Friday, January 31, 2014

ഫെബ്രുവരി 1, 2014
IST 10.10 AM
Saturday..


ഋതുക്കളിതളടർത്തും ദിനങ്ങളിൽ
അക്ഷരങ്ങളുടെ ഖനിയിൽ
മഴത്തുള്ളിയായ് പെയ്തൊഴുകിയ
മൊഴിയിൽ
തീരമണലെണ്ണിനീങ്ങിയ
കാൽപ്പാദമുദ്രകളിൽ
ഗ്രാമപാതയിലെ പകലോരങ്ങളിൽ
ലോകഭൂപടചിത്രങ്ങളിൽ
ചുറ്റിയോടും മനസ്സേ
പർണ്ണശാലയൊരുക്കി
ഹരിതകാനനങ്ങൾ
ജപം തുടരുമ്പോൾ
ഈറൻപ്രഭാതങ്ങൾ
കവിതയാവുമ്പോൾ
ഹൃദയമെഴുതുന്നു
ഒരു ഭൂമിഗീതം...
ജനുവരി 24, 2014
IST 10.22 PM
Friday


അഗ്നിചുറ്റിയോടിയ
ദിനങ്ങൾക്കപ്പുറം
നൂറ്റാണ്ടുകളെഴുതിനീട്ടിയ
താളിയോലകളിൽ
വിസ്മൃത തീരങ്ങളിൽ
സമുദ്രമേ
മൺ തരികളിൽ
ധ്യാനമാർന്ന സന്ധ്യാവിളക്കിൻ
പ്രകാശത്തിലുണരും
അക്ഷരജപങ്ങൾ
കീർത്തനനമാകുമ്പോൾ
മുനമ്പിലൂടെയൊഴുകും
ഭൂമിയുടെയുൾക്കടലിൽ
ഉപദ്വീപിനെയൊരു
കാവ്യസ്പന്ദമായുണർത്തിയാലും...

Thursday, January 30, 2014

ജനുവരി 31, 2014
Friday
IST 10.21 AM


പ്രഭാതം നേർമ്മയേറിയ
കസവിഴകളിൽ
പ്രകാശമായ് മിഴിയിലൊഴുകുമ്പോൾ
31 ദിനങ്ങളൊഴുകിനിങ്ങിയ
സംവൽസരത്തിനൊരിതളിൽ
മനസ്സേ
കാവ്യസ്പന്ദമാർന്ന
അക്ഷരങ്ങളാലൊരു
കുടീരം പണിതീർത്താലും
അഗ്രഹാരമന്ത്രമുണരും
ബ്രാഹ്മമുഹൂർത്തങ്ങളിൽ
ഹൃദ്സ്പന്ദനങ്ങളിൽ
കവിതയാവുന്നു ഭൂമി...
ജനുവരി 30, 2014
IST 9.47 pm
Thursday


ചുമരിലെ ചിത്രങ്ങൾ
നിർമ്മമസായാഹ്നമായ്
ശബ്ദരഹിതമായ്
മനസ്സിനരികിലൂടെ
നീങ്ങുമ്പോൾ
പരീക്ഷണശാലയിലെ
യന്ത്രക്കുരുക്കിലുടക്കിക്കീറിയ
ഹൃദയമേ
പാഴ്വസ്തുക്കളായ്
പലകുറിയെഴുതിമുറിച്ച
ഭൂസ്പന്ദനങ്ങൾ ചേർത്തെഴുതാം
ഗ്രാമചന്ദനസുഗന്ധമാർന്ന കവിത
വീണാതന്ത്രികളിൽ
സ്നിഗ്ദമാമൊരു സ്വരമായ്
മനസ്സ് മന്തിക്കുമ്പോൾ
നടന്നുനീങ്ങും ദിനങ്ങളുപേക്ഷിക്കും
പൂവുകളും, നിഴൽപ്പൊട്ടുകളും
മേഘഫലകങ്ങളും
സമാന്തരരേഖകളായ്
ഹൃദയകവചത്തിനുചുറ്റുമൊഴുകുന്നുവോ??.
ജനുവരി 30, 2014
IST 8.14 PM
Thursday


അക്ഷരങ്ങൾക്കിടയിലേയ്ക്ക്
ചുമരുകളടർത്തിയേറും
ശിഖരങ്ങൾ, മുൾപ്പാടുകൾ
കടലൊഴുകി നനയും
സമുദ്രതീരങ്ങളിൽ
മൺ തരികളിൽ
കാല്പാദമുദ്രകൾ
പിന്നിൽ നടക്കും നിമിഷങ്ങൾ
മുന്നിൽ മുനമ്പിൻ സന്ധ്യാദിപങ്ങൾ
നിർണ്ണയത്തൂക്കം തെറ്റിയ
ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളെഴുതും
മിഴിയിലെ ലോകം
ശബ്ദരഹിതമാം
ഉലച്ചുടഞ്ഞ ഓട്ടുമണികൾ
വർത്തമാനകാലത്തിൻ
ബാക്കിപത്രങ്ങളിൽ
തുന്നിക്കൂട്ടിയ ആകാശം
തുളസീവനകവിതയെഴുതും മനസ്സ്
അടരും മേഘത്തുണ്ടുകൾ പാറിനീങ്ങും
ചക്രവാളത്തിനരികിൽ
ഗ്രാമചിത്രമുറങ്ങും ബാല്യകുതുകം പോൽ
കളിമുദ്ര മറന്നൊരരങ്ങിൽ
കവിതയെഴുതാനിരിക്കും
കാറ്റിൻ സംഗീതം...
നനഞ്ഞ മണ്ണിൽ കാല്പദങ്ങൾ പതിയും ശബ്ദം
കാലത്തിൻ തേരോടും തീരങ്ങൾക്കരികിൽ
തിരയേറ്റത്തിലും ചലിക്കാനാവാതെ
ശിലാരൂപമാർന്ന ഓർമ്മകൾ..


Wednesday, January 29, 2014

ജനുവരി 30, 2014
IST 10.10 AM
Thursday


പ്രഭാതം
കൽമണ്ഡപങ്ങൾക്കരികിലൂടെ
പ്രദിക്ഷണവഴിയിലൂടെ
ചോലമരങ്ങൾക്കരികിലൂടെ
ഹൃദയസ്പന്ദത്തിൽ
ആരവരഹിതകാവ്യമായി
കനകബിന്ദുക്കളിൽ
ശരത്ക്കാലവർണ്ണമാർന്ന
ഭൂമിയുണരും മുനമ്പിൽ
രത്നഖചിതമാം ഉഷസ്സിൽ
ശംഖിൻ ശിലാചിത്രങ്ങളിൽ
സമുദ്രസംഗീതത്തിൻ
പ്രതിധ്വനി..
ജനുവരി 29, 2014
IST 11.55 PM
Wednesday


ആകാശസന്ധ്യയിൽ
തിളങ്ങും നക്ഷത്രങ്ങളായ്
കാവ്യസ്പന്ദമുണരുമ്പോൾ
കൃഷ്ണപക്ഷദിനങ്ങളിലൂടെ
ദിശതെറ്റിയോടിയോരക്ഷരങ്ങളിലൂടെ
ഗോകർണ്ണതീരമെഴുതും
ഓംങ്കാരമായ്
മനസ്സൊഴുകിയ സമുദ്രങ്ങളിൽ
ഉടയാതെയൊരു ശംഖ്
സമുദ്രസ്പന്ദമൊരു കാവ്യമായുറങ്ങും
ശംഖ്...