Wednesday, April 16, 2014

 APRIL 16, 2014
IST 9.10 PM
Wednesday


മഴപെയ്യാതെ പോയ സായാഹ്നമേ
മൂടിക്കെട്ടിയ ആകാശത്തിനരികിൽ
ഉദ്യാനം ഘനീഭവിക്കുന്നു
ഉഷ്ണക്കാറ്റുവീശിയ വൃക്ഷശിഖരങ്ങളിലൂടെ
ഗ്രാമം തേടിപ്പോയ പഴയ കാവ്യങ്ങൾ
ഗ്രന്ഥങ്ങളിലുറങ്ങുമ്പോൾ
ശ്രീകോവിലിൽ സന്ധ്യാജപമാർന്ന
ഓട്ടുമണികളിൽ
കവിത നാദത്തിനോങ്കാരമായ്
കളിവീടുകൾ പണിതുമുടച്ചും
കാലം നടന്നുനീങ്ങും വഴിയിൽ
മനസ്സ് ഉറഞ്ഞു
ഹൃദയം സ്പന്ദിക്കുന്ന സ്വരങ്ങൾ
അക്ഷരങ്ങളിലലിഞ്ഞ്
ശരത്ക്കാലത്തിയുലയിൽ തിളങ്ങി
മറന്നുതീരാതെ ഭാഗം പിരിഞ്ഞ
മൺ തരികളിൽ തൂവിയ
പുണ്യാഹദർഭകളിൽ
പുനർജനിമന്ത്രവുമായിരുന്നു
ജനകരാഗങ്ങൾ
ഒരോ ജന്യവും വിസ്മയമായ്
സായന്തനനക്ഷത്രത്തിൽ തിളങ്ങി..
ഭൂമി ധ്യാനമണ്ഡപത്തിൽ മിഴിപൂട്ടിയിരുന്നു
മുനമ്പുകളും ധ്യാനത്തിലായിരുന്നു...

No comments:

Post a Comment