Wednesday, January 5, 2022

 January 5, 2022

പെയിൻ്റ് ബ്രഷ്

Rema Pisharody

January 5, 2022
6.00 PM

 

ജലച്ചായം  ചോർന്നുപോയ

ചുമർച്ചിത്രം തൂങ്ങിയാടും

മിഴിക്കുള്ളിൽ ദർപ്പണത്തിൽ

നിഴൽക്കുത്തിൻ കടുംവെട്ട്

ഇതൾ മങ്ങി പൊഴിയുന്ന

ഋതുക്കളിൽ ചുറ്റിയാടി

മഴക്കാറ്റിൽ ഇലത്തുമ്പിൽ

പുഴുക്കുത്തിൻ ഭൂപടങ്ങൾ

ഉലയ്ക്കുള്ളിൽ തണുപ്പാറ്റി

നെരിപ്പോടിൻ കനൽപ്പൊട്ട്

കരിന്തീയിൽ പടർന്നാളി

പിടഞ്ഞ പ്രാണൻ

മഴപ്പാറ്റച്ചിറക് പോൽ

കൊഴിയുന്ന നിമിഷത്തിൽ

അടച്ചടച്ചടഞ്ഞു പോം

മുഖപടങ്ങൾ..

നിലതെറ്റിപ്പടിതെറ്റി

ചിതറുന്ന സ്ഫടികത്തിൽ

കടും വർണ്ണം മാറ്റിവച്ച്

വരയ്ക്കും കാലം

ഇലച്ചായമൊഴുകുന്ന

പരൽമീനിൻ ശ്രുതിയുള്ള

കുളത്തിൻ്റെ  പടിക്കെട്ടിൽ

ഉറഞ്ഞു ശൈത്യം.. .. ..

 

 January 4, 2022

മൗണ്ടൻ ഫ്ളവർ

 Rema Pishaorody

അന്നവിടെ നിലാവിൻ്റെ ചില്ലയിൽ

സന്ധ്യവന്നു കൊരുത്തു താരങ്ങളെ

ചന്ദനമരഗന്ധവുമായൊരു തെന്നൽ

വന്നു തഴുകിക്കടന്നുപോയ്

ഞാനിരുന്നതിനപ്പുറം കണ്ണിലെ ശോക-

മെല്ലാമൊതുക്കിയിയ പോലൊരു

ഗായകൻ വന്നു, പാടാനുമാവാതെ

രാഗമാമധുവന്തി നിശ്ശബ്ദമായ്

വേദിയിൽ വിളക്കേന്തി നിൽക്കുന്നൊരു

ബാലിക പാടിയാരോഹണസ്വരം

കാറ്റതിൻ്റെയവരോഹണം പാടി

പൂത്തുലഞ്ഞുമധുവന്തിയാകവെ

തേനുപോലെ മധുരം കിനിയവെ

പ്രാണനിൽ തൊട്ടുനിന്നു നിലാവൊലി

പ്രേമഗന്ധം നിറഞ്ഞസായാഹ്നത്തിൽ

ദൂരെയോടക്കുടൽ തൊട്ടു കാടുകൾ

ബെട്ടതെ മേലേ ഹൂവ് തേടി പോയ

കൊച്ച് ബാലനോ രാജകുമാരനായ്

മായികക്കാഴ്ച്ചയെന്ന പോലാഘോഷ

വേളയെല്ലാം നടന്ന് തീർന്നെന്നപോൽ

പാടുവാൻ ശ്രുതിയെല്ലാം കഴിഞ്ഞപോൽ

നാദവാദ്യങ്ങൾ മുക്തായ  തീർത്തപോൽ

ശോണതന്ത്രിയിൽ സ്പന്ദനനമന്ത്രങ്ങൾ

സ്നേഹമെന്ന പൂക്കാലം വിടർത്തിയ

ആ ഹൃദയമോ മൗനത്തിലേയ്ക്കൊരു

ഏകസഞ്ചാരപാതതിരഞ്ഞുപോയ്

സ്നേഹഗായകൻ തൊട്ടുപോകും സ്വരം

സ്നേഹഗായകനായ് സാന്ത്വനമായി

 

January 3, 2022
9.26 AM

ആല

Rema Pisharody

 

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും

പേക്കിനാക്കൾ മറച്ചുവെന്നാകിലും

പാട്ടുപാടുവാൻ സന്തൂറുമായ് കടൽ-

ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും

ലോകമെല്ലാം നിരാശപൂക്കുമ്പോഴും

കാതിൽ മാർഗ്ഗഴി പാട്ടുപാടുമ്പോഴും

ഞാനുറഞ്ഞ് പോയ് പർവ്വതങ്ങൾ തൊട്ട-

മേഘമായ് പിന്നെ നീർമഴത്തുള്ളിയായ്

മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും

കൈയിലുണ്ടായിരുന്നൊരു മൺതരി

കൊല്ലുവാനും തടുക്കാനുമാവാതെ

കൊല്ലനാലയിൽ തീപുകയ്ക്കുന്ന പോൽ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

ശക്തിയില്ലാതെ നിൽക്കും പ്രപഞ്ചത്തിൽ

ഇത്തിരി പോന്ന ജീവൻ്റെ ഭിത്തിയിൽ

ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ!

പാതിതീർന്നെന്ന് കണ്മിഴിക്കുമ്പോഴും

ലോകമൊന്നുണ്ടനന്തമാകാശാമായ്

ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനിൽ

ജീവജന്യസ്വരം ചേർത്തുണർത്തവെ

കാട് പൂക്കുന്നു രാവ് നീന്തിക്കട-

ന്നോർമ്മകൾ കോലമിട്ട് പോകും വഴി

ആലയിൽ തീയിലെന്നും പഴുക്കുന്ന

ലോഹമെന്ന പോൽ രൂപങ്ങൾ മാറിലും

നോക്കിനിൽക്കവെ രക്തമിറ്റീടുന്ന

വാക്കുടഞ്ഞുപോം സ്നേഹസ്വപ്നങ്ങളിൽ

മോഹമേഘങ്ങൾ പട്ടങ്ങളായ് പറന്നാധി-

കൂട്ടുവാൻ വന്നു പോകുമ്പോഴും

കൈകളിൽ നിന്നുതിർന്നു വീഴുന്നില്ല

മണ്ണിലെന്നോ വരച്ചിട്ടരൊക്ഷരം

എണ്ണമെല്ലാം മറന്ന് പോയെങ്കിലും

കണ്ണുനീരിൽ കുതിർന്നതാണെങ്കിലും

മണ്ണെഴുത്തിൻ്റെ ഗന്ധം പുരണ്ടൊരീ-

മൺകുടിൽ കെട്ടിമേഞ്ഞെഴുതുന്നു ഞാൻ

 

രണ്ട് പെൺകുട്ടികൾ

 January 2, 2022


രണ്ട് പെൺകുട്ടികൾ, പൂവാം കുരുന്നുകൾ

രണ്ടിലപ്പച്ചപോൽ കൈകോർത്ത് നീങ്ങിയോർ

രണ്ട് പെൺകുട്ടികൾ സംഗീതരാവിൻ്റെ-

ചിന്തുകൾ പാടാൻ സ്വരം ചേർത്ത് നിന്നവർ

രണ്ട് പെൺകുട്ടികൾ മിന്നാമിനുങ്ങുമായ്

അന്ധകാരത്തിൻ്റെ കൂട്ടിലേയ്ക്കെത്തിയോർ

സന്ധ്യവായിക്കുന്നു ഹാർമോണിയം

നിലാച്ചില്ലയിൽ paadum മഴക്കിളി.

കാറ്റിലാടുന്നു വൻവൃക്ഷങ്ങൾ, മേഘങ്ങൾ-

പേക്കിനാവിൽ തൊട്ട് പെയ്തുപോകെ;

മെല്ലെ സ്വരം തെറ്റി, താളം ലയം തെറ്റി

പിന്നെയോ തന്ത്രികൾ പൊട്ടിവീണു.

രണ്ട് പെൺകുട്ടികൾ കാലം കുതിക്കുന്ന

മണ്ണിനെയോടിക്കടന്ന് പോയി

കണ്ണിലായ് പേമാരി തുള്ളിപ്പെരുക്കവേ

മണ്ണിലേയ്ക്കാഴ്ന്നു പോയ്  ചന്ദ്രബിംബം

കണ്ണിലായ് പേമാരി തുള്ളിപ്പെരുക്കവേ

മണ്ണിലേയ്ക്കാഴ്ന്നു പോയ്  ചന്ദ്രബിംബം

രണ്ട് പെൺകുട്ടികൾ പൂമ്പാറ്റകൾ മുന്നിൽ-

ചെമ്പനീർപ്പൂ പോൽ കൊഴിഞ്ഞുവിണു

അന്തിവാനത്തിലെ കുങ്കുമം പോൽ ശോണ-

ബിന്ദുക്കൾ നെഞ്ചിൽ കുതിർന്നുണങ്ങി

രണ്ട് പെൺകുട്ടികൾ മണ്ണിനെ ചുംബിച്ച്

കണ്ണുനീർപ്പാടങ്ങളായി മാറി.


 

 

കിളിക്കൂടുകൾ
Rema Pisharody

January 1, 2022

 

മനസ്സേ!

നിരാശതൻ  കിളിക്കൂടുകൾ  മെല്ലെ

ശിശിരാകാശത്തിലേയ്ക്കിന്നലെ തുറന്നിട്ടു.

പറക്കാൻ മടിച്ചുകൊണ്ടാകിളിക്കൂട്ടം

വീണ്ടും തിരികെ ചേക്കേറുവാൻ

വരുമോ അറിയില്ല

 

പ്രാണൻ്റെ നിലാത്തുണ്ടിൽ

ബാല്യത്തിൻ കളിത്തോണി

രാവിൻ്റെ മിഴിയ്ക്കുള്ളിൽ

മിന്നാമിനുങ്ങിൻ വെട്ടം

കടലിന്നോളങ്ങളിൽ പുഴയോ

മൂവന്തിയോ

കനലിൽ തൊടുന്നൊരു

കാലമോ മീൻകൂട്ടമോ

 

ചിറകിൽ സ്വർണ്ണത്തരി തൊടുന്ന പോലെ

വീണ്ടും കിളിക്കൂടുകൾ കെട്ടാൻ വരുന്ന സ്വപ്നങ്ങളിൽ

നിലതെറ്റിയകയക്കുരുക്കിൽ  നിന്നും കരകയറി

വരും പുതുവർഷമേ ദൂരത്തൊരു

മരച്ചില്ലയിൽ ദേശാടനപ്പക്ഷികൾ പോലെ

മരവിച്ചിരുപ്പിണ്ട് ആശയും, നിരാശയും

പുഴയോളങ്ങൾക്കുള്ളിൽ ചിതറിത്തെറിക്കുന്ന

പകലും നിഴൽപ്പാലപ്പൂക്കളും പെരുക്കവെ

മറവിത്തുമ്പിൽ വീണുമയങ്ങാനൊരുങ്ങിയ

നിറക്കൂട്ടുകൾ തൊട്ട് വരയ്ക്കാമീഭൂമിയെ

 


 

Wednesday, October 29, 2014

അക്ഷരങ്ങളുടെ മൃദുമർമ്മരം


തുലാവർഷമഴയിലെ തണുപ്പിൽ
പായ്മരങ്ങളിലാതെ
നീങ്ങിയ കാറ്റിൽ കടഞ്ഞെടുത്ത
കൽക്കണ്ടതുണ്ടുകളും
തേൻ തുള്ളികളും
നിവേദ്യപാത്രത്തിൽ

ആരോഹണം തെറ്റിയ
അനുശ്രുതിയിൽ
വൃത്തഭാവമില്ലാതെ
വിതുമ്പും കവിത

സാഗരങ്ങൾക്കരികിൽ
അഗ്നിപർവതങ്ങളുടെ,
ഉദയസൂര്യന്റെ രാജ്യം
ഈറനാർന്ന നഗരപാതയിൽ
ചില്ലകളടർന്ന കിളിക്കൂടുകൾ

നീർത്തിയിട്ട പരവതാനിയിൽ
ട്രൈഗിസിന്റെ കണ്ണുനീർത്തുള്ളികൾ
സത്യാസത്യങ്ങളുടെ വ്യഥിതമുറിവിൽ
റയ്ഹാനയുടെ ഹൃദ്സ്പന്ദനങ്ങൾ

വിസ്മൃതിയുടെ ചിറകിലേറ്റി
മറന്നുതീരും മുൻപേ
കടലോരത്തും, വൻകരകളിലും
കാർത്തികദീപവുമായ് മഴത്തുള്ളികൾ

ഇലപൊഴിയും കാലത്തിനുലയിൽ
സ്വർണ്ണം പോൽ തിളങ്ങും
മനസ്സിനൊരു കോണിൽ
സ്ഫടിക ഗോളം പോലെ ഭൂമി
ഗ്രാമനഗരങ്ങളുടെയകലം കുറയും
അതിരുകളിൽ
വെള്ളോട്ടുമണികളുടെ മുഴക്കം..

ആരവങ്ങളുടെ അർഥരാഹിത്യത്തിനരികിൽ
അക്ഷരങ്ങളുടെ മൃദുമർമ്മരം
എന്നെയുണർത്തുന്നു..


Sunday, October 12, 2014

OCTOBER 2014


ഭൂതീരങ്ങളിൽ കാറ്റുലയുമ്പോൾ
ശാന്തസമുദ്രതീരങ്ങൾക്കപ്പുറം
പാതിയണഞ്ഞ വിളക്കുമായ്
മഴത്തുള്ളികൾ പടിവാതിലിൽ
തീർഥം തൂവുമ്പോൾ
അഗ്നിപർവതശിലകളുലഞ്ഞൊഴുകും
ഭൂഖണ്ഡങ്ങളിൽ
അത്മാവിന്റെ സംഗീതമുറയും
അതിരാത്രങ്ങളിൽ
ജപമന്ത്രങ്ങളുലയും ദിനപ്പകർപ്പുകൾ
മൃദുലദലങ്ങളാൽ മഴപ്പൂവുകളെഴുതും
കാവ്യചിത്രങ്ങൾക്കപ്പുറം
ദിനാന്ത്യത്തിൻ നൊമ്പരപ്പൂവുകൾ
രഥമുരുളും തീരങ്ങളിൽ
മുനമ്പിൻ സായന്തനസംഗീതം
ധ്യാനം...