Monday, September 8, 2014

തപോതീരങ്ങൾ
September 9, 2014 7.47 AM



ദൈവകണമുറങ്ങും മനസ്സേ
അറിയാതെയറിയാതെ പുകമൂടിയ
കണ്ണാടിച്ചില്ലുകളിൽ നിന്നടർന്നുവീണ
പ്രതിബിംബമോ മുഖം
ഈറനാർന്ന മഴദിനങ്ങൾക്കപ്പുറം
ഇടവഴിയിലൂടെ പാതിയുടഞ്ഞ
മൺ വിളക്കുകൾക്കരികിലൂടെ
കായലോരക്കാഴ്ചയിൽ
ചക്രവാളത്തിൻ ഭാദ്രപാദസന്ധ്യകൾ
തുമ്പപ്പൂ തേടിയൊഴുകിയ ബാല്യമേ
അതിരുകൾ കടന്ന് മധ്യധരണ്യതീരങ്ങളിലൂടെ
പടിഞ്ഞാറൻ ഏഷ്യയിൽ
ജറുസലേമിൽ ഘനീഭവിക്കും മിഴിനീർത്തുള്ളികൾ
ആറാം അവതാരത്തിൻ മഴുതുമ്പിലുണരും
ഐതീഹ്യം തേടി,
പൂർവ്വഘട്ടത്തിലൂടെ, മഹേന്ദ്രഗിരിയിലൂടെ
യാത്രചെയ്തെത്തും സങ്കല്പമേ
കവിതയുടെ അക്ഷരങ്ങളിൽ
കല്പതരുക്കളാലംകൃതമാം
തപോതീരങ്ങൾ