Wednesday, April 30, 2014

 MAY 1, 2014
IST 10.00 AM
Thursdayവൈശാഖമൊരു മഴതുള്ളിയായ്
മനസ്സിൽ പെയ്യും കവിതയിൽ
അടർന്നുവീണ ദലങ്ങൾ
ഋതുക്കളായ് മാഞ്ഞുതീരും
പ്രദക്ഷിണപഥത്തിൽ
അക്ഷരതെറ്റുകളേറി വളർന്ന
ഇടവേളയിലുരസിമുറിഞ്ഞ
ഹൃദയസ്പന്ദങ്ങളിൽ
കാലം നീങ്ങിയ നിഴലോരങ്ങളിൽ
പ്രകാശമൊഴുകും മിഴിയിൽ
പരിചയുമുറുമിയുമായ്
പൊരുതിയ മൊഴിയിൽ
ഉത്തരങ്ങൾ തേടിനടന്ന
ബാല്യകുതൂഹലങ്ങളിൽ
കൽക്കെട്ടിൽ വീണുടഞ്ഞ
കാൽച്ചിലമ്പിനൊരു മുത്തിൽ
മനസ്സിലിതളടർത്തിവിരിയും
പവിഴമല്ലിപ്പൂവുകളിൽ
ചന്ദനസുഗന്ധമാർന്ന
ഉദ്യാനങ്ങളിൽ
കേൾക്കാനാവുന്നു ഉൾക്കടലിൻ
അന്തരഗാന്ധാരശ്രുതി..

Tuesday, April 29, 2014

APRIL 30, 2014
IST 10.39
Wednesdayആകാശമേ
അനിർവചനീയമായ മൃദുസ്വരങ്ങളിൽ
പ്രകൃതിയെഴുതും പൂർവാഹ്നങ്ങളിൽ
ഇതളിലകളിൽ ഗ്രാമപ്പറവകൾ
കീർത്തനമാലപിക്കും കിളിക്കൂടുകളിൽ
എവിടെയോ മറന്നിട്ട പഴയ
ഒരു കവിതയുടെ വരികൾ
ഓർമ്മതെറ്റിവീണ ഇടവേളയിലും
ആരവഗാനങ്ങളുമായ് ആൾക്കൂട്ടം
തിങ്ങിയോടിയ നഗരപ്പുകയിലും
മൊഴിയുടഞ്ഞ ചില്ലുതരികൾക്കിടയിലും
മനസ്സിലുലയാതെയൊഴുകുന്നുവല്ലോ
പ്രകീർത്തനങ്ങളും,പ്രകോപനവും
തുരുമ്പിടാതെ നിലവറകളിൽ
ഭൂമി സ്വരുക്കൂട്ടിയ കവിതകളിൽ
കനകപ്രകാശമേകും പൂർവദീപങ്ങൾ
അലങ്കോലപ്പെട്ട രാജ്യപരവതാനിയിലൂടെ
എഴുതിസൂക്ഷിച്ച അക്ഷരക്കൂടകളുമായ്
നടക്കുമ്പോൾ അറിയാനാവുന്നു
ഋണപ്പാടുകൾ ഭാരമേറ്റിയ നിർണ്ണയതുലാസുകളിൽ
ഭാരരഹിതമാമൊരു തൂവലായ്
ഹൃദയം സ്പന്ദിക്കുന്നു
ഒരോ ഇതളിലും മനോഹരമാമൊരു
കവിത വിരിയുന്നു
 APRL 29, 2014
IST 10.29 PM
Tuesday
സായാഹ്നം തണൽ മരച്ചോട്ടിലെ
കരിഞ്ഞ ഇലകളായി
സായന്തനമൊരു മൺചിരാതിനരികിൽ
പുരാണങ്ങളായി
എല്ലാം മറന്നുറങ്ങിയ ഹൃദയം
സ്വപ്നങ്ങൾ മറന്ന യാഥാർഥ്യമായി
മനസ്സ് കവിതയൊഴുകാനൊരു
തീർഥസമുദ്രത്തിനായ്
ക്ഷേത്രപ്രദിക്ഷണത്തിൽ..
പ്രഭാതമുണരും പൂർവസ്മൃതിയിൽ
ധ്യാനഭാവത്തിലൊഴുകി ഭൂമി..

Monday, April 28, 2014

APRIL 29, 2014
IST 10.43 AM
Tuesdayപ്രഭാതം ഒരീറൻ തുടുപ്പായുണരും
ഉദ്യാനത്തിനരികിൽ
അതിരുകളേറിവരും
അധിശഭാവം
അന്യായഭാവം
ഓർമ്മയിതളിൽ
കവിതയുടെ കനകചിന്തുകൾ
നഗരം ഗ്രാമത്തിനരികിലൂടെ
ഇടക്കാലനോവുകളും
ഗ്രഹമിഴികളുമായ് നീങ്ങും
വർത്തമാനകാലത്തിലും
പവിഴമല്ലിക്കവിതകൾ
മനസ്സിൽ അമൃതുതൂവിവിടരുന്നു
മൺ തരികൾ ചേർത്തൊഴുകും
ഭൂമിയുടെ മൃദുപദങ്ങളേ
മനസ്സിന്റെ വ്രണിതനോവുകളെ
മായ്ചുതീർത്താലും
APRIL 28, 2014
IST 10.18 P M
Monday


മൃദുപദങ്ങൾക്കരികിൽ
നിഴലനക്കങ്ങൾ കേൾക്കാനാവുന്നു
പരിചയും ഉറുമിയുമായ്
പിന്നിലൊളിപാർക്കുന്നു
പരിചിതമാം അർഥശൂന്യത..
ഗ്രാമമുറങ്ങും മനസ്സിൽ
ചന്ദനക്കുളിർഗാനം തേടുമ്പോഴും
നീറ്റിയ ശംഖിൽ കവിതയെഴുതും
കടലുണരുമ്പോഴും
കേൾക്കാം അഴിമുഖങ്ങളുടെ
ആവലാതികൾ..
നന്ദി...
എല്ലാറ്റിനും...
നക്ഷത്രങ്ങളുടെ കവിതയിൽ
നിന്നൊഴുകിയ ശുഭ്രാക്ഷരങ്ങൾക്ക്
നന്ദി
പ്രകോപനങ്ങൾക്കും
മനസ്സുലയ്ക്കാനയച്ച
അനേകം ജീവജാലങ്ങൾക്കും
നിഴലുകൾക്കും
അസ്ത്രങ്ങൾക്കും
സഹായങ്ങൾക്കും
പരിഹാസങ്ങൾക്കും
ആരോപണങ്ങൾക്കും
തൂക്കം തട്ടിയുടച്ച തുലാസുകൾക്കും
എല്ലാറ്റിനും നന്ദി..

ആകാശവാതിലിലെ ദൈവമേ
അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു
ഭൂമിയിലെ കുറെ ജീവജാലങ്ങളെ കൈയിലെടുത്ത്
അറിവില്ലായ്മയുടെ അക്ഷരങ്ങൾ കൂട്ടിവിളക്കി
പ്രകോപിപ്പിക്കുന്നുമുണ്ട്
അവരോട് സഹതാപം കൂടിക്കൂടിവരുന്നു
പ്രകോപനത്തിന്റെ ശരങ്ങൾ കൈയിലേന്തിനിൽക്കും
വെറും സാധാരണത്വത്തിനെ കാണുമ്പോൾ
മനസ്സിലെ ഗാനങ്ങൾ മനോഹരമാക്കാനൊരു
വാക്ക് തേടും ഹൃദയത്തിലിപ്പോൾ
അതീവഹൃദ്യമായ ഒരു കീർത്തനമുണരുന്നു..
ആദിദു:ഖങ്ങൾ സമതീരങ്ങളായിരിക്കുന്നു...
സമാന്തരങ്ങളിലിരുന്ന് കാണും ലോകം
എത്ര പരിചിതമിന്ന്
അക്ഷരതെറ്റുകൾ മായ്ച്
അളന്നു തീർന്ന മൺ തരികളിലും കവിതയെഴുതും
ഭൂമിയെ പരീക്ഷിക്കും വിചിത്രഭാവമേ
നിന്നെയറിഞ്ഞുതീർന്നിരിക്കുന്നു.
നന്ദി...
Sunday, April 27, 2014

 Aoril 20, 2014
IST 9.09 AM
Mondayഹൃദയദലങ്ങളുടയും
അലോസരങ്ങളിലും
പ്രഭാതമൊരു സ്വരമായ്
മൊഴിയായ് തുടിയിടും
മനസ്സിൽ
ഓർമ്മനീറ്റിയ കടൽശംഖുകൾ,
കവിതകൾ
പൂമുഖപ്പടിയിൽ
ചിത്രങ്ങൾ ശബ്ദമുയുർത്തുമ്പോഴും
മനസ്സിൽ ശബ്ദരഹിതമാമൊരു
നിസ്സംഗത
മനസ്സുചുരുങ്ങിയ
ഇടവഴിയിലെ ആരവം
മൃദുലപദങ്ങൾ കാവ്യസർഗമാകും
ജപമണ്ഡപങ്ങളിൽ
സുഖദു:ഖങ്ങൾ കടം കൊണ്ട
കലഹച്ചിമിഴ്
ഭ്രമണലയമുടയും ദിനാന്ത്യത്തിൽ
പാതിയെഴുതിയ കവിതയിൽ
പ്രഭാതത്തിൻ കനകദീപങ്ങൾ..

Saturday, April 26, 2014

APRIL 27, 2014
IST 9.59 AM
Sundayഅസ്വസ്ഥഗാനങ്ങൾ
അനുസ്വരങ്ങളായ്
ആകസ്മികഗാനങ്ങളായ്
ആത്മാവിൻ രാഗമാലികയായ്
അശോകപ്പൂവർണ്ണസന്ധ്യയായ്
അറിവിനക്ഷരങ്ങളായ്
അഗസ്ത്യപുരാണമെഴുതും
അതിപ്രാചീനതയായ്
അറവാതിലുടയ്ക്കും
ആത്മധ്വനിയായ്
ആവനാഴിയിലുറങ്ങും
അസ്ത്രമുറിവായ്
ആരണ്യകപർണ്ണശാലയിൽ
അഞ്ജാതവാസനൊമ്പരങ്ങളായ്
ആഴക്കടലിനാന്ദോളനമായ്
അരികിലൊരു ശംഖിലുണരുന്നു...
 April 26, 2014
IST 9.42 PM
Saturdayഇലച്ചാർത്തുകൾക്കിടയിലൂടെ
ഗ്രാമം സന്ധ്യാവിളക്കുമായണയും
പൂമുഖപ്പടിയിൽ
മനസ്സിൽ നിന്നും അക്ഷരങ്ങളൊഴുകി
കവിതയായ് സമുദ്രത്തിലലിഞ്ഞ്
ശംഖിലുറഞ്ഞ നാളിൽ ഒന്നറിയാനായി
ഹൃദയത്തിനൊരു തിരശ്ശീലമറയും,
മറക്കുടയുമായാൽ
ആരവങ്ങൾക്കിടയിലും
അതിരുകവിയും നിഴലൊഴുക്കിലും
ദു:ഖഭാരം ചുമലിലേറ്റാനാവാതെ
ഭൂമി തളരുമ്പോഴും
വ്രണിതവ്യഥകൾ ചുറ്റിലൊഴുകുമ്പോഴും
തൂവൽ പോലെ ലഘുഭാരമുള്ള
ഒരാവരണത്തിൽ
മുഖം മനസ്സിന്റെ ദർപ്പണമാക്കാതെ
ഭദ്രമായ് സൂക്ഷിക്കാനായാൽ,
അശേഷം ദു:ഖമില്ലെന്നഭിനയിക്കാനായാൽ,
ശബ്ദഘോഷങ്ങൾ വിരൽതുമ്പിലെ
കവിതയ്ക്കരികിലൂടെ നീങ്ങും
ഒരു കൗതുകക്കാഴ്ച്ചയുടെ ചുമർചിത്രം മാത്രമായി
രൂപാന്തരപ്പെട്ടേയ്ക്കും..

Friday, April 25, 2014

April 26, 2014
IST 10.21 AM
Saturdayപൂക്കാലമെല്ലാം കരിയും വേനലിനരികിലൂടെ
പ്രഭാതം ഇളം കാറ്റായൊഴുകും ഉദ്യാനത്തിലൂടെ
മെല്ലെ മെല്ലെ പുകയുമാരവുമായ്
പുരോഗമനമുണരും മുൻപേ
അഭിഷേകം കണ്ടുമടങ്ങും മനസ്സേ
തീർഥക്കുളങ്ങളിൽ ഗ്രാമം മറന്നിട്ട
നെയ്യാമ്പൽപ്പൂവുകൾ..
പാടങ്ങളിലൂടെ കവിതയൊഴുകും മനസ്സുമായ്
നഗരവാതായനങ്ങളിലല്പം അമ്പരപ്പായ്
വൃക്ഷശാഖകൾ പോൽ വളരും
അക്ഷരങ്ങളിൽ കടും കെട്ടുകൾ
ഉടയും സ്വരങ്ങൾ ചേർത്തെഴുതും ഹൃദയമേ
പൂർവാഹ്നം തീർഥം തൂവും മണ്ഡപങ്ങളിൽ
ഒരു ജപമുത്താകുന്നു ഭൂമി
APRIL 25, 2014
IST 10.56 PM
Friday


ഒഴുകും ചിന്തകൾക്കിടയിൽ
ചില്ലുതരികൾക്കിടയിൽ
എഴുതിയുണർത്തിയ
കവിതകൾക്കിടയിൽ
മൊഴിതീർത്ത മതിലുകൾക്കിടയിൽ
വെയിൽ പാകിയ തടങ്ങൾക്കിടയിൽ
തളിരിലകൾക്കിടയിൽ
മൺതരികൾക്കിടയിൽ
സമുദ്രമൊഴുകും ഉപദ്വീപിൽ
മുനമ്പിനൊരു മുദ്രയേകും ഉൾക്കടലിൽ
എവിടെയോ
ഊർജ്ജ്വതേജസിനൊളിചിതറും
മിഴിയിണയിൽ,
അഗ്നിദീപങ്ങളിൽ
സന്ധ്യാതീരങ്ങളിൽ
തിളങ്ങിമിന്നുന്നു
നക്ഷത്രങ്ങൾ..

Thursday, April 24, 2014

 APRIL 25, 2014
IST 11.05 AM
Fridayചുമർചിത്രങ്ങളിൽ
നിന്നൊഴുകിയ നീർക്കണങ്ങളിൽ
ദിനാന്ത്യം മൂടിപ്പൊതിഞ്ഞ
പകൽത്തരികളിൽ
ഉറങ്ങിതീർന്ന സ്വപ്നങ്ങളിൽ
ഭ്രമണലയം പ്രഭാതമായ
ഗ്രാമങ്ങളിൽ
എഴുതാനായ് മിഴിയിലേയ്ക്കൊഴുകിയ
ഹരിതപ്രപഞ്ചമേ
ചുറ്റൊഴുക്കുകളിലൊഴുകും
തളിരിലതുമ്പിൽ
എഴുതിതീർക്കാനാവാതെ
വളരുന്നുവോ
ഹൃദയവിസ്മയനിനവുകളിൽ

Wednesday, April 23, 2014

 April 24, 2013
IST 9.55 AM
Thursdayമിഴിയിൽ പ്രഭാതമുണരുമ്പോൾ
ത്രികോണ,സമ, ദീർഘചതുരങ്ങൾ
ശിരസ്സിലേറ്റിയ കടും കെട്ടുകൾ
വൃത്താകൃതിയിലൊഴുകും
ഉപരിതലലയം മനോഹരമായ
കവിതയിലേയ്ക്കാവഹിക്കും
മനസ്സേ
മഞ്ഞുപാളികളടരും മനാസ്‌ലുവിലൂടെ
കാസ്തമണ്ഡപത്തിനരികിലൂടെ
അതിരുകളറിയാതെ
ആര്യഭട്ടയുടെ ദൂരവേഗമറിയാതെ
ആകാശനക്ഷത്രങ്ങൾ തിളങ്ങും
കൗതുകബാല്യവുമായ്
വഴിനടന്നെത്തിയ സംവൽസരങ്ങളിൽ
നഗരബിംബങ്ങൾക്കരികിൽ
മൊഴിയായൊഴുകും
ഹൃദയസ്പന്ദമേ
അനന്യമാമൊരു സ്വാന്തനസ്പർശം
അക്ഷരങ്ങളിലുണരുമ്പോൾ
ചിത്രപടങ്ങളിൽ ചന്ദനവർണ്ണമാർന്ന
ചാരുതയേകും പൂർവസന്ധ്യ


Tuesday, April 22, 2014

 APRIL 23, 2014
IST 10.49 AM
Wednesday


മഴയിലൊഴുകിയ ഇലയിതളുകളിൽ
ശൂന്യതയുടെ നിഗൂഢഭാവങ്ങളിൽ
നിഴലൊഴുകിയ നഗരപാതകളിൽ
സമുദ്രമുനമ്പുകളിൽ
ശംഖുകളിൽ
പ്രഭാതത്തിൻ പൊൻകതിരുകളിൽ
സായാഹ്നവെയിലിൽ
സായന്തനദീപങ്ങളിൽ
ആകാശനക്ഷത്രങ്ങളിൽ
അനന്തതയുടെ അപാരതയിൽ
ഋതുക്കളിൽ
ദേശാടനപ്പക്ഷികളുടെ കുടീരങ്ങളിൽ
ഇതിഹാസങ്ങളുറങ്ങും നിലവറകളിൽ
സോപാനത്തിൽ
കൽമണ്ഡപങ്ങളിൽ
സ്വരങ്ങളുമക്ഷരങ്ങളും നിറയ്ക്കും
മനസ്സേ
ഇടവേളകളുടെ മന്ത്രം
കാവ്യസ്പ്ന്ദനത്തിലലിയും
വിസ്മയചെപ്പുകളിൽ
ഭൂമിയുണർത്തുന്നു
വൈശാഖപ്പൂവുകൾ...


Sunday, April 20, 2014


APRIL 21, 2014
IST 9.43 AM
Monday


സമുദ്രമൊരുൾക്കടൽചിത്രമെഴുതും
മുനമ്പിലെ പൂർവസന്ധ്യ...
നഗരക്ഷേത്രങ്ങൾ അഭിഷേകത്തിനായ്
ആദ്യാരതിയുഴിയും പ്രഭാതങ്ങൾ
ഇലയടർന്നുവീഴും തണൽശാഖകളിലൂടെ
നടപ്പാതകൾ കമ്പോളങ്ങളാകും
അനുപാതദൈന്യങ്ങളിലൂടെ
ഹരിതവനശാന്തിപോലെ
നഗരപുരോഗമനം പോലെ
തുലാസുകളിൽ നഗരഗ്രാമങ്ങൾ
അളന്നിടും സംഖ്യാരേഖകൾ
ആൾക്കൂട്ടത്തിനാരവരഹിതപ്രഭാതങ്ങളിൽ
വിരൽതുമ്പിലെ കവിത വിസ്മയമിഴികളാൽ
മനസ്സിൽ മൊഴിയെഴുതുന്നു
അക്ഷരങ്ങൾ നഗരഗ്രാമങ്ങൾക്കുമപ്പുറം
ആകാശവുമതിനുമപ്പുറവും
പ്രപഞ്ചവുമേറി
ഹൃദയഭാഷയെഴുതുന്നു
കാവ്യസ്പർശത്തിനെഴുത്തുപാളികളിൽ
പ്രഭാതം പ്രകാശമാനമായ
പ്രദീപതഭാവമാവുന്നു...

Saturday, April 19, 2014

 APRIL 20, 2014
IST 8.48 AM
SUNDAY


പ്രഭാതം മിഴിയിലുണർവാകും
മുൻപേ വെയിൽപ്പകലുണർന്നിരുന്നു
തപാൽ പെട്ടിയിൽ അനുഗ്രഹം പോലെ
ഒരു കത്ത്
വിസ്മൃതസ്മൃതി തേടിയൊഴുകും
ദിനങ്ങൾ പോലെ
സംവൽസരങ്ങളിലൂടെ നേർത്തുനേർത്തുവരും
ഉണർത്തുപാട്ടുകൾ
വിരൽതൊട്ടുണരും ലോകഭൂപടത്തിലൂടെ
രാജ്യങ്ങൾ, സമുദ്രങ്ങൾ, നീർക്കണങ്ങൾ
മൊഴിപകർത്തിയ മുദ്രകൾ
ഭദ്രസ്വപ്നങ്ങളാം കവിതകൾ
മൂടിക്കെട്ടിയ പുകച്ചുരുളുകളിലിടയ്ക്കുണരും
അഗ്നിപ്പൊട്ടുകൾ
പഴേയിഴകൾ, പർവതങ്ങൾ പറന്നുനീങ്ങിയ
അടയാളങ്ങൾ
എഴുതിയും തൂത്തും ചുമരുകളിലുറങ്ങും
ആധികൾ
വെയിൽപ്പാളികളിൽ തട്ടിയുടഞ്ഞുവീഴും
അക്ഷരങ്ങളുടെ വെളിപാടുകൾ
അറിവിന്റെ ദൈർഘദൂരങ്ങളിൽ
ആത്മാവിന്റെ ശബ്ദരഹിതസ്വരങ്ങൾ
മിഴാവ് കൊട്ടിപ്പാടും ദിനാന്ത്യചിത്രങ്ങൾ
സന്ധ്യാവിളക്ക് തെളിയിക്കും കവിത

Friday, April 18, 2014


 APRIL 19, 2014
IST 7.47 AM
Saturday


തത്വങ്ങൾ പകുത്തെടുത്ത്
ശുഭ്രാകാശത്തിനൊരിതളിൽ
കമാനമാക്കുന്നു കുലം..
നീറ്റിയ വെൺശംഖുകൾ ചിന്തേരിട്ട
പഴയ ഗ്രാമപ്പുരയിൽ
പുരാണങ്ങൾ വായിച്ചിരിക്കും സ്മൃതി..
അറിയാത്തതറിഞ്ഞറിഞ്ഞൊടുവിൽ
അലങ്കോലപ്പെട്ട മനസ്സ് പോലെ
പുരോഗമനത്തിന്റെ നിറവ്...
ഈറൻപ്രഭാതങ്ങൾ ഓർമ്മയാവും
നഗരപാതയിലൂടെ ധൂമപാളികളാൽ മൂടിക്കെട്ടിയ
സങ്കല്പങ്ങൾ...

ചിത്രതാഴിട്ടു ഭദ്രമായടച്ച
മനസ്സ് തുറക്കാനാകുലപ്പെടും ഹൃദയം..
ഇടയ്ക്കുടയും വാക്കുകൾ, മഷിപ്പാത്രങ്ങൾ..
തൂവിവീഴും നിർണ്ണയതുണ്ടുകളിൽ
അറിയാതെ വീണുടഞ്ഞ ആലാപനത്തിനൊരുസ്വരം...
ദിക്കുകൾ പേരറിയാത്തവരിലൂടെ
ഫലകങ്ങളിൽ മുദ്രയേകുമ്പോൾ
അറിയാനാവുന്നു ആത്മാവിൽ
നൊമ്പരമാകും ജീവസ്പന്ദങ്ങളെ...
ലോകത്തിനതിരുകൾ പോലെ
വളരുന്നു ഗ്രഹച്ചിമിഴുകൾ...
സമുദ്രതീരം പ്രഭാതത്തിനരികിലിരുന്ന്
മനസ്സും ഹൃദയവും ചേർത്തുവച്ചെഴുതുന്നു
ഭൂമിയുടെ സ്പന്ദനലയം...

April 18, 2014
IST 11.04 PM
Friday


കൈതപ്പൂവുകൾക്കരികിലൂടെ
കളിയോടം തുഴഞ്ഞൊരു ബാല്യം
നിറം ചേർത്തൊരിടവേളയിൽ
നിമിഷങ്ങളേറിയ നിതാന്തദു:ഖം
സ്മൃതിതുന്നിയ പരവതാനികളിൽ
വിധി നടന്നുനീങ്ങിയ കാല്പാടുകൾ
അളന്നുതൂക്കിയാത്മാവിന്റെയൊരിതളിൽ
ഭാരമേറ്റിയ തുലാസുകൾ
സായം സന്ധ്യയിലൊരു വിളക്കുമാടത്തിൽ
ഗ്രാമം വൈദ്യുതദീപങ്ങളായ് മാറിയ പുരോഗമനം
ദിനാന്ത്യം തേടിപ്പോയ കടവിൽ
ഓളങ്ങളുടെ മൃദുഗാനം
തീർഥക്കുളങ്ങളിൽ നിറം തീർക്കും
നിശ്ചലത
പറഞ്ഞുതീരാതെയൊരു മൊഴി
കവിതയായുണരാൻ
നക്ഷത്രങ്ങളിൽ അക്ഷരചിത്രമെഴുതുന്നു
മുനമ്പുകൾക്കപ്പുറം നഗരമതിരുപാകിയ
കൽക്കെട്ടിലിരുന്നു കാണും സമുദ്രം
ശംഖിലെഴുതുന്ന കവിത

Thursday, April 17, 2014

 April 18, 2014
IST 9.09 AM
Friday


തീർഥസ്നാനം  ചെയ്തുണരും
സമുദ്രതീരങ്ങളിൽ
പ്രശാന്തിഗാനമെഴുതും
മണൽത്തരികൾ
ദീപ്തഭാവമാർന്ന ചുറ്റുവിളക്കുകൾ
ശീവേലി കണ്ടുണരും
ക്ഷേത്രനടയിൽ ഭാരരഹിതഹൃദയം
തൂവൽ പോലെയൊഴുകുന്നു
ആകാശം ചുരുങ്ങിയ പ്ലാനറ്റോറിയത്തിൽ
ഒഴുകും ഗ്രഹചിത്രങ്ങളിൽ
ഒരത്ഭതച്ചിമിഴ്
മിഴിരണ്ടിലുമൊഴുകിയ
നക്ഷത്രങ്ങളിൽ കാവ്യസ്പന്ദങ്ങൾ
മൊഴിയെഴുതാനായെത്ര ഗ്രഹങ്ങൾ
ഉപദ്വീപിനൊരു കോണിൽ
എത്രയെത്ര അഗ്നിസ്ഫുലിംഗങ്ങൾ
അത്ഭുതയന്ത്രപ്പറവകൾ
അതിനേക്കാൾ വേഗത്തിലോടുന്നുവോ മനസ്സ്
അക്ഷരങ്ങൾ നിറഞ്ഞുതൂവിയൊഴുകും ഹൃദയമേ
നീയെവിടെ സൂക്ഷിക്കുന്നു
നിലവിളക്കിന്റെ നിറതിരിനാളം പോലെ
പരിശുദ്ധമാം ജീവന്റെ അഗ്നി..
 APRIL 17 2014
IST  9.58 PM
Thursday

സൗഗന്ധികങ്ങൾ വിടരും
വെൺ വൈശാഖചെപ്പിൽ
മഴയീറനണിഞ്ഞെത്തിയ
പ്രഭാതവും കടന്ന്
ആൾപ്പാർപ്പില്ലാത്ത
പർണ്ണശാലകളിലേയ്ക്ക്
നടന്നുനീങ്ങുന്നു മനസ്സ്
ആരവരഹിതജപമണ്ഡപങ്ങളിൽ
അനന്യമാമൊരുണർവ്
കാൽച്ചിലങ്കമണിനാദം പോലെ
നീർച്ചാലുകളൊഴുകും
നിബിഢവനങ്ങളിൽ
മഴയിഴയിലൊഴുകും
നനുത്ത മുത്തുകളിൽ
മിഴിപൂട്ടിയൊരു കവിത
തൊട്ടുണർത്താനാവാതെ
അക്ഷരങ്ങളാലംകൃതമായ
ശിലാരാഗം പോലെയൊരു കവിത
അഭിഷേകജലം പോലെതൂവിപെയ്യും
മഴയ്ക്കരികിൽ
ഹൃദയം മെല്ലെയടർത്തിയെടുക്കുന്നു
അക്ഷരമാല്യങ്ങൾ
അടരുന്ന മൊഴിശിഖരങ്ങളിൽ
തളിർക്കുന്നു വീണ്ടും ഇലച്ചാർത്തുപോലെ
അക്ഷരങ്ങൾ...

Wednesday, April 16, 2014

 APRIL 17, 2014
IST 10.33 AM
Thursdayവെൺ ശംഖുകളിൽ ചക്രവാളം
കവിതയെഴുതി നീങ്ങും പ്രഭാതത്തിൽ
ഭൂമിയൊരു സങ്കീർത്തനഭാവമാർന്ന
മുനമ്പു ചുറ്റി തീർസ്നാനവും
കഴിഞ്ഞെത്തിയ മണൽത്തരികളിൽ
അക്ഷരങ്ങൾ ചേർത്തെഴുതുന്നു
ആദ്യക്ഷരങ്ങൾ സ്മൃതിയിലുണരും
ബാല്യത്തിലൂടെ
സർവകലാശാലകളിൽ ഗ്രന്ഥങ്ങളായ്
വളരും അറിവുപോലെ
മനസ്സിലുണരുമ്പോൾ
എഴുതിയുടഞ്ഞ സങ്കല്പങ്ങൾ
കസവുകനൽ ചേർത്ത് വീണ്ടും തുന്നുന്നു
ഒരുഷസന്ധ്യാകാവ്യം
മറന്ന നോവുകളും ആഹ്ലാദങ്ങളും
ഉറഞ്ഞുതീരുന്ന ശിലകളിൽ,
കടഞ്ഞെടുത്ത തീർഥപാത്രങ്ങളിൽ
മഴയൊഴുകുന്നു
മുറജപം തെറ്റിയ മറക്കുടകളിൽ
തപസ്സിലാണ്ട നൂറ്റാണ്ടുകൾ
താളിയോലകളിലൂടെ
കനൽച്ചില്ലകളിലൂടെ
ദിനങ്ങൾ നടന്നുനീങ്ങും വഴിയിൽ
ഭൂമിയുടെ മൃദുപദങ്ങൾ..
 APRIL 16, 2014
IST 9.10 PM
Wednesday


മഴപെയ്യാതെ പോയ സായാഹ്നമേ
മൂടിക്കെട്ടിയ ആകാശത്തിനരികിൽ
ഉദ്യാനം ഘനീഭവിക്കുന്നു
ഉഷ്ണക്കാറ്റുവീശിയ വൃക്ഷശിഖരങ്ങളിലൂടെ
ഗ്രാമം തേടിപ്പോയ പഴയ കാവ്യങ്ങൾ
ഗ്രന്ഥങ്ങളിലുറങ്ങുമ്പോൾ
ശ്രീകോവിലിൽ സന്ധ്യാജപമാർന്ന
ഓട്ടുമണികളിൽ
കവിത നാദത്തിനോങ്കാരമായ്
കളിവീടുകൾ പണിതുമുടച്ചും
കാലം നടന്നുനീങ്ങും വഴിയിൽ
മനസ്സ് ഉറഞ്ഞു
ഹൃദയം സ്പന്ദിക്കുന്ന സ്വരങ്ങൾ
അക്ഷരങ്ങളിലലിഞ്ഞ്
ശരത്ക്കാലത്തിയുലയിൽ തിളങ്ങി
മറന്നുതീരാതെ ഭാഗം പിരിഞ്ഞ
മൺ തരികളിൽ തൂവിയ
പുണ്യാഹദർഭകളിൽ
പുനർജനിമന്ത്രവുമായിരുന്നു
ജനകരാഗങ്ങൾ
ഒരോ ജന്യവും വിസ്മയമായ്
സായന്തനനക്ഷത്രത്തിൽ തിളങ്ങി..
ഭൂമി ധ്യാനമണ്ഡപത്തിൽ മിഴിപൂട്ടിയിരുന്നു
മുനമ്പുകളും ധ്യാനത്തിലായിരുന്നു...

Tuesday, April 15, 2014

 April 16, 2014
IST 8.48 AM
Wednesday
ആദിസത്യവും
അനശ്വരഗാനവും
മിഴിനീരും
മൊഴിമലരുകളും
ഋണം ചേർത്തളർന്ന
പ്രാചീനപുരാണം

ഇതൾ വിരിയും ഹൃദയത്തെയും
ഇലച്ചാർത്തിൻ പ്രഭാതത്തെയും
കടന്ന് നഗരം വളർന്നു
മൂടിക്കെട്ടിയ
മൗനം പോലെ..


സമുദ്രം പറയുന്നതെന്താണാവോ
സമുദ്രഭാഷയറിയാൻ
കാതോർത്തിരുന്ന മുനമ്പിൽ
ഹൃദയത്തിലേയ്ക്കൊഴുകി
സമുദ്ര സംഗീതം
ഒരു ശംഖ്...

പവിഴമല്ലിപ്പൂവുകൾ വിരിയും ഗ്രാമത്തിൽ നിന്ന്

ഭൂമി തുളസീദലങ്ങളാലെഴുതും
മൃദുപദങ്ങളത്രെ മനസ്സിലെ
സ്നേഹകാവ്യം
അക്ഷരത്തെറ്റുകൂടാതെ
സ്പന്ദിക്കും ഹൃദയത്തിന്റെ
നറും കവിതകൾ..

ആപേക്ഷിസിദ്ധാന്തത്തിൻ
അർഥരൂപമായ് അരികിലൊഴുകുന്ന
ഇലകളിൽ കൂട്ടിക്കെട്ടിത്തുന്നിയ
അക്ഷരകാലങ്ങളുടെ വിഭ്രമലയം..

അമ്പിളിക്കുട്ടിയ്ക്ക്
രക്തനിറമാണത്രെ പ്രിയം
ദ്രൗപതിയെ ദുർമന്ത്രവാദിനിയെന്ന്
വിളിക്കുകയും ചെയ്തു
മട്ടുപ്പാവിലിരുന്ന് ഹസ്തിനപുരം
കണ്ടാഹ്ലാദിച്ച ഭാനുമതിമാരെക്കാൾ
റോഡ് പണിക്കാരെയും ദളിതരെയുമെന്ന്
അമ്പിളിക്കുട്ടിയ്ക്കിഷ്ടെമെന്ന്
ശബ്ദമുയർത്തി അസംസ്കൃതഭാഷയിൽ
പറയുന്നുമുണ്ട്..
ലോകഗുരുക്കളുടെ മൗനം കണ്ടതിശയരോഷത്താൽ
പ്രകമ്പിതഹൃദയത്താൽ പ്രണവമല്പം നേരം മറന്ന സ്ത്രീ...
വാനപ്രസ്ഥവും, ആരണ്യകങ്ങളും, അഞ്ജാതവാസവും
വിരാടപുരിയിലെ സൂതകപുത്രരെയും കണ്ട് നടുങ്ങിയ സ്ത്രീ..
അമ്പിളിക്കുട്ടീ,
ദ്രൗപതി അഥർവവേദം ചൊല്ലിയിട്ടില്ല
ഒരു സ്ത്രീസങ്കടമായിരുന്നു ആ ഹൃദയം..

നിനക്ക് വേണ്ടത് ഇതിലുണ്ട്..
ഭൂഹൃദയം നീറ്റിയ ശോണിമ
കുറെയേറ ആകാശത്തിൽ പടർന്നിട്ടുണ്ട്
വിഭ്രമത്തിന്റെ അക്ഷരലിപികളിൽ
പടർത്തിയെഴുതാൻ
ഒരു ചഷകത്തിൽ രുചിയോടെ സുഗന്ധദ്രവ്യങ്ങൾ
ചേർത്ത് പാനം ചെയ്യാം

പണിതീർന്ന വീട്ടിൽ പണിതിട്ടും, പണിതിട്ടും 
പണിതീരാത്ത കവിത ഞാൻ
പലകുറിയെഴുതിയുടഞ്ഞ വാക്കുകളിൽ
അമൃതുണ്ട്, ദശപുഷ്പങ്ങളുണ്ട്
പിന്നെയിത്തിരി കുറുമ്പും

ഞാൻ സമുദ്രമായി, ഭൂമിയായി
അക്ഷരമായി, കവിതയായി
സ്വപ്നമായി..
പലരുമേകിയ മുദ്രകൾ.

എന്റെ മനസ്സിൽ ഞാൻ
ആലിലയനക്കത്തിലെ കവിതയും
പവിഴമല്ലിപ്പൂവുകൾ വിരിയും
ഗ്രാമവുമായിരുന്നു...

April 15, 2014
IST 9.47
Tuesday


ബുദ്ധപ്രതിമകൾക്കരികിൽ
പലകാലത്തിന്റെയെഴുത്തുപെട്ടികൾ
ആരോഹണത്തിലൊരു സ്വരമിടറിയ
സാധകവേളയിൽ അസ്ത്രങ്ങളേറിയ
ഭൂപാളങ്ങൾക്കിടയിൽ
പൂർവസന്ധ്യയുടെ സ്വാന്തനപ്രകാശം
ശിഖരങ്ങൾ വളർന്നേറും
ശിഥിലചിന്തകൾക്കരികിൽ
ഹൃദയസ്പന്ദങ്ങളിൽ വിരിയും
കവിത
ഗന്ധകഗന്ധം നിറയും ആവനാഴികൾ
കണ്ടത്ഭുതപ്പെട്ട പ്രഭാതങ്ങളിലൂടെ
നടന്നിത്രദൂരമെത്തിയ പകൽത്തീരങ്ങളിൽ
പാതിമിഴിതുറന്ന പാരിജാതമലരുകൾ
വിരൽത്തുടിയിൽ തുള്ളിതുളുമ്പി വീഴും
അക്ഷരങ്ങളുയർന്നേറി സമുദ്രത്തിലേയ്ക്കൊഴുകുന്നു..
മഹാഗണിത്തട്ടിലെ ഹൃദയാകൃതിയുള്ള സ്ഫടികമുത്തുകൾ

 തണുത്തുറയും ധ്രുവങ്ങളിലെ
മൈത്രിയും ഗംഗോത്രിയും
ആൾക്കൂട്ടം എന്നേ മറന്നിരിക്കുന്നു
പൊട്ടുതൊട്ട് മാലചാർത്തി
ഇളം പൈതൽ വാശികാട്ടുന്നു..
ഒരു കൈയാൽ ശബ്ദം കേൾക്കാഞ്ഞിട്ട്
രണ്ടു കൈയും കൂട്ടിയടിക്കുന്നു
ത്രേതായുഗമൊരു ഹൃദയവേദം
സരയൂവിലൂടെ മാഞ്ഞുതീർന്ന
അഗ്നി നോവുകൾ
തുലാസിൽ ഒരു വശം ചേർത്തളന്ന
അക്ഷരമുറിവുകൾ
കടലുകളുടെ നിധിയിൽ
കനകരാഗങ്ങൾ
കാർത്തികദീപങ്ങൾ പോലെ
ഹൃദയമെന്ന് പേരുള്ള ക്യുറാക രാജ്യം പോലെ
മനസ്സളന്നത് ഒരു പിടി മണൽത്തരി...
ശബ്ദമുയരുന്നു, ഇളം പൈതൽ
പാദുകങ്ങളുയർത്തിയെറിയുന്നു
ഉടഞ്ഞതൊരു ഘടികാരച്ചില്ല്
ഹൃദയാകൃതിയിൽ ഭദ്രമായ്
പൂമുഖത്തെ മഹാഗണിത്തട്ടിലിരുന്ന
സ്ഫടികമുത്തുകൾ..

കുട്ടികളങ്ങനെ
ഉടച്ചുലച്ചു കളിയ്ക്കും
കളിപ്പാട്ടങ്ങൾക്കിടയിൽ
വാശിതീർക്കുന്നുണ്ടാവും...
ഒരു കുഞ്ഞുപാദകുവും കൈയിലേറ്റി
കുരുന്നുചിരിചിരിച്ച് അവരാഹ്ലാദിക്കും.
പാദുകങ്ങൾ പൂജ ചെയ്താരാദ്യനായ
ഭരതന്റെ കഥയൊന്നുമറിയാതെ
തച്ചുടച്ച ചില്ലുതരികൾക്കിടയിൽ
പിന്നിടവർ മാലാഖമാരെപ്പോലെ
സ്വപ്നം കണ്ടുറങ്ങും
മന്ദഹസിക്കും മുഖവുമായ്..
ഉണരേണ്ടതേ വേണ്ടു,
മഹാഗണിത്തട്ടിൽ എറിഞ്ഞുടയ്ക്കാൻ
ഒന്നും ബാക്കിയുണ്ടാവില്ല..

Monday, April 14, 2014

Tuesday
April 15, 2014
IST 11.52 AM
April 14, 2014
IST 10.13 PM
Monday


മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങൾ 


മൊഴിയിലേറും മഹായാനങ്ങളിൽ 
മധുരതരമാം മഹാകാവ്യങ്ങൾ..
 അതീവമനോഹരമായ ആത്മസ്പർശം..
 പ്രശാന്തമാം ശാന്തിനികേതനം... 
അതിനരികിൽ വേനൽച്ചൂട് മതിയാവാതെ 
കരിയിലയേറ്റി പുകയ്ക്കുന്നു കുട്ടികൾ..
 അമാവാസിരാവുകൾ പ്രകാശം മായ്ക്കും 
പുകക്കല്ലുകളിൽ പാതിയടർന്ന ഘനരാഗങ്ങൾ.. 

അന്ധരഗാന്ധാരശ്രുതിതെറ്റിയൊഴുകും 
അക്ഷരങ്ങളിൽ തട്ടിത്തൂവിവീഴും അക്ഷതം.. 
മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങളിൽ
 മഴത്തുള്ളികൾ.. 
 ഋതുക്കൾ നിവേദ്യതാലങ്ങളിൽ പൂക്കാലമാകും
 ഭ്രമണലയവാദ്യങ്ങളിൽ അതിദ്രുതം തേടും 
അനിയന്ത്രിതരാശികൾ.. 

മിഴിയിലൊഴുകും പ്രപഞ്ചമേ
 വിരലനക്കങ്ങളിൽ വിതുമ്പിവിഴും 
മൃദുപദങ്ങൾക്കരികിൽ ഉറുമിയേറ്റും
 ശൈശവകൗതുകം.. 
ഉലയിലുമിത്തീമിയിൽ വീണുടയും അധിക വ്യജ്ഞനങ്ങൾ ആഴിയിലേയ്ക്കെറിയും കൂട്ടക്ഷരങ്ങൾ 
ചിതറും സ്വരങ്ങൾ, ചിഹ്നങ്ങൾ 
സന്ധ്യാവന്ദനമന്ത്രങ്ങൾ ചൊല്ലും
 ജപമാലകൾക്കിടയിൽ പുകയും ധൂമപത്രങ്ങൾ..

 പ്രപഞ്ചമേ! ആത്മാവിന്റെ
 അമൃതവർഷിണിയിൽ പ്രതിമധ്യമശ്രുതി 
പെയ്തൊഴിയട്ടെ ഈറൻ നോവുകൾ
 പ്രകാശവർഷങ്ങളിൽ, ആകാശത്തിനിതളിൽ, 
ഋതുക്കളെ മറന്നേയ്ക്കുക പുകയും അഗ്നികുണ്ഡങ്ങളെ... 
അതീവമനോഹരമാം പദങ്ങളുണരട്ടെ
 പ്രകൃതിയുടെ രാഗമാലികയിൽ

Sunday, April 13, 2014

 APRIL 14, 2014
IST 9.38 AM
Monday

കായലൊരു ചിറകെട്ടിയ
സമുദ്രതീരത്തിനരികിൽ
മൺ തരികളിലൂടെ
കവിതയൊഴുകി
സർവകലാശാലയിൽ
കാലം തുന്നിയ ദിനച്ചരടിൽ
മുത്തുമണികൾ പോലെയടർന്ന
ആകാശത്തിനിതളുകളിൽ
കവിതയൊഴുകി
പലനാളെഴുതി
അക്ഷരങ്ങൾ വിതുമ്പിയ
വിരൽതുമ്പിൽ ഹൃദ്സ്പന്ദനങ്ങളും
കവിതയായൊഴുകും പ്രഭാതത്തിൽ
ചുറ്റുവലയങ്ങളിൽ
നിന്നുണരും ആരവം മനസ്സിനെ
സ്പർശിക്കാതെ അകലങ്ങളായ്
സമാന്തരരേഖകളിലൂടെ
മാഞ്ഞുതീരുന്നു....

Friday, April 11, 2014

 April 14, 2014
IST 10.32 AM
Saturdayഇടനാഴിയ്ക്കപ്പുറം
ജാലകവിരിയ്ക്കപ്പുറം
ആകാശം കണ്ടുണരും ഗ്രാമം
ചിന്തേരിട്ട നഗരത്തിരക്കിൽ
നഗരപാതയിലൂടെ
വൃക്ഷശിഖരങ്ങൾക്കിടയിലൂടെ
അകന്നകന്നുപോകും ആകാശം
മുളം കാടുകൾ സംഗീതമാവും
ആരണ്യകത്തിലൂടെ
യാത്രയാവും അനന്യമാമൊരു
അദൃശ്യദൃശ്യത
മഹാദ്വീപങ്ങളിൽ
മഹായാനങ്ങളിൽ
ദിശതെറ്റിയ നേർ രേഖകൾ
വഴിയോരത്തൊരു വേനലവധിയിൽ
ഗ്രാമത്തിലേയ്ക്കൊഴുകും മനസ്സ്
ഉദ്യാനത്തിൽ പെയ്ത മഴപോലെ
ഹൃദയത്തിലമൃതവർഷിണി
മിഴിപൂട്ടിയ ധ്യാനമണ്ഡപങ്ങളിൽ
പ്രഭാതം ഒരു ജപമുത്തിലൊളിക്കുന്നു...

Thursday, April 10, 2014

 April 11, 2014
IST 8.40 AM
ശബ്ദങ്ങൾ  ആരവത്തിനലകളായ്
തീരമേറിയതിലൊഴുകിയ മണൽത്തരികളിലൂടെ
ദേശദേശാന്തരഭാവമായ്, പിന്നെയുൾക്കടലായ്
മനസ്സിനൊരു ഗോപുരമുകളിൽ
ഇതിഹാസത്തിനിതളുകൾ ചേർത്തു നിൽക്കും
കൽശിലാപ്രതിമകളിൽ  നിശബ്ദമായി.

ഓർമ്മപ്പാടുകൾ ദിനങ്ങളേറി
കറുകനാമ്പുകളെരിയും
ഹോമാഗ്നിയിലലിഞ്ഞ് സ്വർണ്ണവർണ്ണം
തൂവും പുലരിയിൽ കവിതയായി
മിഴിയിലൊരു മറയിട്ട് പൂക്കാലമെഴുതി
പ്രകൃതി ഋതുക്കളിലൂടെ
പ്രകാശദീപമായ് ശ്രീകോവിലിൽ
നിവേദ്യമന്ത്രം ചൊല്ലും തുളസിപ്പൂവായി.

വിരലിലുടക്കിയ ചിത്ര താഴിൽ
പഴമയുടെ വെങ്കലസുഗന്ധം
അഴികൾക്കരികിൽ ആർദ്രഭാവമാർന്ന
നിനവുകൾ അറയിലെ വിളക്ക് തെളിയിക്കും
പുരാണങ്ങളിലൂടെ, അക്ഷരങ്ങൾ
മനസ്സിൽ രാഗമാലികയിലെ
സ്വരങ്ങളെഴുതി...

Tuesday, April 8, 2014

April 9, 2014
IST 11.17 AM
Wednesday


ഉഷസ്സിനുണർത്തുപാട്ടിൽ
ഉറങ്ങിയുണരും ഇലയനക്കങ്ങൾ
ചുമരുകളേറി വരും മുനയൊടിഞ്ഞ
തൂലികപ്പാടുകൾ
അറിഞ്ഞുമറിയാതെയും തൂവിയിടും
അക്ഷതം പോലെ
സമുദ്രത്തിലേയ്ക്കൊഴുകുന്നു
നിഴൽക്കല്ലുകൾ
നീർത്തിയിട്ട പാതയിൽ തണലൊഴുകുമ്പോൾ
മൃദുപദങ്ങളാൽ മനസ്സെഴുതുമ്പോൾ
ഹൃദയം പ്രശാന്തിയുടെ കസവുനൂലാൽ
പ്രകാശത്തിൻ സ്വർണ്ണ അലുക്കുകൾ നെയ്യുമ്പോൾ
ആകാശമേ അഴലേറ്റിയ അധികഭാവങ്ങളെ
മെല്ലെ മെല്ലെയൊരു നക്ഷത്രമിഴിയൊലൊളിപ്പിച്ചാലും
April 8, 2014
IST 10.40 PM
Tuesday

Monday, April 7, 2014

 April 8, 2014
IST 9.15 AM
Tuesday


തണുപ്പാർന്ന പ്രഭാതങ്ങൾക്കരികിൽ
കത്തിയെരിയുന്നു വേനൽ
തണൽ മരച്ചില്ലകളിലെ ഗാനങ്ങൾ
കരിയിലകൾക്കിടയിൽ
സുഖ സ്മൃതിയേറ്റുന്നു
മഴനീർക്കണങ്ങളും കണ്ണുനീരുപ്പുമലിഞ്ഞ
സമുദ്രം ചക്രവാളത്തിനിതളിൽ
ഉൾക്കടലിൻ നിധിചേർത്തുവച്ച്
കവിതയെഴുതുന്നു
നിമിഷങ്ങളിഴ തുന്നും പ്രഭാതമേലാപ്പിൽ
ആകാശം നിതാന്തമായൊരു സ്വപ്നത്തിൻ
നക്ഷത്രത്തിളക്കത്തിൽ
പാതിയെഴുതിയ യുഗത്തിനിതളിൽ
പഴമനീറ്റിയ പുരാണങ്ങൾ
കരിയും ദിനങ്ങളിൽ
സുഗന്ധമേറ്റും അക്ഷരങ്ങൾ
നിറമൊഴിഞ്ഞ് ശുഭ്രമാം പളുങ്കുമണികൾ പോൽ
ഹൃദയം സൂക്ഷിക്കും അക്ഷരങ്ങൾ..

Saturday, April 5, 2014

April 6, 2014
IST 8.04 AM
Sunday

വാതായനങ്ങൾക്കപ്പുറം
പ്രഭാതമുണരും ചക്രവാളം
നിറം തീർന്ന മനസ്സിൽ
ഒരു മഴത്തുള്ളി
മൊഴിയേറിയ സമുദ്രം
മുനമ്പിലൊരു ശംഖിൽ
ദൃശ്യാദൃശ്യമാം മരീചികപോൽ
ദിനങ്ങൾ ചേർത്തടുക്കും നിനവുകൾ
സ്വപ്നമുറങ്ങിയുണർന്ന നക്ഷത്രങ്ങൾ
പ്രഭാതത്തിൻ തിരശ്ശീലമറവിൽ
കവിതയെഴുതുന്നു
പ്രകാശമൊഴുകിയൊഴുകി
മിഴിയേറിയ ദിനപ്പൂമുഖത്ത്
തിളങ്ങും നിലവിളക്ക്
ഗ്രാമം മനസ്സേറ്റിയ പഴമ
നഗരമാറ്റിക്കുറുക്കിയ തനിമ
ഇഴചേർത്ത് തുന്നിയ
ഗ്രാമനഗരങ്ങൾക്കിടയിൽ
മുത്തുമണികൾ പോൽ അക്ഷരങ്ങൾ

Thursday, April 3, 2014April 4, 2014
IST 9.03
Friday
കല്പടവുകൾ കയറിയിറങ്ങി
സമതലങ്ങൾ ചെരിവുകളായ്
ഒഴുകിയ നീർത്തുള്ളികൾ
സമുദ്രമായ്, സങ്കല്പമായ്
ഉൾക്കടൽ തേടി മാഞ്ഞു
നിനവുകൾ കടം കൊണ്ട
പരവതാനികളിലൂടെ
ഋതുക്കൾ നടന്നുനീങ്ങി
ചിത്രകമാനങ്ങളിലൊതുങ്ങാതെ
ഒരീറൻ നോവ് ചക്രവാളത്തിനരികിൽ
പെയ്യാനാവാതെ നീർമുകിലിലുറഞ്ഞു
എഴുതിയെഴുതിനിറഞ്ഞ ചുമരുകളിൽ
അടർന്നുവീഴും അക്ഷരങ്ങൾ
ചേർന്നൊരു കവിതയായി
അതിശയകരമായൊരു രൂപമാറ്റം
ആത്മാവിനൊരിതളിൽ
സ്വർണ്ണത്തൂലികയാൽ മനസ്സെഴുതി
മുദ്രകളും, ചിഹ്നങ്ങളുമില്ലാതെ
അർഥശൂന്യമായ അടിക്കുറിപ്പുകളില്ലാതെ
അലങ്കാരങ്ങളില്ലാതെ
അതീവശുഭ്രമാമൊരു ഗാനം
April 4, 2014
IST 12.10 AM
Thursday

Wednesday, April 2, 2014

 April 2, 2014
IST
Thursday

സാന്റിയാഗോ
കവിത തേടിയെത്തിയൊടുവിൽ
പ്രകമ്പനമായ്, മൺ ഗോപുരങ്ങളുടഞ്ഞ
അഗ്നിവളയങ്ങളാൽ ചുറ്റിയ ചിലിയ്ക്കായ്
ഏപ്രിൽ ഏതു വരികളെഴുതും
ഓർമ്മതെറ്റിയ ദിക്കുകളിൽ
ചുമരേറിയ അസ്വസ്ഥചിത്രങ്ങൾ
അലങ്കാരം തെറ്റിയ കവിതയിലേയ്ക്ക്
അമൃതുതുള്ളിയുമായ് മഴവരും ഋതുവിലേയ്ക്ക്
ദിനചക്രങ്ങളുടെ തേരിലേറാം.
പ്രഭാതങ്ങൾ പ്രതീക്ഷയുടെ കുളിരുണർത്തും
സ്വരങ്ങളിൽ ഭ്രമണതാളമൊരു മൃദുലയമാക്കാം..

Tuesday, April 1, 2014

 April 2, 2014
IST 8.47 AM
Wednesday


മൃദുപദങ്ങൾ പ്രഭാതമായൊഴുകിയ
ഗ്രാമചിത്രങ്ങളിൽ
നഗരം ഒരപരിചിതഭാവമായ്
ദർപ്പണങ്ങളിലുണങ്ങിയ
പ്രതിഛായയായ്
അകന്നുപോവുന്നു
കണികണ്ടുണർന്ന ബ്രാഹ്മമുഹൂർത്തങ്ങളിൽ
മൊഴിതൊട്ടുണർന്ന നെയ്യാമ്പൽപ്പൂക്കൾവിരിയും
നെൽപ്പാടങ്ങളിൽ
നിമിഷങ്ങൾ ദിനങ്ങളടർത്തിയൊരിലപ്പാടിൽ
മുദ്രചേർത്തു
എഴുതിതീരാത്ത ഹൃദയകാവ്യങ്ങൾ
പവിഴമല്ലിപ്പൂക്കളായ്
മനസ്സിലൊഴുകി
നഗരഗ്രാമങ്ങളുടെയിടയിൽ
മിഴിയിലേയ്ക്കൊഴുകി
സമുദ്രമുനമ്പ്
ഇടവേളകൾ തുല്യഭാഗമായ്
തുലാസിൽ
ഒരോർമ്മയുടെയലകൾ
തീരമണലിലെഴുതും അവ്യക്തലിപികൾ
കടൽ ശംഖുകളിൽ ബാല്യം
ചക്രവാളത്തിനരികിൽ വിരിയും നക്ഷത്രങ്ങളുടെ
തിളക്കം തേടിയൊഴുകി...