Tuesday, April 15, 2014


പവിഴമല്ലിപ്പൂവുകൾ വിരിയും ഗ്രാമത്തിൽ നിന്ന്

ഭൂമി തുളസീദലങ്ങളാലെഴുതും
മൃദുപദങ്ങളത്രെ മനസ്സിലെ
സ്നേഹകാവ്യം
അക്ഷരത്തെറ്റുകൂടാതെ
സ്പന്ദിക്കും ഹൃദയത്തിന്റെ
നറും കവിതകൾ..

ആപേക്ഷിസിദ്ധാന്തത്തിൻ
അർഥരൂപമായ് അരികിലൊഴുകുന്ന
ഇലകളിൽ കൂട്ടിക്കെട്ടിത്തുന്നിയ
അക്ഷരകാലങ്ങളുടെ വിഭ്രമലയം..

അമ്പിളിക്കുട്ടിയ്ക്ക്
രക്തനിറമാണത്രെ പ്രിയം
ദ്രൗപതിയെ ദുർമന്ത്രവാദിനിയെന്ന്
വിളിക്കുകയും ചെയ്തു
മട്ടുപ്പാവിലിരുന്ന് ഹസ്തിനപുരം
കണ്ടാഹ്ലാദിച്ച ഭാനുമതിമാരെക്കാൾ
റോഡ് പണിക്കാരെയും ദളിതരെയുമെന്ന്
അമ്പിളിക്കുട്ടിയ്ക്കിഷ്ടെമെന്ന്
ശബ്ദമുയർത്തി അസംസ്കൃതഭാഷയിൽ
പറയുന്നുമുണ്ട്..
ലോകഗുരുക്കളുടെ മൗനം കണ്ടതിശയരോഷത്താൽ
പ്രകമ്പിതഹൃദയത്താൽ പ്രണവമല്പം നേരം മറന്ന സ്ത്രീ...
വാനപ്രസ്ഥവും, ആരണ്യകങ്ങളും, അഞ്ജാതവാസവും
വിരാടപുരിയിലെ സൂതകപുത്രരെയും കണ്ട് നടുങ്ങിയ സ്ത്രീ..
അമ്പിളിക്കുട്ടീ,
ദ്രൗപതി അഥർവവേദം ചൊല്ലിയിട്ടില്ല
ഒരു സ്ത്രീസങ്കടമായിരുന്നു ആ ഹൃദയം..

നിനക്ക് വേണ്ടത് ഇതിലുണ്ട്..
ഭൂഹൃദയം നീറ്റിയ ശോണിമ
കുറെയേറ ആകാശത്തിൽ പടർന്നിട്ടുണ്ട്
വിഭ്രമത്തിന്റെ അക്ഷരലിപികളിൽ
പടർത്തിയെഴുതാൻ
ഒരു ചഷകത്തിൽ രുചിയോടെ സുഗന്ധദ്രവ്യങ്ങൾ
ചേർത്ത് പാനം ചെയ്യാം

പണിതീർന്ന വീട്ടിൽ പണിതിട്ടും, പണിതിട്ടും 
പണിതീരാത്ത കവിത ഞാൻ
പലകുറിയെഴുതിയുടഞ്ഞ വാക്കുകളിൽ
അമൃതുണ്ട്, ദശപുഷ്പങ്ങളുണ്ട്
പിന്നെയിത്തിരി കുറുമ്പും

ഞാൻ സമുദ്രമായി, ഭൂമിയായി
അക്ഷരമായി, കവിതയായി
സ്വപ്നമായി..
പലരുമേകിയ മുദ്രകൾ.

എന്റെ മനസ്സിൽ ഞാൻ
ആലിലയനക്കത്തിലെ കവിതയും
പവിഴമല്ലിപ്പൂവുകൾ വിരിയും
ഗ്രാമവുമായിരുന്നു...

No comments:

Post a Comment