Tuesday, March 4, 2014


 March 4, 2014
IST 11.18 PM
Tuesaday



മിഴി തുറന്നെത്തും സ്വപ്നങ്ങൾ
കവിതയായൊഴുകും പ്രഭാതങ്ങൾ
പാതിനീർത്തിയ ഭൂപടത്തിൽ
അതിർ വേലികെട്ടും അധീശ്വത്വം
പുരാണങ്ങൾ പടർന്നുപന്തലിക്കും
അരയാൽത്തറയിൽ
നിഴലെണ്ണി മാഞ്ഞുതീർന്ന സംവൽസരങ്ങൾ
മനസ്സോടിയൊടുവിൽ
തിരിച്ചെത്തിയ അന്തരംഗത്തിൽ
അനശ്വരഗാനങ്ങൾ തേടും
സ്വരങ്ങൾ
ഗ്രാമമെഴുതും നിത്യകവിതകളിൽ
നിർമ്മമായൊരു സർഗം
ഭൂഹൃദയസ്പന്ദങ്ങൾ...

Monday, March 3, 2014

 March 3, 2014
IST 11.36 PM
Monday


ചിത്രകമാനത്തിനും മനസ്സിനുമിടയിൽ
അസ്വസ്ഥഗാനങ്ങളുടെ സ്വരഭാവങ്ങൾ
അക്ഷയപാത്രത്തിലക്ഷരം തേടും
പൂർവസന്ധ്യകൾ
മിഴിയിലൊരാൽമരമായ് വളരും
ഗ്രാമം
തണൽത്തീരങ്ങളിൽ വെയിൽ വീണുരുകിയ
പുൽനാമ്പുകളിൽ ഇന്ന് പെയ്ത
തൂമഴത്തുള്ളികൾ
അമൃതിൽ തൊട്ടെഴുതിയ
ആദ്യക്ഷരം വിരൽതുമ്പിൽ
ആകാശസന്ധ്യയിൽ
മൃദുപദം വച്ചെത്തും നക്ഷത്രങ്ങൾ
പ്രകീർത്തനങ്ങൾക്കും
സങ്കീർത്തനങ്ങൾക്കുമിടയിൽ
ഹൃദ്സ്പന്ദനങ്ങൾ...

Saturday, March 1, 2014

 March 2, 2014
IST  9.38 AM
Sunday


നടുത്തളത്തിൽ ധ്യാനമാർന്നിരുന്നു
കവിതയുടെ ജപമുത്തുകൾ
മൊഴിയടർന്നൊരു കനൽത്തരിയായ്
ആദിശോകങ്ങളായ്
കാലപ്രമാണങ്ങളായ്
രഥവേഗമായ്
സംവൽസരങ്ങളായ്
പുരാണങ്ങളിലെവിടെയോ
അക്ഷരചിത്രങ്ങളായ്
മനസ്സിൽ നോവുകൾ തുള്ളിതുളുമ്പി
തീർഥമായൊഴുകി ശുദ്ധികലശം ചെയ്ത്
ഹൃദ്സ്പന്ദനങ്ങൾ
ഉൾക്കടലിലേയ്ക്കൊഴുകി
കാണാകുന്ന ദൂരത്തൊക്കെയും
ചക്രവാളം പ്രഭാതത്തിനായ്
സ്വസ്ഥവുമസ്വസ്ഥവുമാം
സ്വരങ്ങൾചേർത്തൊരു
രാഗമാലികയെഴുതി..

March 1, 2014
IST : 8.20 PM
Saturday


സമുദ്രതീരത്തിലെ
മണലെഴുത്തുകൾ
ചുമർചിത്രങ്ങളായ്
തണൽ മരങ്ങളിലപൊഴിയും
കാലവും, കനലെരിയും
കർപ്പൂരാരതിയും,
കടം കഥകളുമായ്
നടന്നുനീങ്ങിയ സംവൽസരങ്ങളിൽ
അഴിമുഖങ്ങളിൽ
അഴികളിൽ
ആത്മഭാവങ്ങളിൽ
ആഴിനീറ്റിയ ആലയങ്ങളിൽ
ആലിലയനക്കത്തിൽ
തുള്ളിത്തുളുമ്പിയ
അക്ഷരചിന്തുകൾ
തുടർക്കഥയെഴുതിയുടഞ്ഞ
ചില്ലുചഷകത്തിൽ
ബാക്കിയായതുണ്ടുകൾ
തുമ്പപ്പൂനിറമാർന്ന സ്വപ്നമൊരു
കവിതയായ് മിഴിയിലൊളിച്ച നാളിൽ
നക്ഷത്രങ്ങൾ കുത്തുവിളക്കുമായ്
മനസ്സിലൊഴുകി...