Wednesday, April 16, 2014

 APRIL 17, 2014
IST 10.33 AM
Thursday



വെൺ ശംഖുകളിൽ ചക്രവാളം
കവിതയെഴുതി നീങ്ങും പ്രഭാതത്തിൽ
ഭൂമിയൊരു സങ്കീർത്തനഭാവമാർന്ന
മുനമ്പു ചുറ്റി തീർസ്നാനവും
കഴിഞ്ഞെത്തിയ മണൽത്തരികളിൽ
അക്ഷരങ്ങൾ ചേർത്തെഴുതുന്നു
ആദ്യക്ഷരങ്ങൾ സ്മൃതിയിലുണരും
ബാല്യത്തിലൂടെ
സർവകലാശാലകളിൽ ഗ്രന്ഥങ്ങളായ്
വളരും അറിവുപോലെ
മനസ്സിലുണരുമ്പോൾ
എഴുതിയുടഞ്ഞ സങ്കല്പങ്ങൾ
കസവുകനൽ ചേർത്ത് വീണ്ടും തുന്നുന്നു
ഒരുഷസന്ധ്യാകാവ്യം
മറന്ന നോവുകളും ആഹ്ലാദങ്ങളും
ഉറഞ്ഞുതീരുന്ന ശിലകളിൽ,
കടഞ്ഞെടുത്ത തീർഥപാത്രങ്ങളിൽ
മഴയൊഴുകുന്നു
മുറജപം തെറ്റിയ മറക്കുടകളിൽ
തപസ്സിലാണ്ട നൂറ്റാണ്ടുകൾ
താളിയോലകളിലൂടെ
കനൽച്ചില്ലകളിലൂടെ
ദിനങ്ങൾ നടന്നുനീങ്ങും വഴിയിൽ
ഭൂമിയുടെ മൃദുപദങ്ങൾ..

No comments:

Post a Comment