Friday, May 23, 2014

 വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ


വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ
വിസ്മയഭരിതമാകും മനസ്സേ
അരികിൽ ചുമരിലെഴുതിയിടുന്നു
വീണ്ടും വീണ്ടും ആൾക്കൂട്ടം
ഇലയടർന്ന ശിഖരമടർന്ന
വൃക്ഷവിടവുകളിലൂടെ മിഴിയിലേയ്ക്ക്
പുകയിറ്റിക്കുന്നു വീണ്ടും വീണ്ടും
മുഖഛായതെറ്റിയ മുൾമുറിവുകൾ

ഒരിയ്ക്കെലെന്നേ പ്രകോപനത്തിന്റെ
വന്യഭാഷാലിപിയ്ക്കെതിർമൊഴിയെഴുതിയെഴുതിയുലഞ്ഞ
ചന്ദനമരങ്ങൾക്കരികിൽ വീണൊഴിയുന്നു
മുൾവാകപ്പൂവുകൾ
അക്ഷരമുദ്രകളിൽ
സന്ധ്യാവിളക്കെരിയുമ്പോൾ
മുറിഞ്ഞ പക പുകയ്ക്കാനല്പം കടലാസുമായ്
കാലം വരുന്നുവോ


തിരശ്ശീലമറയിലൊളിഞ്ഞിരുന്ന്
ചില്ലുപാളികളാൽ ഹൃദയങ്ങളെ മുറിയ്ക്കും
കൂട്ടായ്മകളെയറിഞ്ഞുതീർന്നിരിക്കുന്നു
മനുഷ്യമുഖങ്ങൾ മറയിട്ടു നീങ്ങുന്നു
ദൈവമതുകണ്ടതിശയപ്പെടുന്നു..


വീര്യം കൂടിയ പ്രകോപനങ്ങളിൽ
ഒരിക്കലേ നിങ്ങൾക്കെന്നെ മുറിവേൽപ്പിക്കാനാവൂ
മുറിവുകളിൽ തേൻ തുള്ളികൾ പോലെ
ഞാനക്ഷരങ്ങൾ നിറയ്ക്കും
ചിരിക്കാൻ മറന്നുതുടങ്ങിയ
ഭൂതകാലത്തിൻ ചെപ്പിൽ
വെറുക്കാൻ പഠിപ്പിച്ച
പഴയ മുഖപടങ്ങൾക്കരികിൽ
നിഴൽപ്പാടുമായ് ഇനിയുമെന്തിന്
കാവലിരിക്കുന്നു നിങ്ങൾ
പുകയ്ക്കുന്നതും, പോർവിളിനടത്തുന്നതും
പിന്നിൽ നിന്നാക്രമിക്കുന്നതും
ചുമരെഴുത്ത് നടത്തുന്നതും
എല്ലാം നിങ്ങളുടെ മാത്രം യുദ്ധതന്ത്രങ്ങൾ
ചന്ദനസുഗന്ധമാർന്ന സോപാനങ്ങളിലൂടെ
പ്രദക്ഷിണവഴിയിലൂടെ ഞാൻ നടക്കും
ദൈവത്തിന്റെ അക്ഷരകാലങ്ങൾ
ശ്രുതിയായുണരുമ്പോൾ
നിങ്ങളുടെ പ്രകോപനങ്ങൾ കണ്ട്,
നിഴൽ യുദ്ധം ചെയ്യുന്നവരെ കണ്ട്
ഞാനും ഒരതിശയഭാവം പണിതെടുക്കാം
പ്രകോപനങ്ങൾക്ക് നന്ദി
അതിനിതളുകൾ പൂവുകൾ പോലെ
കവിതയിലേയ്ക്കാവഹിക്കാം ഞാൻ..


ഹൃദയത്തിന്റെ ഭാഷയിൽ
നിന്നകന്നുനീങ്ങുന്നു ഋണപ്പാടുകൾ
ഹൃദ്സ്പന്ദനകാവ്യങ്ങളിൽ
ഇനിയൊരു യുദ്ധകാണ്ഡമില്ല
ആരണ്യകവാസവുമില്ല
തെളിഞ്ഞ സ്ഫടികചില്ലിൽ
തിളങ്ങുന്ന കവിതകൾ മാത്രം
ശരത്ക്കാലവർണ്ണമാർന്ന്
ശരറാന്തലുകളിൽ തിളങ്ങുന്ന
പ്രകാശം മാത്രം..






No comments:

Post a Comment