Thursday, February 3, 2022
..യാത്ര
യാത്രയിലൊന്നിൽ ഭൂമി
കാലുടക്കിവീഴുന്നു
കാട്ടിലെ ദിനോസറും
പലതും മാഞ്ഞേ പോയി
മരുഭൂമിയിൽ വന്ന്
സമുദ്രം കൊട്ടിപ്പാടി
ചിരിയൊന്നതിൽ നിന്ന്
നിലാവോ മിന്നിക്കത്തി
ഇരുളിൻ മഹാശൂന്യ-
വഴി പിന്നിട്ടെത്തുന്ന
നടുക്കം പോലേ നിന്നു
രാത്രിയും രാപ്പാടിയും ..
ema Pisharody..
February 2, 2022
Wednesday, February 2, 2022
AKSHARANGAL
അക്ഷരങ്ങൾ
കൺകളിൽ ഇരുൾ തീണ്ടിയ മേഘങ്ങൾ
പെയ്യുവാനായൊരുങ്ങി നിന്നീടവേ
ചെങ്കനൽ നീറ്റി സാന്ധ്യവർണ്ണങ്ങളിൽ
പിന്നെയും തിരി വച്ച താരങ്ങളേ
നിദ്രതൻ മങ്ങിനിൽക്കും വിളക്കി നെ
കൈയിലേറ്റി നിലാവാൽ തെളിക്കവേ
യാത്ര തൻ പരിക്ഷീണമാം പാതയിൽ
കൂട്ടിനുണ്ടെന്ന് ചൊല്ലിയ കാലമേ
താഴെ വീഴുമെന്നോർത്തങ്ങിരിക്കവെ
താങ്ങി നിർത്തിയ സർവ്വം സഹേ ഭൂമി
കൂട്ടിനാരുമില്ലെന്ന് കരുതവേ
കൂട്ടുകൂടുവാൻ വന്ന ഋതുക്കളേ
ഇല്ലെനിക്കിനി വയ്യെന്നു ചൊല്ലവേ
കൈപിടിച്ചോരു സർഗ്ഗാത്മലോകമേ
നേരെഴുത്തിൻ്റെ മൗനവാല്മീകത്തിൽ
ധ്യാനലീനമിരുന്ന ലിപികളേ
അക്ഷരങ്ങളേയെന്നും പരസ്പര-
ചക്രവാളം തൊടുന്നോരനന്തതേ!
അഗ്നിസൂര്യൻ ജ്വലിക്കവേ പാടുവാൻ
നിത്യമെത്തുന്ന പാട്ടുകാർ പക്ഷികൾ
ചിത്രകംബളം നീർത്തി പരസ്പരം
ഹൃദ്യമീലോക സൗഹൃദക്കാഴ്ചകൾ
കൈവിരൽ തൊടും ഭൂമി, മഴ
മണ്ണിലെന്നുമുണ്ടീപരസ്പരാകർഷണം
Rema Pisharody
February 2, 2022
Tuesday, February 1, 2022
ചിത്രശലഭം
കുനുകുനെ കുത്തിക്കുറിപ്പുകൾ
വെള്ളക്കടലാസിൽ നിന്ന്
പറന്ന് പോകുന്നു.
കിളികളായിടാം, മുകിലതായിടാം
വിടർന്ന പൂവിൻ്റെ ഇതളുമായിടാം
ചിറകെല്ലാം വാടിക്കരിഞ്ഞൊരു
ചിത്രശലഭമീ താളിൽ തളർന്നിരിക്കുന്നു..
(Rema Pisharody)
February 1, 2022
Monday, January 31, 2022
വിലാപകാലം
വിലാപയാത്രകൾ
ശ്മശാനഗന്ധങ്ങൾ
വഴിപിരിയുവോർ
വിടപറയുവോർ
ഇടയിടയിലെ
നനുത്ത ശ്വാസമേ,
ഹൃദയമേ നീയും
മിഴിനീരൊപ്പുന്നു.
Rema Pisharody
January 41, 2022
Sunday, January 30, 2022
ചിറക്
ചിറകൊടിഞ്ഞൊരു
പക്ഷിയെ പോലെയീ-
പകലൊരു കൂട്ടി-
ലൊറ്റയ്ക്കിരിക്കുന്നു.
കനലെരിയുന്ന സായാഹ്നവും
നദിക്കരയിലായ് '
വെയിൽ കായുന്ന
ശിശിരവും
പറയുവാനൊന്നുമില്ലാത്ത
പോലാറ്റുകടവിൽ
നിന്നൊരു തോണിയേറീടുന്നു
ചിറകു നീർത്തുവാനാവാത്ത
ചില്ലയിൽ ഇതൾവിടർത്തും
നിലാവിൻ്റെ മർമ്മരം..
January 30, 2022
Rema Pisharody
Saturday, January 29, 2022
ഒരു സ്വകാര്യം
ഒരു സ്വകാര്യം
January 29, 2022
പറഞ്ഞു തീരാത്ത കഥകളുമായ്
ഇനിയുമെത്തിടും പകലിരവുകൾ
പതിയെയാരോടും പറയരുതെന്ന്
പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത്
തിരികെയെത്തിടും തിടുക്കത്തിലൊരു
മതിലുടച്ചിടും മറഞ്ഞു പോയിടും
ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം!
കനൽ തൂവി തിളങ്ങും പാതകൾ
അരികിലായ് ഗോത്രപവിത്രത, മുല്ല-
മലരുകൾ, ശബ്ദരഹിതശൂന്യത
വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ
സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം
വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ
പറന്നു നീങ്ങുന്ന ഹൃദയമൈനകൾ..
ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ
അവിടെയാകാശമത് കാൺക വേണ്ട
പതിയെ ചൊല്ലിയ സ്വകാര്യമാണിത്
നിറയെ മഞ്ചാടിക്കുരു തൊടിയിലായ്
മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ
അതിശയത്തിന്റെ കൊടുമുടിയേറ്റി
ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി-
യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു
പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ
വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം
കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ
വഴിയടയയാളം ഇലത്തളിരുകൾ
ഇലപ്പൊതികളിൽ രുചിയൊരിക്കലും
മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്..
വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത-
നുണകളാധികൾ,കുറുമ്പുകളെല്ലാം
സ്വകാര്യമാണിത് പറയരുതിത്;
വരും ദൈവം സ്വപ്നവഴികളാരോടും
കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും
ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ
പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ
പലതുമോർമ്മകൾ, പവിത്രബന്ധനം
ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ
വസന്തമാകുന്ന സ്മൃതിയിതളുകൾ
Friday, January 28, 2022
അന്തർഗതം
ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന
കനൽ തിന്ന പക്ഷികൾ വരുന്നു
മൃതിയിൽ, നിരാശയുടെ മൗനത്തിൽ,
വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു
ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ
ഉറവകൾ വരണ്ട് പോകുന്നു
ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ
ചലനം നിലച്ച് പോകുന്നു
ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം
വ്യഥകൾ തരിച്ചിരിക്കുന്നു
കുരുവികൾ പറന്ന് പോം കൂടിൻ്റെ
നഗരങ്ങളിടറുന്നു വീണുപോകുന്നു
പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ
ഇരുൾ തേടിയോടിയോരെല്ലാം
പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ
കരൾ നൊന്ത് നിൽക്കും പ്രപഞ്ചം
മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട്
കരയും ഋതുക്കൾ പറഞ്ഞു
ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ
എഴുതിപ്പകർത്തി സൂക്ഷിക്കാം
വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ
ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ
ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ,
ഇതളറ്റ് വീണവർ നമ്മൾ.
ഇനിയെന്തിതെന്നോർത്ത് നിൽക്കവെ
ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും
അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി-
അരികത്തിരിക്കുന്നു ഭൂമി.
Rema Rasanna Pisharody<
January 28, 2022
Thursday, January 27, 2022
ജനുവരി
ജനുവരി
ഓരോരോ കാലത്തിൻ്റെ
സങ്കടം മഞ്ഞിൽ പുതഞ്ഞീവിധം
മൂടിക്കെട്ടിയരികത്തിരിപ്പുണ്ട്
ഇരുണ്ടും നെരിപ്പോട് കത്തിച്ചും
ശൈത്യത്തിൻ്റെ തണുപ്പിൽ
നിന്നും മെല്ലെ നടക്കും ജനുവരി
ഉച്ചസൂര്യനോ കത്തിപ്പടർന്നു
കാലത്തിൻ്റെ പച്ചിലച്ചാർത്തിൽ
തീയിട്ടെങ്ങോട്ടോ പോയീടുന്നു
അലസം, ഒരു കാറ്റിലക്ഷരം
പേറ്റിക്കൊഴിച്ചെടുക്കാനാവാതെ
ഞാൻ ധ്യാനമാർന്നിരിക്കവെ
യാത്രയായപ്പോൾ മഞ്ഞുപുതപ്പിൽ
നിന്നും ഒരു വാക്കിലപ്പച്ചപ്പിനെ
തന്ന് പോയ് ജനുവരി..
(By Rema Pisharody
January 27, 2022)
Wednesday, January 26, 2022
തഴുത്
തഴുത്
Rema Pisharody
Januyary 26, 2022
അടച്ച് തഴുതിട്ട മനസ്സിൽ
നിന്നും വാക്കിൻ കിളികൾ
പറക്കാനായ് തിടുക്കം
കൂട്ടീടുമ്പോൾ
തണുത്തങ്ങുറഞ്ഞൊരു
ശൈത്യമായ് മൗനത്തിൻ്റെ
രഹസ്യം തേടിപ്പോയി
മാർഗ്ഗഴിക്കവിതകൾ
Tuesday, January 25, 2022
Sunday, January 23, 2022
ഋണം
ഋണം
By Rema Pisharody
January 23 2022
വാതിലിൽ ഭയം കോലം വരച്ച കാലത്തിൻ്റെ ബാദ്ധ്യത തീരാത്തൊരു ബാക്കിപത്രത്തിൽ നിന്ന് ഇനിയും പൊഴിയാതെ പോകുവാൻ മടിക്കാതെ കനലൊന്നുണ്ടത് കത്തുന്നു പൊള്ളിക്കുന്നു മഴകൾ പെയ്തേ പോയി എങ്കിലും തീരത്തൊരു പൊടിഞ്ഞ ശംഖിൽ ഇന്നും കരച്ചിൽ കേൾക്കുന്നുണ്ട്..
വാതിലിൽ ഭയം കോലം വരച്ച കാലത്തിൻ്റെ ബാദ്ധ്യത തീരാത്തൊരു ബാക്കിപത്രത്തിൽ നിന്ന് ഇനിയും പൊഴിയാതെ പോകുവാൻ മടിക്കാതെ കനലൊന്നുണ്ടത് കത്തുന്നു പൊള്ളിക്കുന്നു മഴകൾ പെയ്തേ പോയി എങ്കിലും തീരത്തൊരു പൊടിഞ്ഞ ശംഖിൽ ഇന്നും കരച്ചിൽ കേൾക്കുന്നുണ്ട്..
Saturday, January 22, 2022
നെരിപ്പോട്
നെരിപ്പോട്
January 22,2022
റാന്തലിൻ തിരി താഴ്ത്തി
ഓർമ്മകൾ മങ്ങിക്കത്തി
പാട്ടിൻ്റെയീണം തെറ്റി
പകലോ മാഞ്ഞേ പോയി
മുഷിഞ്ഞ കടലാസിലാധികൾ
വരഞ്ഞിട്ടു പുകഞ്ഞ
നെരിപ്പോടിലടക്കം
ചെയ്തേ പോന്നു
പിന്നോട്ട് പിന്നോട്ടെന്ന്
വിളിക്കാറുണ്ടോർമ്മകൾ
മുന്നോട്ട് മുന്നോട്ടെന്ന്
കണ്ണുനീർക്കടൽക്കാറ്റ്
Friday, January 21, 2022
കളിവീട്.
കളിവീട്.
Rema Pisharody
January 21, 2022
ഇലവ് പൂവിട്ടൊരിടവഴിയും കടന്നൊരു-
നിഴൽ മൂടി നിൽക്കുന്നൊരോർമ്മയിൽ
പഴയതെല്ലാം തുടച്ചു മായ്ക്കും കോലു-
മഷിപുരണ്ടൊരു സ്ളേറ്റും പിടിച്ചു-
കൊണ്ടിവിടെ ഞാൻ വന്നിരിക്കുന്നു
കണ്ണിലെ നഗരവിഭ്രമം മാഞ്ഞുപോയീടുന്നു
ഇലകളെല്ലാം കൊഴിഞ്ഞുപോയീടുന്നു
ഇതളതെല്ലാം വിടർന്നുവന്നീടുന്നു
മഴു പതിച്ച മൺകൂട്ടിലെ നോവുമായ്
പുതിയ പട്ടാഭിഷേകം തുടങ്ങുന്നു.
ശിരസ്സിലായ് മുള്ളുനാരാൽ മെടഞ്ഞൊരു
മകുടമുണ്ടതിൻ തേരോട്ടമുണ്ടതിൽ
ഇലവ് പൂവിട്ട വഴികളിൽ, തുമ്പികൾ
അവിടെ നമ്മളുണ്ടായീരുന്നു
മാവിൻ്റെ ചുവടിലുണ്ടായിരുന്നൊരു
കളിവീട്...
Thursday, January 20, 2022
കൈറ്റ് ഫെസ്റ്റിവൽ
കൈറ്റ് ഫെസ്റ്റിവൽ
Rema Prasanna Pisharody
January 20, 2022
പട്ടങ്ങൾ പറന്നുപോകുന്നിതാ
ആകാശത്തിൻ സ്വച്ഛമാം നീലപ്പട്ടിൽ
വർണ്ണങ്ങൾ തൂവിക്കൊണ്ട്
കെട്ടുപൊട്ടിയ പട്ടമെന്നപോൽ
മേഘങ്ങളാ പട്ടങ്ങളെല്ലാം
കൈയിലെടുത്ത് ചുംബിക്കുന്നു
കൈകളിലാമ്പൽപ്പൂവും കൊരുത്തു
നടന്നൊരു കൈതപ്പൂസുഗന്ധത്തിൻ
ഗ്രാമത്തിലോണപ്പാട്ടിൽ
പട്ടങ്ങൾ പറന്നത് പോലെയല്ലിത്
ലോകമുൽസവമാക്കുന്നൊരു
മേളയുമാഘോഷവും
പട്ടങ്ങൾ കുരുങ്ങിയ-
പഴയ പ്ളാവിൻ കൊമ്പിൽ
കെട്ടുപൊട്ടിയ നൂലിൻ-
ഓർമ്മകൾ ധ്യാനിക്കുന്നു!
പട്ടങ്ങൾ പറക്കുന്നു
മേഘങ്ങൾ തൊട്ടേറുന്നു,
പട്ടങ്ങളൊരുങ്ങുന്നു
വസന്തം തേടിക്കൊണ്ട്
കൈകളിൽ നിന്നും നൂലു-
പൊട്ടിയ പട്ടങ്ങളായ്
കണ്ണിൽ നിന്നോടിപ്പോകും
പ്രാണൻ്റെ നിശ്വാസങ്ങൾ
ഓരോരോ രൂപങ്ങളിൽ
ഓരോരോ പ്രപഞ്ചമായ്
ഓരോരോ ചിറകുമായ്
പട്ടങ്ങൾ പറക്കുന്നു
കെട്ടിനിർത്തിയ മതിൽ
ക്കെട്ടിനും മീതേ
പറന്നിത്തിരി ആകാശത്തെ
കൈയിലേയ്ക്കെടുക്കുന്നു.
Wednesday, January 19, 2022
അങ്ങനെ ഓരോരോ കനസുകള്
അങ്ങനെ ഓരോരോ കനസുകള്
Rema Pisharody
January 19, 2022
വായിക്കുവാനായെടുത്ത
പുരാതനവായനശാലയിൽ
*മൂകജ്ജി വന്നുവോ
കാലം തണുപ്പിച്ച കാറ്റും,
നിഗൂഢമാം കാലടിപ്പാടും
പതുക്കെ സ്പന്ദിച്ചുവോ
നെറ്റിയിൽ പൊട്ടിട്ട ബാല്യം-
ഒരിത്തിരി കുട്ടയിൽ സ്വപ്നങ്ങൾ
നെയ്തങ്ങിരുന്നുവോ?
കെട്ടിച്ചമച്ചതെല്ലന്നതീന്ദ്രിയ-
സത്യം പറഞ്ഞു പോകുന്നു
കനസുകൾ
പുല്ലിൻ്റെ തുമ്പിൽ
തുളുമ്പി നിൽക്കും മഞ്ഞ്
തുള്ളിപോലെന്നും നനഞ്ഞ
പെൺകണ്ണുകൾ
മുത്തശ്ശിയാൽ മരച്ചോട്ടിൽ
തടുക്കൊന്നു തട്ടിക്കുടഞ്ഞ്
നീർത്തുന്നു അതിൽ നിന്ന്
പൊട്ടും പൊടിയും കണക്കെ
കനവുകൾ ചിത്രശലഭങ്ങളായ്
പറന്നീടുന്നു.
പക്ഷികൾ പാടും നദിക്കരെ
തോണിയിൽ നിത്യം പറന്ന്
വന്നെത്തുന്ന കാറ്റിലായ്
ചിത്രങ്ങൾ തുന്നുന്ന മേഘങ്ങളും
കണ്ട് മുത്തശ്ശിയെത്രയോ
കാലം കൊരുത്തിട്ട-
സ്വപ്നങ്ങൾ കണ്ട്
മടങ്ങുന്നു ഞാനിന്ന്..
(ജ്ഞാനപീഠം ലഭിച്ച കന്നഡ സാഹിത്യകാരൻ ശ്രീ ശിവരാമകാരന്തിൻ്റെ മൂകജ്ജിയുടെ കനസുകൾ എന്ന നോവലിലെ മൂകജ്ജി)
Tuesday, January 18, 2022
പോക്കുവെയിൽ
പോക്കുവെയിലെങ്ങോ മറഞ്ഞു
മറക്കാതെ പൂക്കളെയെല്ലാം കൊഴിച്ചു
ചിലമ്പിച്ച പാട്ടൊന്ന് പാടാൻ ശ്രമിച്ചു
കലമ്പുന്ന കാറ്റിനോടെന്തോ പറഞ്ഞു,
കുറുമ്പൊന്ന് കാട്ടുന്ന പെൺകുട്ടിയെ പോൽ
മുഖം കോട്ടി ക്ഷേത്രക്കുളത്തിലെയാമ്പൽ
രുദ്രേ വരച്ഛിട്ട കോലങ്ങളിൽ
പള്ളിവാള് നീ വച്ചിട്ട് പോക
കണ്ണീരു തൂവിത്തുടയ്ക്കാം മിനുക്കാം
കണ്ണിൽ ഒളിച്ചങ്ങ് വയ്ക്കാം..
Monday, January 17, 2022
തൂക്കുപാലം
Rema Pisharody..
January 17, 2022
==========================
ഇരുളിൻ
ഭയത്തിൻ്റെ
തൂക്കുപാലത്തിൽ നീന്ന്
പതിയെ പതിയെ
ഞാനിറങ്ങി നടക്കുന്നു
നോക്കിനിൽക്കവെ
ഇല പൊഴിയും പോലെ
എത്ര യാത്രികർ
മൺഗന്ധത്തിലലിഞ്ഞ്
മാഞ്ഞീടുന്നു
ശിശിരം ചുംബിച്ചൊരു
സ്വപ്നങ്ങൾ മരവിച്ച
മനസ്സിൽ നിന്ന്
കുടിയൊഴിഞ്ഞ് പോയീടുന്നു
മൂവന്തി പണ്ടേ തിരിയണച്ചു
നിലാവിൻ്റെ ജാലകം
കൊട്ടിപ്പൂട്ടിയടച്ചു
വീണ്ടും ലോകം
തൂക്കുപാലത്തിൽ വീണ്ടും
ഭയത്തിൻ ഭാരം ചേർത്ത്
യാത്രപോകുന്നു
മൗനം തുന്നിയ
മുഖം, ശബ്ദം...
==============================
Sunday, January 16, 2022
JANUARY 16, 2022
വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട
കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ
പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന
സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം.
രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു
കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു
കത്തും വിളക്കിലെയെണ്ണയിൽ നിന്ന്-
തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ
കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും
മിഥ്യയോ ലോകാവസാനചിത്രങ്ങളോ
ആരോ പെരുംശസ്ത്രമൊന്നെടുത്താ-
ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു
ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ
ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു
നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട്
പോകുന്നുവോ കാലവും
എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ
പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...
Saturday, January 15, 2022
പെയിൻ്റ് ബ്രഷ്
Rema Pisharody
ജലച്ചായം ചോർന്നുപോയ
ചുമർച്ചിത്രം തൂങ്ങിയാടും
മിഴിക്കുള്ളിൽ ദർപ്പണത്തിൽ
നിഴൽക്കുത്തിൻ കടുംവെട്ട്
ഇതൾ മങ്ങി പൊഴിയുന്ന
ഋതുക്കളിൽ ചുറ്റിയാടി
മഴക്കാറ്റിൽ ഇലത്തുമ്പിൽ
പുഴുക്കുത്തിൻ ഭൂപടങ്ങൾ
ഉലയ്ക്കുള്ളിൽ തണുപ്പാറ്റി
നെരിപ്പോടിൻ കനൽപ്പൊട്ട്
കരിന്തീയിൽ പടർന്നാളി
പിടഞ്ഞ പ്രാണൻ
മഴപ്പാറ്റച്ചിറക് പോൽ
കൊഴിയുന്ന നിമിഷത്തിൽ
അടച്ചടച്ചടഞ്ഞു പോം
മുഖപടങ്ങൾ..
നിലതെറ്റിപ്പടിതെറ്റി
ചിതറുന്ന സ്ഫടികത്തിൽ
കടും വർണ്ണം മാറ്റിവച്ച്
വരയ്ക്കും കാലം
ഇലച്ചായമൊഴുകുന്ന
പരൽമീനിൻ ശ്രുതിയുള്ള
കുളത്തിൻ്റെ പടിക്കെട്ടിൽ
ഉറഞ്ഞു ശൈത്യം.. ..
..
===================================
Wednesday, January 12, 2022
മഞ്ചാടിമണികൾ
Rema Pisharody
==================
മഴനിലാവും കടന്ന്
നാം പണ്ടൊരു-
മഴമരത്തിൻ്റെ
ചോട്ടിലിരുന്നതും
പുഴയിലോളത്തി-
ലാകാശ നക്ഷത്ര-
മിഴിയിൽ നിന്നൊരു
സ്വപ്നം പൊഴിഞ്ഞതും
ഇരുളുനീന്തിക്കടന്ന്
നാം സൂര്യനെ-
ചിറകിലേറ്റിപ്പറക്കാൻ
ശ്രമിച്ചതും..
വഴിയിലെ ചോന്ന-
മഞ്ചാടിമണികളിൽ
ഹൃദയമുണ്ടെന്ന്
നമ്മൾ പറഞ്ഞതും
നിനവിലുണ്ടായി
രിക്കിലും മൗനമായ്-
പതിയെ നമ്മൾ
പിരിഞ്ഞ ഹേമന്തമായ്!
ഇലപൊഴിഞ്ഞ് പോയെ-
ങ്കിലും മഞ്ഞിൻ്റെ
ശിഖരമോരോന്നുറഞ്ഞ്
പോകുമ്പോഴും
പ്രണയസന്ധ്യതൻ
ഗൂഢമന്ദസ്മിതം-
അരികിലുണ്ടെന്ന്
കാറ്റ് ചൊല്ലുന്നുവോ
പ്രണയമഞ്ചാടിമണി-
കളിൽ നമ്മുടെ
ഹൃദയമുണ്ടെന്ന്
മൗനം പറഞ്ഞുവോ?
പ്രണയകാലത്തി
നോർമ്മപോലിന്നുമീ-
മഴനിലാവിൻ്റെ
പാട്ട് കേൾക്കുന്നുവോ?
Subscribe to:
Posts (Atom)