടരും
പൂവുകൾക്കായ്
ഭൂമിയെഴുതി ഒരു കാവ്യം...
February 16, 2014
February 16, 2014
Sunday

Saturday, February 15, 2014

February 16, 2014
IST 9.25 AM
Sunday

February 16, 2014
IST 9.17 AM
Sunday

നിറഞ്ഞൊഴുകിയ
സമുദ്രഭാവമായ്
ശംഖുകളെഴുതിയ
തീരകാവ്യത്തിനരികിൽ
വിളക്കേന്തിനിന്നു സന്ധ്യ
മുനമ്പിനൊരു ഗാനമെഴുതും
ചക്രവാളത്തിനിതളിൽ
ആകാശമൊരു ചിത്രകമാനമായ്
ഗ്രാമനഗരങ്ങൾക്കിടയിൽ
പാതകൾ വളർന്നേറി
ആൽമരച്ചുവടും കടന്നൊരു
ദിനാന്ത്യത്തിൻ ശിലാഫലകങ്ങളിലൂടെ
പലവഴി പിരിഞ്ഞുപോയി...

Friday, February 14, 2014

ഫെബ്രുവരി 15, 2014
IST 8.57 AM
Saturday


ജാലകവാതിനരികിലെ
വൃക്ഷശിഖരങ്ങൾക്കിടയിലൂടെ
ആകാശമെഴുതിയ കവിതയിൽ
മനസ്സുണരും പൂർവസന്ധ്യയിൽ
അമ്പലമണികൾ മുഴങ്ങും
ഗ്രാമത്തിലെഴുത്തുപുരയിൽ
ഉരുളിയിലരിയിട്ടെഴുതിയ
അക്ഷരങ്ങൾ ബാല്യം പോലെ
നിറഞ്ഞുതുളുമ്പും സ്മൃതി
വെൺപൂവുകൾ വിരിയും
ശുഭ്രമൊഴിയിൽ
നിന്നാകാശവാതിലിലൂടെ, 
ലോകലോകങ്ങളിൽ,
ഗ്രഹലയങ്ങളിൽ മനസ്സുതൊട്ടെടുത്ത
മൃദുസ്വരങ്ങൾ
ഭൂഗാനമായി മുന്നിൽ..



ഫെബ്രുവരി 14, 2014
 IST 11.58
Friday





പ്രാർഥനാനിർഭരമായൊരു സന്ധ്യയിൽ
പുരാതനമാമൊരു സർഗം
ഇതൾ വിരിയും നാലുമണിപ്പൂക്കൾക്കൊപ്പം
ഈറനുണങ്ങിയ ഇലച്ചീന്തുകൾ
വഴിനടന്നൊടുവിലെത്തിയ
വൃക്ഷശിഖരങ്ങളുടെ തണലൊഴുകും
ഗ്രാമവീഥിയിൽ നഗരം നടന്നുനീങ്ങുന്നു
ഇടവേളയുടെ സ്മൃതിയിൽ
ഇലപ്പടർപ്പുകൾക്കിടയിലെയാകാശം
ജപമാലയിലെ മുത്തുകൾക്കിടയിൽ
സങ്കീർത്തനഭാവമാർന്ന മുനമ്പ്...

Thursday, February 13, 2014

ഫെബ്രുവരി 14, 2014
IST 10.38 AM
Friday

കടലോരസന്ധ്യയിലൊഴുകിയ ശംഖുകളിൽ
മുനമ്പിന്റെ സംഗീതം
വൈദ്യുതദീപങ്ങൾ പ്രകാശമാനമാക്കിയ
നിരത്തിലൊരു നിർമ്മമത്വം
ക്ഷേത്രമതിൽക്കെട്ടിനരികിൽ
തിരിതാഴ്ത്തിയ ദീപങ്ങൾ
ഗ്രാമം വളർന്നേറിയ
ആൽമരച്ചില്ലയിൽ
ശാന്തിമന്ത്രം ചൊല്ലിമടങ്ങിയ
നിഴൽപ്പാടുകൾ
ബ്രാഹ്മമുഹൂർത്തം മന്ത്രം ചൊല്ലിയ
പ്രഭാതവിളക്കിൽ
രത്നഖചിതമാം നക്ഷത്രതിളക്കം
ആത്മാവിന്റെ ഗാനങ്ങളിൽ
മഞ്ഞുരുകിവീണ നീർക്കണങ്ങൾ
സമുദ്രസ്നാനം ചെയ്തുണരും
ഹൃദ്സ്പന്ദനങ്ങളിൽ,
എഴുതും മണൽത്തരികളിൽ
ആദിവിദ്യയുടെ സുഗന്ധം..
ഫെബ്രുവരി 13, 2014
IST 9.51 PM
Thursday

സ്വരങ്ങളുടഞ്ഞ മൺകുടങ്ങളിൽ
നിന്നുണരും മനസ്സേ
മഹായാനങ്ങളിൽ യാത്രയാവും
ഉൾക്കടൽചിത്രങ്ങളിൽ
സാന്ധ്യചാക്രവാളം തെളിയിക്കും
നക്ഷത്രങ്ങൾ
രാശിക്കൂടിൽ ദിനങ്ങളടർന്നുവീണു
ഗ്രഹച്ചിമിഴുകൾ നിറഞ്ഞൊഴുകിയ
സംവൽസരങ്ങളിലെഴുതിയ
മൊഴിയിൽ നിറഞ്ഞു
ഹൃദ്സ്പന്ദങ്ങൾ

Wednesday, February 12, 2014

ഫെബ്രുവരി 13, 2014

IST 10.04 AM
Thursday

തീരങ്ങളിലൂടെ നടന്നെത്തിയ
പ്രഭാതത്തിനൊരിതളിൽ
പോയകാലത്തിലെന്നോയെഴുതിയ
ശരത്ക്കാലഗീതമൊഴുകിനടന്നു
ദയവറ്റിയൊരിടവേളയിൽ
പുകഞ്ഞ മനസ്സിനൊരു താളിൽ
കരിപുരണ്ടുകിടന്നു നിഴൽപ്പാടേറ്റിയ മുറിവ്
പറഞ്ഞുതീരാത്തത്രയും
ഇസങ്ങളും, ഇതിഹാസങ്ങളും
ചരിത്രവുമുലച്ച
ദിനസർഗങ്ങളിൽ, ഹൃദ്സ്പന്ദനങ്ങളിൽ
ശുദ്ധികലശം ചെയ്തെടുത്ത കവിതയിലെ
അമൃതവർഷിണിസ്വരങ്ങൾ നിറഞ്ഞൊഴുകി
മനസ്സിന്റെ തീർഥയാത്രയിൽ
സമുദ്രവും തീരങ്ങളും മുനമ്പും
പ്രഭാതത്തിൻ ജപധ്യാനഭാവങ്ങളായി..
ഫെബ്രുവരി 12, 2014
10.33 PM
Wednesday...


ഋതുക്കൾ വഴിപിരിഞ്ഞുപോയ
ഇടവഴിയിൽ
മഞ്ഞുകണങ്ങൾ മാഞ്ഞുപോവുകയും
കനൽവെയിലെരിയുകയും
മഴത്തുള്ളികൾ പെയ്തൊഴിയുകയും
ശരത്ക്കാലഭൂമിയിലൂടെ
ഇലപൊഴിയും കാലവും
കടന്നൊരു പ്രഭാതം വീണ്ടുമുണരുകയും
സംവൽസരങ്ങൾ കണ്ടുതീർന്ന
ശംഖിനുള്ളിലൊരു കടലിരമ്പം
കേൾക്കുകയും
മുനമ്പിലൊഴുകിയ മനസ്സിൽ
കവിതയുണരുകയും ചെയ്തു..
അതിനരികിലെവിടെയോ
ലോകം തിരിയുകയും
അതിരിനരികിൽ
ചുറ്റുവലയങ്ങളായ്
ഗ്രഹങ്ങളൊഴുകുകയും
നീർക്കണങ്ങൾ പോലെ
ദ്വീപുകളുണ്ടാവുകയും
ദിനാന്ത്യക്കുറിപ്പിൽ
നിഴൽപ്പൂവിരിയുകയും
ഹൃദയനോവുകളിൽ
സ്വരങ്ങളമൃതുതൂവുകയും
വിരലിലക്ഷരങ്ങൾ വിസ്മയപ്പൂക്കളായ്
വിടരുകയും ചെയ്തു
പിന്നീടതേ അക്ഷരപ്പൂവുകൾ
പ്രഭാതങ്ങൾക്കും
സായാഹ്നങ്ങൾക്കും
ഹൃദ്സ്പന്ദനങ്ങൾക്കും
കൂട്ടായിരുന്നു...

Tuesday, February 11, 2014

 February 12, 2014
IST 10.49
Wednesday



സന്ധ്യകളുറങ്ങിയുണർന്ന
സമുദ്രപ്രഭാതങ്ങളിൽ
ലോകം ചുറ്റിയോടും
വർത്തമാനകാലതീരങ്ങളിൽ
ഗ്രഹങ്ങളാകും പാർപ്പിടങ്ങളിൽ
പകുതിയെഴുതിയ കഥയിൽ
ഗ്രാമകാവ്യങ്ങളിൽ
തണുപ്പുറഞ്ഞുതീരുന്നു
ആകാശമൊഴിയിൽ
അധികമായ അഗ്നിയിൽ കടഞ്ഞ
അക്ഷരങ്ങളിൽ
ശ്രുതിയിടും കാവ്യസ്പന്ദങ്ങളിൽ
ഭൂകാന്തങ്ങളിലലിയും കാവ്യസ്വരങ്ങളിൽ
സ്പന്ദിക്കുന്നു ഹൃദയം...
ഫെബ്രുവരി 11, 2014
IST 10.57 PM
Tuesday

ഇതളടർന്ന മനസ്സിൽ
ഒരോർമ്മതെറ്റ്
പുസ്തകത്താളുകളിൽ
പുരാണങ്ങൾ
എണ്ണച്ചായാചിത്രമെഴുതിയ
ചിത്രകമാനങ്ങൾ
നെരിപ്പോടുകൾ
തണുപ്പാറ്റിയ സായാഹ്നങ്ങളിൽ
ശബ്ദരഹിതമാമൊരു കവിതയായി
മുനമ്പിലെ ജപമണ്ഡപം
കൽക്കെട്ടിലൂടെ കാവിചുറ്റിനീങ്ങിയ
അവധൂതന്മാർക്കിടയിൽ
ഭൂമിയെഴുതി
ഒരു സായന്തനകാവ്യം...

Monday, February 10, 2014

 February 11, 2014
IST.10.34 AM
Tuesday


വെയിൽപ്പക്ഷികളായ്
നിഴൽപ്പൊട്ടുകളായ്
ദിനങ്ങളോടിയ വഴിയിൽ
മിഴിയിലൊരു സ്വപ്നത്തരിയിൽ
കവിതയുണരുന്നതും കണ്ടിരുന്നു ഭൂമി
ഇടനിലങ്ങളിൽ മഴയും
മഴക്കാലപ്പൂവുകളും വിരിയുകയും
കൊഴിയുകയും, വീണ്ടുമുണരുകയും
വയലേലകളിലൂടെ ഗ്രാമമൊരു
മൃദുസ്വരമായുണരുകയും ചെയ്തനാളിൽ
ആഭരണചെപ്പിനുള്ളിൽ
കാവ്യസ്പന്ദം പോലെ
അക്ഷരങ്ങൾ നിറഞ്ഞൊഴുകി...
February 10, 2014
IST 11.45 PM
Monday




മനസ്സേറ്റിയ സമുദ്രത്തിൽ
ശംഖായൊഴുകി ഹൃദയം
ചക്രവാളം സന്ധ്യാവിളക്കായി മാറിയ
സായന്തനത്തിൽ
ആരണ്യകാണ്ഡം കഴിഞ്ഞെത്തിയ
പുരാണങ്ങൾ ധ്യാനത്തിലായി
മിഴിയിൽ മുനമ്പുറങ്ങിയ
ആകാശത്തിൽ നക്ഷത്രങ്ങൾ
ചിത്രവിളക്കുകളായ്
മൊഴിയുടഞ്ഞുണർന്ന
പദങ്ങൾ കവിതയായി...

Sunday, February 9, 2014

ഫെബ്രുവരി 10, 2014

IST 10.00 AM
Monday

ഇതൾവിരിയും  പൂവിലുറയും
നീർക്കണമായ്  ദിനങ്ങൾ നീങ്ങുമ്പോൾ
ജീവസ്പന്ദങ്ങളിൽ
കവിതതേടിയ ഗ്രാമമേ
കനൽതൊട്ടെഴുതിയ
അഗ്നിഹോത്രങ്ങൾ
സോമയാഗങ്ങൾ
അതിരാത്രവും മഴയും
ഇടവേളയായ്, ഋതുക്കളായ്
സംവൽസരങ്ങളായ് മാഞ്ഞുതീരുമ്പോൾ
 ഹൃദയം നീറ്റും അമൃതുതുള്ളികൾ
കവിതയായ് പുനർജനിക്കുന്നുവോ
 Februavary 9, 2014
IST 11.04 PM
Sunday



അടർന്നുവീണപകലിനൊരിതളിൽ
ആകാശമായിരുന്നു
സന്ധ്യാവിളക്കിൽ ദിനാന്ത്യമെഴുതിയ
വർത്തമാനകാലമൊഴിയിൽ
നക്ഷത്രങ്ങളുടെ ചിത്രപടം തിളങ്ങി
രാജ്യങ്ങൾ ഭൂപടങ്ങളിലേറ്റിയ
അതിർമതിൽചുമരിൽ
നിഴൽപെയ്തൊരഴൽ നീറ്റി
കവിതയെഴുതിയ മനസ്സിൽ
കടൽ
ദിനാന്ത്യരേഖകളുറങ്ങും
ഹൃദയത്തിൽ
പ്രദക്ഷിണവഴിയിലെ
ചന്ദനസുഗന്ധമാർന്ന തീർഥം..

Saturday, February 8, 2014

February 9, 2014
IST 10.29
Sunday



വിരലിലുരുമ്മിയ ആദ്യകവിത
പ്രഭാതമായിരുന്നു
ഗ്രാമം നടന്ന വഴിയിലീറൻ ചെപ്പിൽ
ദശപുഷ്പങ്ങൾ ചൂടി നിന്ന കവിത
നെൽപ്പാടങ്ങൾ നികന്ന വഴിയിലൂടെ
നഗരപാതയിലെത്തിയ

കവിതയിലാരവമേറി
ഋതുക്കളുടെ ശിരോകിരീടങ്ങളിൽ
അഗ്നിയും, പൂക്കളും, മഴത്തുള്ളികളും
പെയ്തിറങ്ങിയ നാളിൽ
കവിത ഹൃദ്സ്പന്ദനലയമായി..
ഫെബ്രുവരി 8, 2014
IST 11.03 PM
Saturday

വെൺശംഖുകൾ നീറ്റിയ
നീർതൂവിമായ്ച്ച ചുമരെഴുത്തുകൾ
വീണ്ടും വീണ്ടും നിറയും
ദിനാന്ത്യങ്ങൾ
വിസ്മയാവിസ്മയമായ്
സമാന്തരരേഖകളായ്
സമചിഹ്നങ്ങളായൊഴുകുമ്പോൾ
ഉറയും ഹൃദയമേ
ആൾക്കൂട്ടത്തിനിടയിലും
ആരവരഹിതമായൊരു
നിതാന്ത്യസത്യമായ്
അക്ഷരങ്ങൾ ഹൃദയത്തിലേയ്ക്ക്
രഥങ്ങേറി വരുന്നു
ദൃശ്യാദൃശ്യങ്ങളാം
യവനികച്ചുറ്റുകളിൽ
മാഞ്ഞുതീരും മുദ്രകൾ
എഴുത്തുപുരയിൽ
സന്ധ്യാവിളക്കിൻ നാളമായ്
നക്ഷത്രങ്ങൾ..

Friday, February 7, 2014

ഫെബ്രുവരി 8, 2014
IST 11.25 AM
Saturday


നിനവുകളാദിശോകമായ്
നിഴലനക്കങ്ങളിലൂടെ
നിർണ്ണയരേഖയിലൂടെ
നിസംഗതയിലൂടെ
നടന്നുനീങ്ങിയ പ്രദക്ഷിണവഴിയിൽ
തീർഥപാത്രങ്ങളുമായ് പ്രഭാതം
ആൽമരച്ചില്ലകളിൽ ഗ്രാമവും
നിഗൂഢവനങ്ങളിൽ പർണ്ണശാലകളും
ദീപക്കാഴ്ചകളിൽ
നിന്നകലും സായാഹ്നതീരങ്ങളും
മണൽത്തരിയെണ്ണിനീങ്ങും ദിനങ്ങളും
മൊഴിയിലുറയുന്നു
അന്തരഗാന്ധാരങ്ങളുടയും
ദർപ്പണചില്ലുകളിൽ
ഉടക്കിക്കീറിത്തുന്നിയ
ആകാശകവിതകൾ
ഫെബ്രുവരി 7, 2014
IST 10.30 PM
Thursday


ദേശപാതകൾ നീളും
രാജ്യത്തിലൂടെയോടിനീങ്ങിയ
ദിനങ്ങളിൽ മുദ്രകളായ്
പകൽത്തീരങ്ങളായ്
പാതിയെഴുതിയ പുസ്തകമായ്
 പാതയോരങ്ങൾ...
കൽശില പാകാതെ
കരമുദ്രപതിപ്പിക്കാതെ
പണിയായുധങ്ങളുമായ്
നീങ്ങുന്നവർ...
മഹാരഥർ...
പാതകൾ വിസ്മയമാക്കുന്നവർ...
പരവതാനികളില്ലാതെ
കസവുപുടവകളില്ലാതെ
പാതകൾ വളരുന്നു
വിശേഷലിഖിതങ്ങളില്ലാതെ
വിസ്മയമായ്...

Thursday, February 6, 2014

 February 7, 2014
IST 10.01 AM
Friday


ചുമരെഴുത്തുകൾ
നിസംഗദൈന്യമായ്
മാഞ്ഞുതീരും പ്രഭാതമേ
ആലയങ്ങളിൽ
ആതുരാലയങ്ങളിൽ
അറിവ് തീറെഴുതപ്പെടും
അവസ്ഥാവിശേഷങ്ങളിൽ
മൊഴിയൊതുക്കി വയ്ക്കാം...
നക്ഷത്രപ്രകാശമാർന്ന
മിഴിപൂട്ടിയിരിക്കാം...
കൽത്തേരുകളിൽ
നൂറ്റാണ്ടുകളുറങ്ങും
സ്മൃതിയിൽ
ഇടവേളകളായ് ഋതുക്കൾ...
ചില്ലുജാലകങ്ങളിൽ
കവിത ചിത്രമെഴുതുന്നു..
ദർപ്പണങ്ങളിലുടഞ്ഞുവീഴും
പ്രകാശത്തിനരികിലക്ഷരങ്ങൾ
പ്രഭാതത്തിനായ് വിളക്ക് വയ്ക്കുന്നു
പുസ്ത്കത്താളിൽ
പ്രപഞ്ചമൊരു സമുദ്രമാകുന്നു...
ഫെബ്രുവരി 6, 2014
IST 10.46 PM
Thursday


വിളക്കേന്തിയൊരു ചിത്രതൂണിനരികിൽ
വിസ്മയമായുണരും സന്ധ്യ
ദിനക്കുറിപ്പുകൾ തടം പാകിയ
പവിഴമല്ലിച്ചോട്ടിൽ
കരിയിലക്കിളികൾ
നെരിപ്പോടുകളിൽ തണുപ്പിറ്റിക്കും
മാഘമേഘങ്ങളിൽ
അനുഷ്ടാനകലകൾ പോലെയുണരും
മനസ്സിനെ നിസംഗമാക്കും
അനുസ്വരങ്ങൾ
അപരിചിതഗോപുരങ്ങളിലൂടെ
ആരവമാരതിയായ് പുകയും
ത്രിസന്ധ്യാവാതിലിലൂടെ
സ്പന്ദിക്കും ഹൃദയം
നടന്നുനീങ്ങുന്നു.
ഇലയെഴുത്തുകളായ്
ഈറൻ മഴത്തുള്ളികളായ്
ഇതളടരും കാവ്യഭാവം
സങ്കല്പങ്ങളുടെ ചിത്രകമാനത്തിൽ
എഴുതിമായ്ച്ചുതീരാത്ത
പ്രാചീനപുരാണങ്ങൾ
വിരലിലെ വിസ്മയക്കൂട്ടിൽ
അക്ഷരങ്ങളായ് പുനർജനിക്കും
ഹൃദയകാവ്യങ്ങൾ...

Wednesday, February 5, 2014

 February 6, 2014
IST 11.10 AM
Thursday


പ്രകൃതിസ്വരങ്ങളിൽ
അസ്ഥിരഗാനങ്ങളിൽ
പ്രഭാതമന്ത്രമായുണർന്ന
മനസ്സേ
നഗരങ്ങൾ ചുറ്റിയോടും
അദൃശ്യഭാവങ്ങളിൽ
അലങ്കാരങ്ങൾ തെറ്റിയ
പദവിന്യാസങ്ങളിൽ
ലയമുടയും തീവ്രശബ്ദങ്ങളിൽ
ഘനീഭവിക്കും ആകാശതീരങ്ങൾ
മൊഴിയുടക്കും കാല്പനികതയിൽ
മിഴിയിലേറും ഭൂമി
ഹരിതവർണ്ണമാർന്ന
കസവുചുറ്റിയ കവിതയായി
ഗ്രാമം നടന്നുനീങ്ങിയ വഴിയിൽ
ഹൃദയം സ്പന്ദിക്കും മൃദുലയം..
ഫെബ്രുവരി 5, 2014
IST 10.58 PM
Wednesday


ചിത്രകമാനങ്ങളിൽ സന്ധ്യ
അശോകപ്പൂവിതൾ വർണ്ണമായ്
നക്ഷത്രഖചിതദീപങ്ങളായ്
കവിതയായൊഴുകും മുനമ്പേ
കയ്പും മധുരവുമേറ്റും
ആമലികാഫലം പോൽ
ദിനങ്ങൾ നടന്നുനീങ്ങുമ്പോൾ
ഹൃദയമാം കവിതയിൽ
ഹൃദ്സ്പന്ദനസ്വരങ്ങളൊഴുകുമ്പോൾ
കടം കൊണ്ട ദു:ഖങ്ങൾ
മൊഴിയിലൊഴുകുമ്പോൾ
ദിനാന്ത്യത്തിനായൊരു
ശുഭശാന്തിമന്ത്രമെഴുതിയാലും

Tuesday, February 4, 2014

ഫെബ്രുവരി 5, 2014
IST 10.31 AM
Wednesday

മൊഴി പകർത്തിയ
മൃദുപദങ്ങളിൽ
അനന്തസമുദ്രങ്ങളിൽ
ഭൂപ്രദേശങ്ങളിൽ
ഒഴുകും ഗ്രഹങ്ങളായ്
ജീവതാരകൾ
ചിത്രത്താഴുടച്ച് ഹൃദയം
കാവ്യസ്പന്ദമായൊഴുകുമ്പോൾ
സ്മൃതിയിൽ പ്രഭാതമാകും
ആകാശം
നിനവുകളിൽ കസവുനൂൽചുറ്റും
മുനമ്പ്
തീരമണൽത്തരികളിലൊരു ശംഖ്
കടലിനാരവുമായ്
പശ്ചിമഘട്ടവും കടന്നെത്തും
കാറ്റുറയും മനസ്സ്..
കറുകപ്പുല്ലുകളിൽ
കരിന്തിരികത്തിയ ഹോമപാത്രത്തിൽ
മിഴിയിലെയൊരു മഴനീർത്തുള്ളി
വിരലിൽ കാവ്യഭാവമായ്
വിഭൂതിയിൽ മുങ്ങിയ
രുദ്രാക്ഷമുത്തുകൾ

Monday, February 3, 2014

ഫെബ്രുവരി 4, 2014
IST 10.40 PM
Tuesday

നിയന്ത്രിതവുമനിയന്ത്രിതവുമായ
രഥചക്രങ്ങളിൽ
ചുറ്റിത്തിരിഞ്ഞോടിയെത്തിയ
ആകാശഗോളങ്ങൾ
ജപമണ്ഡപത്തിനരികിൽ
അടർന്ന ഭൂഖണ്ഡങ്ങളുടെ
അസ്വസ്ഥനൊമ്പരങ്ങൾ
മനസ്സൊഴുകും പ്രകാശവേഗങ്ങളിൽ
ഋതുക്കളെ ചേർത്തൊഴുകിയ
കാവ്യസ്പന്ദങ്ങളിൽ
ഉറഞ്ഞ ഉൾക്കടലിൽ
ചക്രവാളങ്ങളിൽ
സമുദ്രതീരങ്ങളിൽ
വിരലിലുരുമ്മും അക്ഷരങ്ങളിൽ
ഉടഞ്ഞുമുലഞ്ഞും
സ്പന്ദിക്കും ഹൃദയം..
മൊഴിയിൽ മുദ്ര ചാർത്തും
ഉപദ്വീപിൻ മുനമ്പ്
ഏകാദശമന്ത്രമായ്
മനസ്സിലുണരും പ്രപഞ്ചം..
ഫെബ്രുവരി 4, 2014
IST 10.18 AM
Tuesday

ഇതൾവിരിയും പ്രഭാതമേ
ആകാശജാലകത്തിനരികിലിരുന്നെഴുതിയ
ആദ്യഗ്രാമകവിതപോലെ
പ്രദക്ഷിണവഴിയിലെ
മണൽത്തരിപോലെ
യവനികനീക്കിവരും ദിനങ്ങൾ
മന്ദാരങ്ങൾ വിരിയും ഉഷസ്സിൽ
മനസ്സിലൊഴുകുമുൾക്കടൽ
അർഥാനർഥങ്ങളുടെ
ദീർഘചതുരക്കളങ്ങൾ
ചുറ്റിയോടും ചില്ലുതരികൾ
ഭൂമിയെഴുതും
വ്യഥിതഗാനത്തിനൊടുവിൽ
നിരതെറ്റിയ നിമിഷചലനങ്ങൾ
പെൻഡുലങ്ങളിലോടും
സംവൽസരങ്ങൾ
പ്രാചീനഗ്രാമങ്ങളിൽ
പ്രതിഛായാനഗരങ്ങളിൽ
കവിത തൂവി നീങ്ങി
ഹൃദ്സ്പന്ദനങ്ങൾ...
ഫെബ്രുവരി 3, 2014
IST 10.46 PM
Monday



ഇരുപുറവുമെഴുതിനിറഞ്ഞ
ചുമരുകൾ
പട്ടങ്ങളായ് പറന്നുനീങ്ങും
ഋതുക്കൾ
കസവുനൂലിൽ കവിതയെഴുതി
കനൽപ്പാടങ്ങളും, കടൽക്കാറ്റുമേറ്റ്
മനസ്സിലുണരുമക്ഷരങ്ങൾ,
ഒലിവിലകളുലയും ഭൂചലനങ്ങൾ
അഗ്നിതൂവും അഗ്നിപർവതഗൂഢഭാവം
ആരൂഢത്തിലെഴുതിചുരുക്കി
തകിടിലേറ്റിയ ഒരുവരിക്കവിത
കെടാവിളക്കുകളിൽ
നക്ഷത്രങ്ങൾ മിഴിതുറക്കും
ആകാശത്തിനരികിൽ
ജപമന്ത്രമുത്തുകളിലൊരു സന്ധ്യ
പ്രപഞ്ചശംഖിലൊരു
പ്രണവം
സങ്കീർത്തനം പോൽ
പ്രതിഷ്ടാമന്ത്രം പോൽ
ഹൃദ്സ്പന്ദനങ്ങൾ...

Sunday, February 2, 2014

ഫെബ്രുവരി 3, 2014
IST 10.10 AM
Monday

പ്രപഞ്ചമൊരുസ്വപ്നമായ്
വിരൽതുമ്പേറി,
ആൽമരമായ് വളർന്നാകാശമേറി
ദിഗന്തമടർന്ന മുറിവിൽ
തട്ടിയുടഞ്ഞു
ഋതുക്കൾ ചുറ്റിയൊഴിഞ്ഞ
പൂർവാഹ്നമൊഴിയിൽ
മിഴിപൂട്ടിയുറങ്ങും നക്ഷത്രങ്ങൾ
വർത്തമാനകാലചിത്രകമാനങ്ങളിൽ
ഉറഞ്ഞ മഴക്കാലപ്പൂവുകൾ
ഉടഞ്ഞ സ്വപ്നക്കൂടുകൾ
ലക്ഷ്യം തെറ്റിയ മുകിൽപ്പാടുകൾ..
മുളംതണ്ടുകൾ..
മിഴിയിലൊഴുകും പകൽത്തരികൾ
എഴുതിയെഴുതി മുനയൊടിഞ്ഞ തൂലികകൾ
നിഴലോടും നിത്യസ്മൃതിയിൽ
നിർമ്മമാമൊരു നിഗൂഢതയിൽ
പ്രദക്ഷിണവഴിയേറും നിമിഷങ്ങൾ
ഫെബ്രുവരി 2, 2014
IST  6.55 PM
Sunday


ചുറ്റുവിളക്കുകൾ മിന്നിയാടും
പ്രദക്ഷിണവഴിയിലൂടെ
താഴികക്കുടങ്ങളിൽ നക്ഷത്രത്തിളക്കമേറിയ
സന്ധ്യയിൽ ക്ഷേത്രമതിൽക്കെട്ടിൽ
ഗ്രാമമുണരുന്നതും കണ്ടിരുന്നു ബാല്യം

കെയ്റോ, ഡമാസ്ക്സ്, ഗാസാ
ഇവയ്ക്കരികിലൂടെ
അസ്വസ്ഥഗാനമായ്, ആരവമായ്
വിപ്ലവനഗരങ്ങൾ

ഗ്രാമനഗരങ്ങൾക്കിടയിൽ
കസവുചുറ്റിയ ചന്ദനസുഗന്ധമായ്
ഹൃദയമായ്
കവിതയൊഴുകി

സത്യമിഥ്യകൾക്കിടയിൽ
തരംഗദൂരങ്ങൾക്കിടയിൽ
ദിഗന്തമുറിവുകൾക്കിടയിൽ
മിഴിനീർത്തുള്ളികൾക്കിടയിൽ
ശംഖിലൊഴുകി കവിതയുമായൊരുകടൽ


പദം തെറ്റിയ പല്ലവിയിൽ
സ്വരം തെറ്റിയ വീണാതന്ത്രികളിൽ
വിരൽചേർത്തെഴുതിയോരക്ഷരങ്ങൾ
അരയാലിലയിൽ
അന്തരഗാന്ധാരശ്രുതിയായുണർന്നു..

മിനുക്കിതേച്ച സ്വർണ്ണവർണ്ണമാർന്ന
വിളക്കിലുണർന്നു  കാവ്യഭാവമാർന്നൊരഗ്നി
മിഴിപൂട്ടിയിരിക്കും മനസ്സിനരികിൽ
മൃദുപദങ്ങളായൊഴുകി ഭൂമിഗാനങ്ങൾ..

Saturday, February 1, 2014

 ഫെബ്രുവരി 2, 2014
IST 10.19 AM
Sunday


വെൺതുമ്പപോലൊരാകാശമായിരുന്നു
ആദ്യകവിത
ശുഭ്രമൊഴിയിൽ, ശുഭ്രപ്രഭാതത്തിൽ
മനസ്സിൽ നിന്നുണർന്ന
മഴത്തുള്ളിക്കവിതകൾ
അഴിമുഖങ്ങളിൽ കടലേറിയുടഞ്ഞ
ശംഖുകളിലൂടെയൊഴുകി
ഉൾക്കടലും, ഹൃദ്സ്പന്ദനങ്ങളും
ഉലഞ്ഞുമുടഞ്ഞു ചില്ലുതരികൾ
പോലെയൊഴുകി കവിത
ചിന്തേരിട്ട ചുമരുകളിൽ
ഭദ്രമായ് സൂക്ഷിക്കാനാവാതെ
മുനമ്പിലെ സമുദ്രമായൊഴുകി
കവിത...
ഫെബ്രുവരി 1, 2014
IST 9.51 PM
Saturday

നക്ഷത്രപ്പൂവുകളാം സന്ധ്യകൾ
ചുറ്റിലോടും ഗ്രഹദ്രുതങ്ങൾ
ഓർമ്മതെറ്റുമിലത്താളങ്ങൾ
വിരലരികിൽ മൃദുപദങ്ങളാം
കവിത
ഹൃദയലയമൊരു വിസ്മയം
മനസ്സടച്ചുതഴുതിടും ജാലകങ്ങൾ
കനൽച്ചില്ലകളിൽ തണുപ്പാറ്റും
ദിനാന്ത്യങ്ങൾ
സന്ധ്യാവിളക്കിനരികിൽ
നൂറ്റാണ്ടുകളായിതിഹാസങ്ങൾ
തീർഥപാത്രങ്ങളിൽ
രുദ്രാക്ഷങ്ങളിലൊഴുകും
മൊഴി..
അക്ഷരങ്ങൾ....