Thursday, August 14, 2014

AUGUST 15, 2014
Friday 9.52 AM

സ്വാതന്ത്ര്യമുദ്ര


ആകാശത്തിനിതളിൽ
സ്വതന്ത്രമുദ്രയുടെ നക്ഷത്രത്തിളക്കം
കറുകനാമ്പുകളാൽ കനൽ തൊട്ട
കർക്കടകനീർത്തുള്ളിയിൽ
വഴിയിലൊരു ഗ്രാമം
പുരാണമായ്, പുണ്യാഹതീർഥമായ്
നഗരനോവുകളിൽ മൃതസഞ്ജീവിനിയായ്
മൃത്യഞ്ജയമായ് മനസ്സിന്റെ ചില്ലുതരികളിൽ
മുറിവുണക്കും അമൃതായ്
ചന്ദനസുഗന്ധമായ് നിറഞ്ഞൊഴുകുമ്പോൾ
താമരക്കുളങ്ങളിൽ നിന്നൊഴുകിയെത്തും
കാറ്റിൻ മൃദുമർമ്മരമായ്
രാഗമാലികാസ്വരങ്ങൾ വിടരും
കൽ മണ്ഡപങ്ങളിൽ
ഉടഞ്ഞ മൺവിളക്കിൽ നിന്നൊഴുകിയ
കവിതയായ്,  പുനർജനിയായ്
ഈറൻ കസവുമായ് തളിരിലത്തുമ്പിൽ
ഗ്രാമനഗരങ്ങൾ ചേർത്തെഴുതിയ
മുനമ്പിൻ സന്ധ്യാതീരങ്ങളിൽ
കടൽ ശംഖുകളായ്, വജ്രപ്രകാശമായ്
ആകാശം നിറയുമ്പോൾ
ലയം തെറ്റിയ ലോകത്തിൻ
നിടിലത്തീയിലുലയും അതിരുകളിൽ,
ആരൂഢമുടഞ്ഞ അറപ്പുരയിലെ
ഏത് നോവിലാവും
ചില്ലുകൂടുടഞ്ഞ ദിനങ്ങളുടെ
കവിതയായ് ഞാനുണർന്ന
പതാകാവർണ്ണങ്ങളിൽ
കനൽത്തരികളിൽ
സ്വാതന്ത്ര്യമുദ്രകളിൽ
എന്റെ ഹൃദയം സ്പന്ദിക്കുന്നത്...

Monday, August 11, 2014

AUGUST 12, 2014
IST 9.06 AM


മഴക്കാലമൊരു നീർക്കണമായ്
മാഞ്ഞുതീരും പ്രഭാതത്തിൽ
ഹരിതാഭമാം സ്വപ്നം വിടരും തളിരിലകളിൽ
വരുംഋതുക്കളുടെ ദീർഘവീക്ഷണമിഴി
ഗ്രാമമൊരൊതുക്കുകല്ലിൽ
ചന്ദനവർണ്ണമാർന്ന നിത്യതയാവുമ്പോൾ
നഗരം വളരും പാതയോരം
നക്ഷത്രക്കൂടാരം തേടി, ആകാശം തേടി
ചിന്തേരിട്ട ഗോപുരമുകളിൽ
നീർത്തുള്ളികൾ തൊട്ടുണർത്തും
ഹൃദയത്തിൽ സുഗന്ധമാർന്നൊരു
പവിഴമല്ലി
ഇടവേളയിലെഴുതിയ ചില്ലടർന്ന
അക്ഷരമുറിവിൽ ചക്രവാകപ്രഭാതസ്വരം
മൊഴിയുലഞ്ഞ മുനമ്പിൽ
ധ്യാനത്തിലൊരു ശംഖ്


Sunday, August 10, 2014


August 10, 2014
IST 11.53 PM


തണുപ്പാർന്ന കാറ്റും മഴയും
ഉദ്യാനവും കവിതയും
പ്രഭാതത്തിലുണർന്ന ദീപവും
കാൽപ്പനികയുടെ യവനികയിൽ
കടലോളം കാണും എഴുത്തുപുരയിൽ
അഴിമുഖങ്ങൾക്കപ്പുറം
തീർഥപാത്രങ്ങളിൽ പുണ്യാഹതീർഥവുമായ്
മഴപ്പാടുകൾ
മണൽത്തീരങ്ങളിലൂടെ കടൽശംഖ് തേടിയ
ബാല്യവും
കാണെക്കാണെ വാനപ്രസ്ഥമേറും
മനസ്സും
കളിനൗകകളൊഴുകിയ നഗരം മൂടിയ
പഴയ നീർച്ചാലുകളിൽ
കദനമുറഞ്ഞ പാടുകൾ
തപാൽ മുദ്രതീർത്ത മങ്ങിയ വലയങ്ങളിൽ
അക്ഷരത്തെറ്റുപോലൊരു മേൽ വിലാസം
അഗ്നിയുതിർന്ന ആവണിപ്പലകയിൽ
സായന്തനമന്ത്രങ്ങൾ
പകർന്നെടുത്ത അക്ഷരങ്ങൾ
കാവ്യചിന്തുകളായ് മാറും
ദിനാന്ത്യത്തിൽ ഹൃദയത്തിരിവിൽ
ജപമുത്തുപോലൊഴുകും ഭൂമി