Monday, February 3, 2014

ഫെബ്രുവരി 4, 2014
IST 10.40 PM
Tuesday

നിയന്ത്രിതവുമനിയന്ത്രിതവുമായ
രഥചക്രങ്ങളിൽ
ചുറ്റിത്തിരിഞ്ഞോടിയെത്തിയ
ആകാശഗോളങ്ങൾ
ജപമണ്ഡപത്തിനരികിൽ
അടർന്ന ഭൂഖണ്ഡങ്ങളുടെ
അസ്വസ്ഥനൊമ്പരങ്ങൾ
മനസ്സൊഴുകും പ്രകാശവേഗങ്ങളിൽ
ഋതുക്കളെ ചേർത്തൊഴുകിയ
കാവ്യസ്പന്ദങ്ങളിൽ
ഉറഞ്ഞ ഉൾക്കടലിൽ
ചക്രവാളങ്ങളിൽ
സമുദ്രതീരങ്ങളിൽ
വിരലിലുരുമ്മും അക്ഷരങ്ങളിൽ
ഉടഞ്ഞുമുലഞ്ഞും
സ്പന്ദിക്കും ഹൃദയം..
മൊഴിയിൽ മുദ്ര ചാർത്തും
ഉപദ്വീപിൻ മുനമ്പ്
ഏകാദശമന്ത്രമായ്
മനസ്സിലുണരും പ്രപഞ്ചം..
ഫെബ്രുവരി 4, 2014
IST 10.18 AM
Tuesday

ഇതൾവിരിയും പ്രഭാതമേ
ആകാശജാലകത്തിനരികിലിരുന്നെഴുതിയ
ആദ്യഗ്രാമകവിതപോലെ
പ്രദക്ഷിണവഴിയിലെ
മണൽത്തരിപോലെ
യവനികനീക്കിവരും ദിനങ്ങൾ
മന്ദാരങ്ങൾ വിരിയും ഉഷസ്സിൽ
മനസ്സിലൊഴുകുമുൾക്കടൽ
അർഥാനർഥങ്ങളുടെ
ദീർഘചതുരക്കളങ്ങൾ
ചുറ്റിയോടും ചില്ലുതരികൾ
ഭൂമിയെഴുതും
വ്യഥിതഗാനത്തിനൊടുവിൽ
നിരതെറ്റിയ നിമിഷചലനങ്ങൾ
പെൻഡുലങ്ങളിലോടും
സംവൽസരങ്ങൾ
പ്രാചീനഗ്രാമങ്ങളിൽ
പ്രതിഛായാനഗരങ്ങളിൽ
കവിത തൂവി നീങ്ങി
ഹൃദ്സ്പന്ദനങ്ങൾ...
ഫെബ്രുവരി 3, 2014
IST 10.46 PM
Monday



ഇരുപുറവുമെഴുതിനിറഞ്ഞ
ചുമരുകൾ
പട്ടങ്ങളായ് പറന്നുനീങ്ങും
ഋതുക്കൾ
കസവുനൂലിൽ കവിതയെഴുതി
കനൽപ്പാടങ്ങളും, കടൽക്കാറ്റുമേറ്റ്
മനസ്സിലുണരുമക്ഷരങ്ങൾ,
ഒലിവിലകളുലയും ഭൂചലനങ്ങൾ
അഗ്നിതൂവും അഗ്നിപർവതഗൂഢഭാവം
ആരൂഢത്തിലെഴുതിചുരുക്കി
തകിടിലേറ്റിയ ഒരുവരിക്കവിത
കെടാവിളക്കുകളിൽ
നക്ഷത്രങ്ങൾ മിഴിതുറക്കും
ആകാശത്തിനരികിൽ
ജപമന്ത്രമുത്തുകളിലൊരു സന്ധ്യ
പ്രപഞ്ചശംഖിലൊരു
പ്രണവം
സങ്കീർത്തനം പോൽ
പ്രതിഷ്ടാമന്ത്രം പോൽ
ഹൃദ്സ്പന്ദനങ്ങൾ...

Sunday, February 2, 2014

ഫെബ്രുവരി 3, 2014
IST 10.10 AM
Monday

പ്രപഞ്ചമൊരുസ്വപ്നമായ്
വിരൽതുമ്പേറി,
ആൽമരമായ് വളർന്നാകാശമേറി
ദിഗന്തമടർന്ന മുറിവിൽ
തട്ടിയുടഞ്ഞു
ഋതുക്കൾ ചുറ്റിയൊഴിഞ്ഞ
പൂർവാഹ്നമൊഴിയിൽ
മിഴിപൂട്ടിയുറങ്ങും നക്ഷത്രങ്ങൾ
വർത്തമാനകാലചിത്രകമാനങ്ങളിൽ
ഉറഞ്ഞ മഴക്കാലപ്പൂവുകൾ
ഉടഞ്ഞ സ്വപ്നക്കൂടുകൾ
ലക്ഷ്യം തെറ്റിയ മുകിൽപ്പാടുകൾ..
മുളംതണ്ടുകൾ..
മിഴിയിലൊഴുകും പകൽത്തരികൾ
എഴുതിയെഴുതി മുനയൊടിഞ്ഞ തൂലികകൾ
നിഴലോടും നിത്യസ്മൃതിയിൽ
നിർമ്മമാമൊരു നിഗൂഢതയിൽ
പ്രദക്ഷിണവഴിയേറും നിമിഷങ്ങൾ
ഫെബ്രുവരി 2, 2014
IST  6.55 PM
Sunday


ചുറ്റുവിളക്കുകൾ മിന്നിയാടും
പ്രദക്ഷിണവഴിയിലൂടെ
താഴികക്കുടങ്ങളിൽ നക്ഷത്രത്തിളക്കമേറിയ
സന്ധ്യയിൽ ക്ഷേത്രമതിൽക്കെട്ടിൽ
ഗ്രാമമുണരുന്നതും കണ്ടിരുന്നു ബാല്യം

കെയ്റോ, ഡമാസ്ക്സ്, ഗാസാ
ഇവയ്ക്കരികിലൂടെ
അസ്വസ്ഥഗാനമായ്, ആരവമായ്
വിപ്ലവനഗരങ്ങൾ

ഗ്രാമനഗരങ്ങൾക്കിടയിൽ
കസവുചുറ്റിയ ചന്ദനസുഗന്ധമായ്
ഹൃദയമായ്
കവിതയൊഴുകി

സത്യമിഥ്യകൾക്കിടയിൽ
തരംഗദൂരങ്ങൾക്കിടയിൽ
ദിഗന്തമുറിവുകൾക്കിടയിൽ
മിഴിനീർത്തുള്ളികൾക്കിടയിൽ
ശംഖിലൊഴുകി കവിതയുമായൊരുകടൽ


പദം തെറ്റിയ പല്ലവിയിൽ
സ്വരം തെറ്റിയ വീണാതന്ത്രികളിൽ
വിരൽചേർത്തെഴുതിയോരക്ഷരങ്ങൾ
അരയാലിലയിൽ
അന്തരഗാന്ധാരശ്രുതിയായുണർന്നു..

മിനുക്കിതേച്ച സ്വർണ്ണവർണ്ണമാർന്ന
വിളക്കിലുണർന്നു  കാവ്യഭാവമാർന്നൊരഗ്നി
മിഴിപൂട്ടിയിരിക്കും മനസ്സിനരികിൽ
മൃദുപദങ്ങളായൊഴുകി ഭൂമിഗാനങ്ങൾ..

Saturday, February 1, 2014

 ഫെബ്രുവരി 2, 2014
IST 10.19 AM
Sunday


വെൺതുമ്പപോലൊരാകാശമായിരുന്നു
ആദ്യകവിത
ശുഭ്രമൊഴിയിൽ, ശുഭ്രപ്രഭാതത്തിൽ
മനസ്സിൽ നിന്നുണർന്ന
മഴത്തുള്ളിക്കവിതകൾ
അഴിമുഖങ്ങളിൽ കടലേറിയുടഞ്ഞ
ശംഖുകളിലൂടെയൊഴുകി
ഉൾക്കടലും, ഹൃദ്സ്പന്ദനങ്ങളും
ഉലഞ്ഞുമുടഞ്ഞു ചില്ലുതരികൾ
പോലെയൊഴുകി കവിത
ചിന്തേരിട്ട ചുമരുകളിൽ
ഭദ്രമായ് സൂക്ഷിക്കാനാവാതെ
മുനമ്പിലെ സമുദ്രമായൊഴുകി
കവിത...
ഫെബ്രുവരി 1, 2014
IST 9.51 PM
Saturday

നക്ഷത്രപ്പൂവുകളാം സന്ധ്യകൾ
ചുറ്റിലോടും ഗ്രഹദ്രുതങ്ങൾ
ഓർമ്മതെറ്റുമിലത്താളങ്ങൾ
വിരലരികിൽ മൃദുപദങ്ങളാം
കവിത
ഹൃദയലയമൊരു വിസ്മയം
മനസ്സടച്ചുതഴുതിടും ജാലകങ്ങൾ
കനൽച്ചില്ലകളിൽ തണുപ്പാറ്റും
ദിനാന്ത്യങ്ങൾ
സന്ധ്യാവിളക്കിനരികിൽ
നൂറ്റാണ്ടുകളായിതിഹാസങ്ങൾ
തീർഥപാത്രങ്ങളിൽ
രുദ്രാക്ഷങ്ങളിലൊഴുകും
മൊഴി..
അക്ഷരങ്ങൾ....