Thursday, April 3, 2014



April 4, 2014
IST 9.03
Friday




കല്പടവുകൾ കയറിയിറങ്ങി
സമതലങ്ങൾ ചെരിവുകളായ്
ഒഴുകിയ നീർത്തുള്ളികൾ
സമുദ്രമായ്, സങ്കല്പമായ്
ഉൾക്കടൽ തേടി മാഞ്ഞു
നിനവുകൾ കടം കൊണ്ട
പരവതാനികളിലൂടെ
ഋതുക്കൾ നടന്നുനീങ്ങി
ചിത്രകമാനങ്ങളിലൊതുങ്ങാതെ
ഒരീറൻ നോവ് ചക്രവാളത്തിനരികിൽ
പെയ്യാനാവാതെ നീർമുകിലിലുറഞ്ഞു
എഴുതിയെഴുതിനിറഞ്ഞ ചുമരുകളിൽ
അടർന്നുവീഴും അക്ഷരങ്ങൾ
ചേർന്നൊരു കവിതയായി
അതിശയകരമായൊരു രൂപമാറ്റം
ആത്മാവിനൊരിതളിൽ
സ്വർണ്ണത്തൂലികയാൽ മനസ്സെഴുതി
മുദ്രകളും, ചിഹ്നങ്ങളുമില്ലാതെ
അർഥശൂന്യമായ അടിക്കുറിപ്പുകളില്ലാതെ
അലങ്കാരങ്ങളില്ലാതെ
അതീവശുഭ്രമാമൊരു ഗാനം
April 4, 2014
IST 12.10 AM
Thursday

Wednesday, April 2, 2014

 April 2, 2014
IST
Thursday





സാന്റിയാഗോ
കവിത തേടിയെത്തിയൊടുവിൽ
പ്രകമ്പനമായ്, മൺ ഗോപുരങ്ങളുടഞ്ഞ
അഗ്നിവളയങ്ങളാൽ ചുറ്റിയ ചിലിയ്ക്കായ്
ഏപ്രിൽ ഏതു വരികളെഴുതും
ഓർമ്മതെറ്റിയ ദിക്കുകളിൽ
ചുമരേറിയ അസ്വസ്ഥചിത്രങ്ങൾ
അലങ്കാരം തെറ്റിയ കവിതയിലേയ്ക്ക്
അമൃതുതുള്ളിയുമായ് മഴവരും ഋതുവിലേയ്ക്ക്
ദിനചക്രങ്ങളുടെ തേരിലേറാം.
പ്രഭാതങ്ങൾ പ്രതീക്ഷയുടെ കുളിരുണർത്തും
സ്വരങ്ങളിൽ ഭ്രമണതാളമൊരു മൃദുലയമാക്കാം..

Tuesday, April 1, 2014

 April 2, 2014
IST 8.47 AM
Wednesday


മൃദുപദങ്ങൾ പ്രഭാതമായൊഴുകിയ
ഗ്രാമചിത്രങ്ങളിൽ
നഗരം ഒരപരിചിതഭാവമായ്
ദർപ്പണങ്ങളിലുണങ്ങിയ
പ്രതിഛായയായ്
അകന്നുപോവുന്നു
കണികണ്ടുണർന്ന ബ്രാഹ്മമുഹൂർത്തങ്ങളിൽ
മൊഴിതൊട്ടുണർന്ന നെയ്യാമ്പൽപ്പൂക്കൾവിരിയും
നെൽപ്പാടങ്ങളിൽ
നിമിഷങ്ങൾ ദിനങ്ങളടർത്തിയൊരിലപ്പാടിൽ
മുദ്രചേർത്തു
എഴുതിതീരാത്ത ഹൃദയകാവ്യങ്ങൾ
പവിഴമല്ലിപ്പൂക്കളായ്
മനസ്സിലൊഴുകി
നഗരഗ്രാമങ്ങളുടെയിടയിൽ
മിഴിയിലേയ്ക്കൊഴുകി
സമുദ്രമുനമ്പ്
ഇടവേളകൾ തുല്യഭാഗമായ്
തുലാസിൽ
ഒരോർമ്മയുടെയലകൾ
തീരമണലിലെഴുതും അവ്യക്തലിപികൾ
കടൽ ശംഖുകളിൽ ബാല്യം
ചക്രവാളത്തിനരികിൽ വിരിയും നക്ഷത്രങ്ങളുടെ
തിളക്കം തേടിയൊഴുകി...