Wednesday, May 21, 2014

May 21, 2014
IST 5.57 PM
Wednesday

ഗ്രാമം ഇലച്ചാർത്തുകൾക്കിടയിലൂടെ
പൂർണ്ണശ്രുതിയിൽ മെല്ലെയുണരും
പ്രഭാതത്തിൽ
കസവുനൂലാൽ തുന്നിയ കവിതയിൽ
കനകവർണ്ണമേറ്റും പകൽ

പ്രപഞ്ചദുന്ദുഭിയിൽ
പ്രദക്ഷിണവഴിയിലൂടെ
നിഴൽ മാഞ്ഞ വാതായനങ്ങളിലൂടെ
നടന്നേറുന്ന നീർക്കണങ്ങൾ

മുദ്രകളിൽ മുനമ്പിൻ ശംഖുകൾ
കൽഹാരങ്ങൾ സഹസ്രനാമജപമായ്
ശ്രീകോവിലേറും മന്ത്രസന്ധ്യകൾ

ഇടവേളയിൽ പതാകയിൽ
കനകാംബരങ്ങൾ നിറയുമ്പോൾ
മനസ്സിൽ പാതിവഴിയിലുപേക്ഷിച്ച
രാജ്യം പോലൊരു നിസംഗത

അലങ്കാരം തെറ്റിയ കവിതയിൽ
ആഭരണമുത്തുകളായ് മഴത്തുള്ളികൾ
മഴയെഴുത്തുകൾ മാഞ്ഞുതീരാതെ
ആകാശം

പ്രകാശം മനസ്സിന്റെ ഗാനമാകുമ്പോൾ
ആത്മാവിന്റെയൊരിതളിൽ
രത്നമുത്തുകൾ പോൽ തിളങ്ങും
അക്ഷരങ്ങൾ

ഉപാധികളില്ലാതെ
പൂക്കാലം വിരിയും പോൽ
ഊഞ്ഞാൽ പടിയിൽ
പ്രപഞ്ചമെഴുതും മഹാഗാനങ്ങൾ

വിസ്മയഭരിതമാം
കാഴ്ചത്തുടുപ്പുകൾ മിന്നിമായും
മുനമ്പിൻ തീരങ്ങളിൽ
തിളക്കമാർന്ന ശംഖിനുള്ളിലെ
സമുദ്രമായ് വളരുന്നു
ഹൃദയകവിതകൾ...

No comments:

Post a Comment