Friday, April 18, 2014


 APRIL 19, 2014
IST 7.47 AM
Saturday


തത്വങ്ങൾ പകുത്തെടുത്ത്
ശുഭ്രാകാശത്തിനൊരിതളിൽ
കമാനമാക്കുന്നു കുലം..
നീറ്റിയ വെൺശംഖുകൾ ചിന്തേരിട്ട
പഴയ ഗ്രാമപ്പുരയിൽ
പുരാണങ്ങൾ വായിച്ചിരിക്കും സ്മൃതി..
അറിയാത്തതറിഞ്ഞറിഞ്ഞൊടുവിൽ
അലങ്കോലപ്പെട്ട മനസ്സ് പോലെ
പുരോഗമനത്തിന്റെ നിറവ്...
ഈറൻപ്രഭാതങ്ങൾ ഓർമ്മയാവും
നഗരപാതയിലൂടെ ധൂമപാളികളാൽ മൂടിക്കെട്ടിയ
സങ്കല്പങ്ങൾ...

ചിത്രതാഴിട്ടു ഭദ്രമായടച്ച
മനസ്സ് തുറക്കാനാകുലപ്പെടും ഹൃദയം..
ഇടയ്ക്കുടയും വാക്കുകൾ, മഷിപ്പാത്രങ്ങൾ..
തൂവിവീഴും നിർണ്ണയതുണ്ടുകളിൽ
അറിയാതെ വീണുടഞ്ഞ ആലാപനത്തിനൊരുസ്വരം...
ദിക്കുകൾ പേരറിയാത്തവരിലൂടെ
ഫലകങ്ങളിൽ മുദ്രയേകുമ്പോൾ
അറിയാനാവുന്നു ആത്മാവിൽ
നൊമ്പരമാകും ജീവസ്പന്ദങ്ങളെ...
ലോകത്തിനതിരുകൾ പോലെ
വളരുന്നു ഗ്രഹച്ചിമിഴുകൾ...
സമുദ്രതീരം പ്രഭാതത്തിനരികിലിരുന്ന്
മനസ്സും ഹൃദയവും ചേർത്തുവച്ചെഴുതുന്നു
ഭൂമിയുടെ സ്പന്ദനലയം...

No comments:

Post a Comment