Sunday, March 30, 2014

March 31, 2014
IST 9.58 AM
Monday



കഥ തീർത്തെഴുതിയ പകലോരത്ത്
ദിനങ്ങൾ ചുറ്റിയോടിയ സംവൽസരങ്ങളുടെ
താളിയോലകൾ
നഗരം ഗ്രാമത്തിലേയ്ക്ക് പകർന്നിട്ട
അതിശയകരമായ ആവലാതികൾ
മുളം കാടുകൾക്കപ്പുറം
കവിതയുണർന്ന ദേവദാരുക്കളിൽ
കല്പാന്തങ്ങളുടെ രുദ്രനടനം
മിഴിപൂട്ടിയുറങ്ങിയ സ്വപ്നങ്ങളുലഞ്ഞുടഞ്ഞ
സന്ധ്യാതീരത്തിൽ
നക്ഷത്രങ്ങൾ പകരും ചെറുവെളിച്ചം
മൊഴിയിഴയിൽ കസവുതുന്നി
വീണ്ടും പ്രഭാതമുണർന്നപ്പോൾ
സ്വപ്നങ്ങൾ അക്ഷരങ്ങളെ
വിരൽതുമ്പിലുപേക്ഷിച്ച്
പായ്ക്കപ്പലിൽ ഉൾക്കടലിലേയ്ക്ക്
യാത്രയായിരുന്നു
ഭൂഗാനങ്ങൾ പ്രകമ്പനമായ്
കടലിലുയർന്നൊടുവിൽ
മുനമ്പിൽ സമാധിസ്ഥമായി..

Saturday, March 29, 2014

 March 30, 2014
IST 10.05
Sunday


പ്രഭാതത്തിനിലച്ചീന്തിൽ ഗ്രാമം
പാതകളിൽ പലകൈവഴിയായ്
നീണ്ടുപോകും നഗരം
തണൽ മരച്ചില്ലയടർന്ന
പകൽച്ചൂടിൽ അക്ഷരങ്ങൾ
തൂവുമിത്തിരി കുളിർ
മിഴിയിലേറും പൂർവസന്ധ്യയിൽ
തട്ടിത്തൂകും ക്ഷീരസാഗരം
മൊഴിയുലഞ്ഞ സംവൽസരങ്ങൾ
ഏകതാരയിലെ ശ്രുതിയായി
തീരമണലിലെ ശംഖിനുള്ളിൽ
സമുദ്രസംഗീതമായൊഴുകുന്നു
മനസ്സിന്റെ തന്ത്രികളിൽ
അളന്നുതീരാത്തത്രയും സ്വരചിന്തുകൾ
ജന്യരാഗങ്ങളായ്
ദക്ഷിണസംഗീതമായ്
ഉദ്യാനങ്ങൾ
ഗ്രാമബാല്യം മറന്നിട്ട അക്ഷരങ്ങളിൽ
നിന്നുയർത്തെഴുനേൽക്കുന്നു
കവിത..

Thursday, March 27, 2014

 March 28, 2014
IST 10.29 AM
Friday



മഴകാത്തിരുന്ന പകലെരിയും കനലിൽ
മനസ്സിലൊഴുകി പെയ്യാതെ പോയൊരു മഴ
കടലുണർന്ന് പ്രഭാതം ചുറ്റിയ ചക്രവാളത്തിൽ
ലോകയാനങ്ങളിലുണർന്നു യാത്രാചിത്രങ്ങൾ
മുകലടർന്ന മേൽക്കോട്ടകളിൽ
ചന്ദനസുഗന്ധമാർന്ന പൂർവഗാനങ്ങളിൽ
ഋതുക്കൾ നടന്നുനീങ്ങിയ അടയാളങ്ങൾ
വിരലുറക്കിയ വിസ്മയക്കൂടുകളിൽ
കസവുചുറ്റിവന്നു കവിത
നടന്നുനീങ്ങുമ്പോൾ മൺ വിളക്കുകൾ
ഗ്രാമമായി, നെയ്യാമ്പലുകളായി
പഴയ ഓർമ്മയായി കത്തിയെരിഞ്ഞു
ഉറങ്ങിയുണർന്ന പ്രഭാതത്തിൽ
സ്വപ്നങ്ങൾ ചിത്രശലഭങ്ങളായ് പറന്നുമാഞ്ഞു
യാഥാർഥ്യം കവിതയ്ക്കുള്ളിലെ
നോവായി, നീർക്കണമായ്
മഴത്തുള്ളിയായ് കടലിലെയുപ്പായലിഞ്ഞു
മിഴിയെത്തും ദൂരെയൊഴുകി...

Monday, March 24, 2014

March 25, 2014
IST 11.37 AM
Tuesday


ചുമരുകളിലിടയ്ക്കിടയ്ക്ക്
ഓർമ്മപ്പെടുത്തലുണ്ടാവും
നിയന്ത്രിതവുമനിയന്ത്രിതവുമായ
നോവുകൾ യാത്ര ചെയ്യും പാതയിലൂടെ
അക്ഷരക്കൂടയുമായ് ഹൃദയം സ്പന്ദിക്കുന്നു..
ചില്ലുതരി വീണു മുറിഞ്ഞവയിൽ
ചിലത് കൂട്ടിമുട്ടിയുരസിയുണർന്ന
കടുത്ത വാക്കുകൾ പഴയ മനസ്സ്
എടുത്ത് നോക്കുന്നു
കാരിരുമ്പ് പോലെ ഭാരമുള്ള
കടുത്ത അക്ഷരങ്ങൾ...
ചുമരുകളിൽ നിറയുമനിഷ്ടങ്ങൾ
കാണാത്ത പോൽ നടക്കാനിന്നിഷ്ടം..
അധികഭാരമേറ്റിയൊരിക്കലുലഞ്ഞ
അക്ഷരക്കൂടയിൽ പൂവു പോൽ വിരിയും
വാക്കുകൾ നിറയ്ക്കുമ്പോൾ
ഹൃദയത്തിന് താങ്ങാനാവുന്ന മൃദുഭാരം..

March 24, 2014
IST 9.57 PM
Monday

അക്ഷരങ്ങളുടയും മനസ്സിൽ,
സ്വരങ്ങളടരും  വീണാതന്ത്രികളിൽ
ദിനാന്ത്യമുറങ്ങുന്നു..
മൊഴിയിൽ
ദിഗന്തമുറിവിൽ
സമുദ്രമുലയും തീരത്തിൽ
മിഴിപൂട്ടിയിരിക്കും
ഹൃദയനോവുകൾക്കരികിൽ
അസ്വസ്ഥചിത്രങ്ങൾ
നിഴലനക്കങ്ങൾ..
പിഞ്ഞിതുന്നിയ പതാകതുമ്പിൽ
പാതിയടർന്ന രാജ്യം
കൈവിരൽതുമ്പിലെ കവിതയിൽ
കടൽശംഖുകൾ
മണൽത്തീരങ്ങളെഴുതും
മുനമ്പിൻ ദിനാന്ത്യലിഖിതം
വഴിയിൽ പകൽ മാഞ്ഞുതീരുന്നു...

Friday, March 21, 2014

 March 21, 2014
IST 10.41 AM
Friday



ഇതൾ വിരിഞ്ഞ് കൊഴിയും പൂവുപോൽ
ഋതുഭേദങ്ങൾ
ഇലയനക്കങ്ങളിൽ
വെയിലെരിയും വഴിയിൽ
നിഴൽപ്പൊട്ടുകൾ
വൃക്ഷശിഖരങ്ങളിൽ
കനൽതുണ്ടുകൾ
ഗ്രാമമെത്തിയ നഗരപാതയിൽ
കവിതയുടെ കാരാഗൃഹങ്ങൾ
അഴിയുടഞ്ഞ കൂടുകളിലൂടെ
അക്ഷരങ്ങളൊഴുകുന്നു
മനസ്സിൻ സമുദ്രങ്ങളിൽ
ഉൾക്കടലിനിരമ്പം
ഭൂമിയുടെ പദലയം
ഹൃദയമേറ്റുവാങ്ങുന്നു
ജാലകമടച്ച് തഴുതിട്ട്
വാക്കുണരും വിരൽതുമ്പിൽ
മിഴിപൂട്ടിയുറങ്ങുന്നു കവിത
ഉണർത്തിയാലുടഞ്ഞേക്കും
സ്ഫടികം പോലൊരു സ്വപ്നം..

Friday, March 14, 2014

 March 15, 2014
IST 10.32 AM
Saturday


പകലിനൊരിതളിൽ
പൊൻ തരികൾ
വേനലവധിയിൽ
മാമ്പൂക്കളുമായ് ഗ്രാമം
ഒഴിവുകാലങ്ങളെഴുതിയ
അക്ഷരപ്പിശകുകൾ
കടൽ നീറ്റിയ ശോകമൊരു
ശംഖിൽ
തീരങ്ങളിലൂടെ നടന്നുകാണും
ചക്രവാളം
ചുറ്റുവലയങ്ങൾക്കുള്ളിൽ
അക്ഷരങ്ങളുടെ മതിലുകൾ
ആത്മഗാനസ്വരം
പ്രഭാതസോപാനത്തിൽ
ചന്ദനസുഗന്ധമാർന്ന
കീർത്തനങ്ങളിൽ
ഒരുണർത്തുപാട്ടിനീണം
നാദവാദ്യങ്ങളിൽ
ഭ്രമണലയം
രുദ്രതീർഥത്തിൽ
ലോകാലോകം ചുറ്റിയ
മനസ്സിന്റെ തീർഥാടനം
March 14, 2014
IST 10.48 pm

Tuesday, March 11, 2014

 March 11, 2014
IST 9.30 PM
Tuesday


ഇതളടർന്ന സന്ധ്യയിൽ
ഇലച്ചീന്തിലൊരീറൻമഴതുള്ളി...
കവിതയും സ്വപ്നവും
കലഹിച്ചുതീർന്ന
ഗ്രാമത്തിനകത്തളത്തിൽ
കനൽപ്പാടുകൾ..
മൊഴിയിഴയിൽ
പശ്ചിമാംബരകവിതകൾ..
അക്ഷരമുടക്കിയ വിരലിൽ
ആഗ്നേയാസ്ത്രമുറിവുകൾ..
ഇടവേളകളിലൂടെ
ഈറൻ പ്രഭാതങ്ങളിലൂടെ
ഋതുക്കളിലൂടെ
എഴുതിയൊഴുകിയ ദിനങ്ങളിൽ
ആകാശത്തിന്റെയാർദ്രസങ്കല്പം...
മിഴിയിലെ വിശ്വസങ്കല്പം
കാവ്യഭാവമായ് ഹൃദ്സ്പന്ദനമായ്
മഴക്കാലപ്പൂവുകളായ് വിടരും
മനസ്സ്...

Tuesday, March 4, 2014


 March 4, 2014
IST 11.18 PM
Tuesaday



മിഴി തുറന്നെത്തും സ്വപ്നങ്ങൾ
കവിതയായൊഴുകും പ്രഭാതങ്ങൾ
പാതിനീർത്തിയ ഭൂപടത്തിൽ
അതിർ വേലികെട്ടും അധീശ്വത്വം
പുരാണങ്ങൾ പടർന്നുപന്തലിക്കും
അരയാൽത്തറയിൽ
നിഴലെണ്ണി മാഞ്ഞുതീർന്ന സംവൽസരങ്ങൾ
മനസ്സോടിയൊടുവിൽ
തിരിച്ചെത്തിയ അന്തരംഗത്തിൽ
അനശ്വരഗാനങ്ങൾ തേടും
സ്വരങ്ങൾ
ഗ്രാമമെഴുതും നിത്യകവിതകളിൽ
നിർമ്മമായൊരു സർഗം
ഭൂഹൃദയസ്പന്ദങ്ങൾ...

Monday, March 3, 2014

 March 3, 2014
IST 11.36 PM
Monday


ചിത്രകമാനത്തിനും മനസ്സിനുമിടയിൽ
അസ്വസ്ഥഗാനങ്ങളുടെ സ്വരഭാവങ്ങൾ
അക്ഷയപാത്രത്തിലക്ഷരം തേടും
പൂർവസന്ധ്യകൾ
മിഴിയിലൊരാൽമരമായ് വളരും
ഗ്രാമം
തണൽത്തീരങ്ങളിൽ വെയിൽ വീണുരുകിയ
പുൽനാമ്പുകളിൽ ഇന്ന് പെയ്ത
തൂമഴത്തുള്ളികൾ
അമൃതിൽ തൊട്ടെഴുതിയ
ആദ്യക്ഷരം വിരൽതുമ്പിൽ
ആകാശസന്ധ്യയിൽ
മൃദുപദം വച്ചെത്തും നക്ഷത്രങ്ങൾ
പ്രകീർത്തനങ്ങൾക്കും
സങ്കീർത്തനങ്ങൾക്കുമിടയിൽ
ഹൃദ്സ്പന്ദനങ്ങൾ...

Saturday, March 1, 2014

 March 2, 2014
IST  9.38 AM
Sunday


നടുത്തളത്തിൽ ധ്യാനമാർന്നിരുന്നു
കവിതയുടെ ജപമുത്തുകൾ
മൊഴിയടർന്നൊരു കനൽത്തരിയായ്
ആദിശോകങ്ങളായ്
കാലപ്രമാണങ്ങളായ്
രഥവേഗമായ്
സംവൽസരങ്ങളായ്
പുരാണങ്ങളിലെവിടെയോ
അക്ഷരചിത്രങ്ങളായ്
മനസ്സിൽ നോവുകൾ തുള്ളിതുളുമ്പി
തീർഥമായൊഴുകി ശുദ്ധികലശം ചെയ്ത്
ഹൃദ്സ്പന്ദനങ്ങൾ
ഉൾക്കടലിലേയ്ക്കൊഴുകി
കാണാകുന്ന ദൂരത്തൊക്കെയും
ചക്രവാളം പ്രഭാതത്തിനായ്
സ്വസ്ഥവുമസ്വസ്ഥവുമാം
സ്വരങ്ങൾചേർത്തൊരു
രാഗമാലികയെഴുതി..

March 1, 2014
IST : 8.20 PM
Saturday


സമുദ്രതീരത്തിലെ
മണലെഴുത്തുകൾ
ചുമർചിത്രങ്ങളായ്
തണൽ മരങ്ങളിലപൊഴിയും
കാലവും, കനലെരിയും
കർപ്പൂരാരതിയും,
കടം കഥകളുമായ്
നടന്നുനീങ്ങിയ സംവൽസരങ്ങളിൽ
അഴിമുഖങ്ങളിൽ
അഴികളിൽ
ആത്മഭാവങ്ങളിൽ
ആഴിനീറ്റിയ ആലയങ്ങളിൽ
ആലിലയനക്കത്തിൽ
തുള്ളിത്തുളുമ്പിയ
അക്ഷരചിന്തുകൾ
തുടർക്കഥയെഴുതിയുടഞ്ഞ
ചില്ലുചഷകത്തിൽ
ബാക്കിയായതുണ്ടുകൾ
തുമ്പപ്പൂനിറമാർന്ന സ്വപ്നമൊരു
കവിതയായ് മിഴിയിലൊളിച്ച നാളിൽ
നക്ഷത്രങ്ങൾ കുത്തുവിളക്കുമായ്
മനസ്സിലൊഴുകി...