Wednesday, October 29, 2014

അക്ഷരങ്ങളുടെ മൃദുമർമ്മരം


തുലാവർഷമഴയിലെ തണുപ്പിൽ
പായ്മരങ്ങളിലാതെ
നീങ്ങിയ കാറ്റിൽ കടഞ്ഞെടുത്ത
കൽക്കണ്ടതുണ്ടുകളും
തേൻ തുള്ളികളും
നിവേദ്യപാത്രത്തിൽ

ആരോഹണം തെറ്റിയ
അനുശ്രുതിയിൽ
വൃത്തഭാവമില്ലാതെ
വിതുമ്പും കവിത

സാഗരങ്ങൾക്കരികിൽ
അഗ്നിപർവതങ്ങളുടെ,
ഉദയസൂര്യന്റെ രാജ്യം
ഈറനാർന്ന നഗരപാതയിൽ
ചില്ലകളടർന്ന കിളിക്കൂടുകൾ

നീർത്തിയിട്ട പരവതാനിയിൽ
ട്രൈഗിസിന്റെ കണ്ണുനീർത്തുള്ളികൾ
സത്യാസത്യങ്ങളുടെ വ്യഥിതമുറിവിൽ
റയ്ഹാനയുടെ ഹൃദ്സ്പന്ദനങ്ങൾ

വിസ്മൃതിയുടെ ചിറകിലേറ്റി
മറന്നുതീരും മുൻപേ
കടലോരത്തും, വൻകരകളിലും
കാർത്തികദീപവുമായ് മഴത്തുള്ളികൾ

ഇലപൊഴിയും കാലത്തിനുലയിൽ
സ്വർണ്ണം പോൽ തിളങ്ങും
മനസ്സിനൊരു കോണിൽ
സ്ഫടിക ഗോളം പോലെ ഭൂമി
ഗ്രാമനഗരങ്ങളുടെയകലം കുറയും
അതിരുകളിൽ
വെള്ളോട്ടുമണികളുടെ മുഴക്കം..

ആരവങ്ങളുടെ അർഥരാഹിത്യത്തിനരികിൽ
അക്ഷരങ്ങളുടെ മൃദുമർമ്മരം
എന്നെയുണർത്തുന്നു..


Sunday, October 12, 2014

OCTOBER 2014


ഭൂതീരങ്ങളിൽ കാറ്റുലയുമ്പോൾ
ശാന്തസമുദ്രതീരങ്ങൾക്കപ്പുറം
പാതിയണഞ്ഞ വിളക്കുമായ്
മഴത്തുള്ളികൾ പടിവാതിലിൽ
തീർഥം തൂവുമ്പോൾ
അഗ്നിപർവതശിലകളുലഞ്ഞൊഴുകും
ഭൂഖണ്ഡങ്ങളിൽ
അത്മാവിന്റെ സംഗീതമുറയും
അതിരാത്രങ്ങളിൽ
ജപമന്ത്രങ്ങളുലയും ദിനപ്പകർപ്പുകൾ
മൃദുലദലങ്ങളാൽ മഴപ്പൂവുകളെഴുതും
കാവ്യചിത്രങ്ങൾക്കപ്പുറം
ദിനാന്ത്യത്തിൻ നൊമ്പരപ്പൂവുകൾ
രഥമുരുളും തീരങ്ങളിൽ
മുനമ്പിൻ സായന്തനസംഗീതം
ധ്യാനം...