Tuesday, May 27, 2014


 MAY 27, 2014
IST 9.37 PM
Tuesday
 മഴ
 

മഴയിഴയിലുദ്യാനസുഗന്ധം
മേഘനാദനടുക്കത്തിലൊരു ദിനാന്ത്യം
പകലോരങ്ങളെഴുതിയ
ത്രിസന്ധ്യാവിളക്കിൽ
തിളങ്ങും മഴത്തുള്ളികൾ
മഴയെന്നുമൊരു കവിതയായിരുന്നു
മനസ്സിൽ പെയ്യും കവിത
കസവുനൂലിനിഴപോൽ
തിളങ്ങുമൊരു നീർത്തുള്ളി
ദിഗന്തമടർന്ന മുറിവുകൾ
മാഞ്ഞുതീരുന്നു
ആകാശത്തിനിതളുകൾ
മഴയിലലിയുന്നു
നാലുകെട്ടിലിരുന്നു കണ്ട
ഗ്രാമമഴയിലെ കവിതയിൽ
മനോഹരമായ ഭൂവിതളുകൾ
പെയ്തിറങ്ങിയ നഗരമഴയിലൊഴുകുന്നു
പ്രായോഗികതയുടെ നീർച്ചാലുകൾ
രണ്ടിലും മുദ്രതീർക്കുന്നു
മുഖപടങ്ങളില്ലാതെയൊരു കവിത
അഗ്നിചിറ്റുകളിലെരിഞ്ഞ
വൃക്ഷശാഖകളിലൂടെ
തണുത്ത മനസ്സിലൂടെ
തിരിഞ്ഞുമുടഞ്ഞും പോകും
പാതകളിലൂടെ
അടഞ്ഞ ജനൽ വാതിലിലൂടെ
മഴസ്വരങ്ങൾ
തുള്ളിത്തുളുമ്പിയൊഴുകുന്നു
ഹൃദ്സ്പന്ദനം പോലൊരു മഴ..

Saturday, May 24, 2014

 May 24, 2014
IST 10.17 AM
Saturdayഅനിയന്ത്രിതമാം ദിനപ്പകർപ്പുകൾക്കരികിൽ
മൊഴിയുണർത്തുന്നു
പുരാതനമാമൊരു സ്വപ്നകാവ്യം
ഇതിഹാസങ്ങളിലലിയാതെ
മഴവീണ് നനയും മണ്ണിൻ സുഗന്ധം
പോലൊരു സ്വപ്നം
തളിരിലകളിൽ തുളുമ്പിയൊഴുകും
മഴത്തുള്ളിപോലൊരു സ്വപ്നകാവ്യം
ആകാശത്തിനൊരിതൾപ്പൂവിൽ
എഴുതും സ്വപ്നം
മുനയൊടിഞ്ഞ തൂലികതുമ്പിൽ
അഷ്ടകലാശം ചെയ്തുനീങ്ങിയ
വേഷപ്പകർച്ചകളിൽ
ദിനാന്ത്യനോവുകളിൽ
ദിവ്യഭാവമേറ്റും നിറദീപങ്ങളിൽ
പ്രകാശിതമാം പ്രപഞ്ചം..

Friday, May 23, 2014

 MAY 24, 2014
10/56 AM
SATURDAY


വൈദ്യുതദീപങ്ങൾ മങ്ങിയ
സന്ധ്യയിൽ
നിലവിളക്കിൽ എണ്ണത്തിരി
തെളിയിക്കും സായന്തനമന്ത്രം

മുദ്രമോതിരങ്ങൾ
മുറിവുകളായ്
നൂറ്റാണ്ടുകളിലൂടെ
സ്വാതന്ത്യത്തിനൊരിതൾ
ഹൃദയത്തിലേറ്റുന്നു
ശ്രീരംഗപട്ടണത്തിൻ
താളിയോലകളിൽ
ഓർമ്മചിന്തുകൾ

നടുക്കം തീർന്നെഴുതിയ
കവിതയിൽ കണ്ണുനീർത്തുള്ളിയുറഞ്ഞ
കനകമുത്തുകൾ
കാവ്യാംബരത്തിൻ
കല്പനകളിൽ
നക്ഷത്രങ്ങൾ

വിടരും പ്രഭാതത്തിലേകാദശഭാവം
നറും മലരുകൾ, തളിരിലകൾ
നിസംഗതയുടെ സമതലങ്ങളിൽ
വൈശാഖം

മുഖദർപ്പണങ്ങളിൽ
പ്രതിബിംബിക്കാനൊരുങ്ങാത്ത മനസ്സ്
ഹൃദയസ്പന്ദനം ഉൾക്കടൽ
ലോകസ്പന്ദങ്ങൾ ചുറ്റൊഴുക്കുകൾ
അന്തരംഗമൊരു ആത്മസ്വരം..
 വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ


വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ
വിസ്മയഭരിതമാകും മനസ്സേ
അരികിൽ ചുമരിലെഴുതിയിടുന്നു
വീണ്ടും വീണ്ടും ആൾക്കൂട്ടം
ഇലയടർന്ന ശിഖരമടർന്ന
വൃക്ഷവിടവുകളിലൂടെ മിഴിയിലേയ്ക്ക്
പുകയിറ്റിക്കുന്നു വീണ്ടും വീണ്ടും
മുഖഛായതെറ്റിയ മുൾമുറിവുകൾ

ഒരിയ്ക്കെലെന്നേ പ്രകോപനത്തിന്റെ
വന്യഭാഷാലിപിയ്ക്കെതിർമൊഴിയെഴുതിയെഴുതിയുലഞ്ഞ
ചന്ദനമരങ്ങൾക്കരികിൽ വീണൊഴിയുന്നു
മുൾവാകപ്പൂവുകൾ
അക്ഷരമുദ്രകളിൽ
സന്ധ്യാവിളക്കെരിയുമ്പോൾ
മുറിഞ്ഞ പക പുകയ്ക്കാനല്പം കടലാസുമായ്
കാലം വരുന്നുവോ


തിരശ്ശീലമറയിലൊളിഞ്ഞിരുന്ന്
ചില്ലുപാളികളാൽ ഹൃദയങ്ങളെ മുറിയ്ക്കും
കൂട്ടായ്മകളെയറിഞ്ഞുതീർന്നിരിക്കുന്നു
മനുഷ്യമുഖങ്ങൾ മറയിട്ടു നീങ്ങുന്നു
ദൈവമതുകണ്ടതിശയപ്പെടുന്നു..


വീര്യം കൂടിയ പ്രകോപനങ്ങളിൽ
ഒരിക്കലേ നിങ്ങൾക്കെന്നെ മുറിവേൽപ്പിക്കാനാവൂ
മുറിവുകളിൽ തേൻ തുള്ളികൾ പോലെ
ഞാനക്ഷരങ്ങൾ നിറയ്ക്കും
ചിരിക്കാൻ മറന്നുതുടങ്ങിയ
ഭൂതകാലത്തിൻ ചെപ്പിൽ
വെറുക്കാൻ പഠിപ്പിച്ച
പഴയ മുഖപടങ്ങൾക്കരികിൽ
നിഴൽപ്പാടുമായ് ഇനിയുമെന്തിന്
കാവലിരിക്കുന്നു നിങ്ങൾ
പുകയ്ക്കുന്നതും, പോർവിളിനടത്തുന്നതും
പിന്നിൽ നിന്നാക്രമിക്കുന്നതും
ചുമരെഴുത്ത് നടത്തുന്നതും
എല്ലാം നിങ്ങളുടെ മാത്രം യുദ്ധതന്ത്രങ്ങൾ
ചന്ദനസുഗന്ധമാർന്ന സോപാനങ്ങളിലൂടെ
പ്രദക്ഷിണവഴിയിലൂടെ ഞാൻ നടക്കും
ദൈവത്തിന്റെ അക്ഷരകാലങ്ങൾ
ശ്രുതിയായുണരുമ്പോൾ
നിങ്ങളുടെ പ്രകോപനങ്ങൾ കണ്ട്,
നിഴൽ യുദ്ധം ചെയ്യുന്നവരെ കണ്ട്
ഞാനും ഒരതിശയഭാവം പണിതെടുക്കാം
പ്രകോപനങ്ങൾക്ക് നന്ദി
അതിനിതളുകൾ പൂവുകൾ പോലെ
കവിതയിലേയ്ക്കാവഹിക്കാം ഞാൻ..


ഹൃദയത്തിന്റെ ഭാഷയിൽ
നിന്നകന്നുനീങ്ങുന്നു ഋണപ്പാടുകൾ
ഹൃദ്സ്പന്ദനകാവ്യങ്ങളിൽ
ഇനിയൊരു യുദ്ധകാണ്ഡമില്ല
ആരണ്യകവാസവുമില്ല
തെളിഞ്ഞ സ്ഫടികചില്ലിൽ
തിളങ്ങുന്ന കവിതകൾ മാത്രം
ശരത്ക്കാലവർണ്ണമാർന്ന്
ശരറാന്തലുകളിൽ തിളങ്ങുന്ന
പ്രകാശം മാത്രം..


Thursday, May 22, 2014


May 22, 2014
IST 11.29 PM
Thursday


ശുഭരാഗങ്ങൾ സന്ധ്യാവിളക്കിനരികിൽ
ശ്രുതിയുണർത്തും ദിനാന്ത്യത്തിൽ
സായാഹ്നകനൽത്തരി നീറ്റിയ
അഗ്നിവർണ്ണങ്ങളിൽ തിളങ്ങും
ലോകഭൂപടം
ഭൂസർഗങ്ങൾ സ്വർവാതിലിനരികിൽ
നക്ഷത്രവിളക്കേന്തിവരും
ത്രിസന്ധ്യയിൽ
ജപമുത്തുകളിലുറയും മന്ത്രങ്ങൾ
ധ്യാനമാകും കൽശീലകളിൽ
സോപാനഗാനങ്ങൾ
ഇടയ്ക്കയിൽ ശ്രുതിയിടും മനോഹരസ്വനം
ഈറനാർന്ന നനവുകൾ മഴമേഘങ്ങളേറ്റും
ഋതുപ്പകർപ്പുകളിൽ
മുദ്രകളും, കടലാസടയാളങ്ങളുമില്ലാതെ
ദേശങ്ങളിൽ കവിത ചുറ്റിയെത്തിയ മനസ്സേ
എത്ര തന്മാത്രകളിൽ
എത്ര നിമിഷതന്തുവിൽ
ഒരു യാത്രയുടെ ചെറിയ വലിയ
സ്വപ്നാടനം
മിഴിയിലുറങ്ങും കവിത പോൽ
വിസ്മയമായ് ഒരു ദിനാന്ത്യം

Wednesday, May 21, 2014

 May 22, 2014
IST 10.18 AM
Thursday


മാമ്പൂക്കൾ വിരിയും
വൈശാഖത്തിൽ,
മഴത്തുള്ളിക്കവിതയിൽ,
ഉടഞ്ഞ ചില്ലുതരിമുറിവ്
സ്ഫടികപാത്രങ്ങളിൽ
തിളക്കമേറിയ പ്രഭാതാക്ഷരങ്ങൾ
നിറയ്ക്കും മനസ്സേ
നിമിഷങ്ങളോടിയ ദർപ്പണചില്ലുകളിൽ
പ്രാചീനമാമൊരിടവേളയുടെ നിഴലൊഴിയും
വർഷ ഋതുവിൽ
ഉറഞ്ഞുതീർന്ന വർത്തമാനകാലം
ലോകഭൂപടം നീർത്തിയതിലൊഴുകും
സമുദ്രങ്ങളിൽ
അതിരുകളുലയും രാജ്യങ്ങൾ
പകർപ്പെഴുതും താലിപത്രങ്ങളിൽ
മുനയൊടിഞ്ഞ തൂലികച്ചെരിവുകൾ
സമതലങ്ങളിൽ
സമാന്തരങ്ങളിൽ
കവിതയൊഴുകുമ്പോൾ
ഇടവപ്പാതിമഴയിലൊരു ഗ്രാമം
ആൽമരച്ചോട്ടിൽ
ഹൃദയസ്പന്ദങ്ങളിലെ
ചന്ദനസുഗന്ധവുമായ് മുന്നിൽ...
May 21, 2014
IST 5.57 PM
Wednesday

ഗ്രാമം ഇലച്ചാർത്തുകൾക്കിടയിലൂടെ
പൂർണ്ണശ്രുതിയിൽ മെല്ലെയുണരും
പ്രഭാതത്തിൽ
കസവുനൂലാൽ തുന്നിയ കവിതയിൽ
കനകവർണ്ണമേറ്റും പകൽ

പ്രപഞ്ചദുന്ദുഭിയിൽ
പ്രദക്ഷിണവഴിയിലൂടെ
നിഴൽ മാഞ്ഞ വാതായനങ്ങളിലൂടെ
നടന്നേറുന്ന നീർക്കണങ്ങൾ

മുദ്രകളിൽ മുനമ്പിൻ ശംഖുകൾ
കൽഹാരങ്ങൾ സഹസ്രനാമജപമായ്
ശ്രീകോവിലേറും മന്ത്രസന്ധ്യകൾ

ഇടവേളയിൽ പതാകയിൽ
കനകാംബരങ്ങൾ നിറയുമ്പോൾ
മനസ്സിൽ പാതിവഴിയിലുപേക്ഷിച്ച
രാജ്യം പോലൊരു നിസംഗത

അലങ്കാരം തെറ്റിയ കവിതയിൽ
ആഭരണമുത്തുകളായ് മഴത്തുള്ളികൾ
മഴയെഴുത്തുകൾ മാഞ്ഞുതീരാതെ
ആകാശം

പ്രകാശം മനസ്സിന്റെ ഗാനമാകുമ്പോൾ
ആത്മാവിന്റെയൊരിതളിൽ
രത്നമുത്തുകൾ പോൽ തിളങ്ങും
അക്ഷരങ്ങൾ

ഉപാധികളില്ലാതെ
പൂക്കാലം വിരിയും പോൽ
ഊഞ്ഞാൽ പടിയിൽ
പ്രപഞ്ചമെഴുതും മഹാഗാനങ്ങൾ

വിസ്മയഭരിതമാം
കാഴ്ചത്തുടുപ്പുകൾ മിന്നിമായും
മുനമ്പിൻ തീരങ്ങളിൽ
തിളക്കമാർന്ന ശംഖിനുള്ളിലെ
സമുദ്രമായ് വളരുന്നു
ഹൃദയകവിതകൾ...

Tuesday, May 20, 2014

 May 21, 2014
IST 9.30 AM
WEDNESDAYഉദ്യാനത്തിൻ വൃക്ഷശിഖരങ്ങളിലൂടെ,
പൂവിതളുകളിലൂടെ
തളിരിലകളിലൂടെ
ആത്മാവിന്റെ ധ്യാനമന്ത്രം പോലെ
മഴയൊഴുകുന്നു
ധനികതീരരാജ്യമെഴുതിയ
പുസ്തകത്താളിലൂടെ
ലോകം വളരും വഴികാണും
ദിനാന്ത്യമുറങ്ങിയ സ്വപ്നങ്ങളിൽ
കവിതപോലൊരു വൈശാഖം
മഴതൂവിയ തീർഥപാത്രങ്ങളിൽ
ഗ്രാമത്തിൻ ഘനരാഗങ്ങൾ..
മിഴിയിൽ കടന്നേറുന്ന
ദൃശ്യഭാവങ്ങളിൽ
സ്പർശ്യമാമൊരു നിസംഗസ്വരം
ഒഴുകിയൊഴുകിയൊടുവിൽ വിരലിലുറയും
മഴത്തുള്ളിപോൽ ഹൃദയം..

Saturday, May 17, 2014

 May 17, 2014
IST 11.05 AM
Sunday


ദൃശ്യാതീതമാം പ്രപഞ്ചഖനിയിൽ
നക്ഷത്രങ്ങൾ പോലും തിളങ്ങും
അക്ഷരങ്ങൾ
ഗ്രാമമുറങ്ങിയ സായന്തനവിളക്കിൽ
സ്വർണ്ണനാളങ്ങൾ
മിഴിതുറന്നരികിൽ പ്രഭാതം
പവിഴമല്ലിപ്പൂക്കൾ വിരിയും
ഉദ്യാനത്തിൽ
സുഗന്ധമൊഴുകും സ്വരങ്ങൾ
മഴതൊട്ടുണരും സോപാനങ്ങൾ
ചിത്രത്തൂണുകളിൽ ചിദംബരലയം
ആകാശമേലാപ്പിൽ അഖണ്ഡനാമജപം
മൊഴിമുദ്രയിലൊഴുകും സമുദ്രതീരങ്ങളിൽ
കസവുതുന്നും കാവ്യസ്വരങ്ങൾ...
 May 17, 2014
IST 9.35 PM
Saturday


ദിനാന്ത്യക്കുറിപ്പുകളിൽ
പ്രകൃതിയുടെ തീവ്രസ്വരങ്ങൾ
തുർക്കിയിലൂടെ
മേഘനനദീതീരത്തിലൂടെ
ഉദ്യാനം ചുറ്റിയൊഴുകിയൊരു
മൺതരിയിലുറയുന്നു
ലോകത്തിനപ്പുറത്തേയ്ക്കൊരു
വാതിലനരികിൽ
യാത്രാനൗകയുലഞ്ഞുറങ്ങിയ
ഹൃദയങ്ങൾ
ആരവങ്ങളുമായ്
നീങ്ങുമാൾക്കൂട്ടത്തിനരികിൽ
നിറമൊഴിയും വൈശാഖചന്ദനം
സന്ധ്യാവിളക്കിൽ പ്രകാശബിന്ദുക്കളുറങ്ങിയ
മഴക്കാലത്തിൽ
എഴുതിയ കടലാസുതാളുകളിൽ
കാവ്യമുദ്രകൾ..

Friday, May 16, 2014

 May 16, 2014
IST 10.14 AM
Saturday


 പ്രകൃതിസ്വരങ്ങൾ
 


ഭൂമിയുടെ നിനവുകൾ
കാവ്യങ്ങളായൊഴുകും
സമുദ്രശംഖുകൾ
ഇടവേളകളുടെ മർമ്മരം
തീർന്ന നിസംഗതീരങ്ങൾ
വൈശാഖശുഭ്രദലങ്ങൾക്കരികിൽ
മഴയുടെ ദിവ്യശ്രുതി
പാരിജാതങ്ങൾ വിരിയും
ഗ്രാമമേ, മനസ്സിൽ കവിതയുണർത്തിയ
പൂർവാഹ്നങ്ങളിൽ  പ്രകാശമാനമായ
അക്ഷരങ്ങളായ്
പ്രകൃതിസ്വരങ്ങൾ...

Sunday, May 11, 2014

May 12, 2014
IST 9.39 AM
Monday


പ്രഭാതമഴയിൽ ഗ്രാമമെഴുതിയ
കവിതയിൽ
പവിഴമല്ലിയിതളുകൾ
നഗരമുലച്ച ഹൃദയസ്പന്ദങ്ങളിൽ
തീവ്രസ്വരങ്ങൾ
ഇഴയടർന്ന ഓർമ്മകളിൽ
കൂട്ടം തെറ്റിയോടും മുകിൽത്തുണ്ടുകൾ,
തീരമണൽത്തരികൾ
യുദ്ധമുറിവുകളുണങ്ങാത്ത
അതിരുകളിലൂടെ
വിപ്ലവമൊടുങ്ങിയ നഗരങ്ങളിലൂടെ
ഗ്രഹമിഴികളാൽ നിശ്ശബ്ദമാക്കപ്പെട്ട
ശുഭ്രാകാശത്തിലൂടെ
ഋതുക്കളിലൂടെ
ഗ്രാമനഗരവിങ്ങലേറ്റും
വിരൽതുമ്പിലൂടെ
മനസ്സ് യാത്രയിലാവും
പ്രകാശബിന്ദുവിലുണരും
അക്ഷരങ്ങൾ

Monday, May 5, 2014

 MAy 6, 2014
IST 8.51 AM


സ്വരങ്ങളുണർന്ന കടൽ ശംഖിൽ
ദിനങ്ങളെഴുതിയ ഗ്രഹമൊഴികൾ
നിഴൽപ്പാടുകൾ മാഞ്ഞ മഴയിഴയിൽ
നേർത്തുവരും പ്രഭാതം
ചുറ്റുവിളക്കുകളുറങ്ങിയ
പ്രദക്ഷിണവഴിയിൽ
കൽത്തേരുകൾ
കടം കഥയുടെ കല്പനകളിൽ
ഇലയനക്കങ്ങൾ
മൃദുപദങ്ങൾ ചുറ്റിവരും മനസ്സിൽ
തളിരിലകൾ, ഗ്രാമസുഗന്ധം
വൃത്തം തെറ്റിയ കവിതകളിൽ
വിസ്മയക്കൂട്ടായക്ഷരങ്ങൾ...
 MAY 5, 2014
IST 9.33 PM
MONDAY


സായാഹ്നമഴയിൽ
ഉദ്യാനമൊരു കവിതയായി
മിഴിയിലുടക്കിയ അക്ഷരങ്ങൾ
ആവനാഴികളിലസ്ത്രങ്ങൾ
പൂക്കളായ് പെയ്തൊഴിയും
പുരാണങ്ങൾ കണ്ടുനീങ്ങി
സന്ധ്യാദീപങ്ങൾ തെളിയും
പടിപ്പുരയിൽ ഗ്രാമം
ഹൃദ്സ്പന്ദനകാവ്യങ്ങൾ തേടി
ഇതളടർന്ന ആകാശം
നക്ഷത്രപ്രകാശത്തിൽ
ഓർമ്മകളുടെയക്ഷരക്കൂട്ടുകളിൽ
സ്വർണ്ണചേർത്തൊരു
വ്യോമഗാനമെഴുതി
മൊഴിപകർന്നൊരു മുനമ്പിൻ തീരം
മിഴിപൂട്ടിയുറങ്ങി...