Monday, April 28, 2014

APRIL 28, 2014
IST 10.18 P M
Monday


മൃദുപദങ്ങൾക്കരികിൽ
നിഴലനക്കങ്ങൾ കേൾക്കാനാവുന്നു
പരിചയും ഉറുമിയുമായ്
പിന്നിലൊളിപാർക്കുന്നു
പരിചിതമാം അർഥശൂന്യത..
ഗ്രാമമുറങ്ങും മനസ്സിൽ
ചന്ദനക്കുളിർഗാനം തേടുമ്പോഴും
നീറ്റിയ ശംഖിൽ കവിതയെഴുതും
കടലുണരുമ്പോഴും
കേൾക്കാം അഴിമുഖങ്ങളുടെ
ആവലാതികൾ..
നന്ദി...
എല്ലാറ്റിനും...
നക്ഷത്രങ്ങളുടെ കവിതയിൽ
നിന്നൊഴുകിയ ശുഭ്രാക്ഷരങ്ങൾക്ക്
നന്ദി
പ്രകോപനങ്ങൾക്കും
മനസ്സുലയ്ക്കാനയച്ച
അനേകം ജീവജാലങ്ങൾക്കും
നിഴലുകൾക്കും
അസ്ത്രങ്ങൾക്കും
സഹായങ്ങൾക്കും
പരിഹാസങ്ങൾക്കും
ആരോപണങ്ങൾക്കും
തൂക്കം തട്ടിയുടച്ച തുലാസുകൾക്കും
എല്ലാറ്റിനും നന്ദി..

ആകാശവാതിലിലെ ദൈവമേ
അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു
ഭൂമിയിലെ കുറെ ജീവജാലങ്ങളെ കൈയിലെടുത്ത്
അറിവില്ലായ്മയുടെ അക്ഷരങ്ങൾ കൂട്ടിവിളക്കി
പ്രകോപിപ്പിക്കുന്നുമുണ്ട്
അവരോട് സഹതാപം കൂടിക്കൂടിവരുന്നു
പ്രകോപനത്തിന്റെ ശരങ്ങൾ കൈയിലേന്തിനിൽക്കും
വെറും സാധാരണത്വത്തിനെ കാണുമ്പോൾ
മനസ്സിലെ ഗാനങ്ങൾ മനോഹരമാക്കാനൊരു
വാക്ക് തേടും ഹൃദയത്തിലിപ്പോൾ
അതീവഹൃദ്യമായ ഒരു കീർത്തനമുണരുന്നു..
ആദിദു:ഖങ്ങൾ സമതീരങ്ങളായിരിക്കുന്നു...
സമാന്തരങ്ങളിലിരുന്ന് കാണും ലോകം
എത്ര പരിചിതമിന്ന്
അക്ഷരതെറ്റുകൾ മായ്ച്
അളന്നു തീർന്ന മൺ തരികളിലും കവിതയെഴുതും
ഭൂമിയെ പരീക്ഷിക്കും വിചിത്രഭാവമേ
നിന്നെയറിഞ്ഞുതീർന്നിരിക്കുന്നു.
നന്ദി...




No comments:

Post a Comment