Thursday, August 14, 2014

AUGUST 15, 2014
Friday 9.52 AM

സ്വാതന്ത്ര്യമുദ്ര


ആകാശത്തിനിതളിൽ
സ്വതന്ത്രമുദ്രയുടെ നക്ഷത്രത്തിളക്കം
കറുകനാമ്പുകളാൽ കനൽ തൊട്ട
കർക്കടകനീർത്തുള്ളിയിൽ
വഴിയിലൊരു ഗ്രാമം
പുരാണമായ്, പുണ്യാഹതീർഥമായ്
നഗരനോവുകളിൽ മൃതസഞ്ജീവിനിയായ്
മൃത്യഞ്ജയമായ് മനസ്സിന്റെ ചില്ലുതരികളിൽ
മുറിവുണക്കും അമൃതായ്
ചന്ദനസുഗന്ധമായ് നിറഞ്ഞൊഴുകുമ്പോൾ
താമരക്കുളങ്ങളിൽ നിന്നൊഴുകിയെത്തും
കാറ്റിൻ മൃദുമർമ്മരമായ്
രാഗമാലികാസ്വരങ്ങൾ വിടരും
കൽ മണ്ഡപങ്ങളിൽ
ഉടഞ്ഞ മൺവിളക്കിൽ നിന്നൊഴുകിയ
കവിതയായ്,  പുനർജനിയായ്
ഈറൻ കസവുമായ് തളിരിലത്തുമ്പിൽ
ഗ്രാമനഗരങ്ങൾ ചേർത്തെഴുതിയ
മുനമ്പിൻ സന്ധ്യാതീരങ്ങളിൽ
കടൽ ശംഖുകളായ്, വജ്രപ്രകാശമായ്
ആകാശം നിറയുമ്പോൾ
ലയം തെറ്റിയ ലോകത്തിൻ
നിടിലത്തീയിലുലയും അതിരുകളിൽ,
ആരൂഢമുടഞ്ഞ അറപ്പുരയിലെ
ഏത് നോവിലാവും
ചില്ലുകൂടുടഞ്ഞ ദിനങ്ങളുടെ
കവിതയായ് ഞാനുണർന്ന
പതാകാവർണ്ണങ്ങളിൽ
കനൽത്തരികളിൽ
സ്വാതന്ത്ര്യമുദ്രകളിൽ
എന്റെ ഹൃദയം സ്പന്ദിക്കുന്നത്...

No comments:

Post a Comment