Sunday, March 30, 2014

March 31, 2014
IST 9.58 AM
Monday



കഥ തീർത്തെഴുതിയ പകലോരത്ത്
ദിനങ്ങൾ ചുറ്റിയോടിയ സംവൽസരങ്ങളുടെ
താളിയോലകൾ
നഗരം ഗ്രാമത്തിലേയ്ക്ക് പകർന്നിട്ട
അതിശയകരമായ ആവലാതികൾ
മുളം കാടുകൾക്കപ്പുറം
കവിതയുണർന്ന ദേവദാരുക്കളിൽ
കല്പാന്തങ്ങളുടെ രുദ്രനടനം
മിഴിപൂട്ടിയുറങ്ങിയ സ്വപ്നങ്ങളുലഞ്ഞുടഞ്ഞ
സന്ധ്യാതീരത്തിൽ
നക്ഷത്രങ്ങൾ പകരും ചെറുവെളിച്ചം
മൊഴിയിഴയിൽ കസവുതുന്നി
വീണ്ടും പ്രഭാതമുണർന്നപ്പോൾ
സ്വപ്നങ്ങൾ അക്ഷരങ്ങളെ
വിരൽതുമ്പിലുപേക്ഷിച്ച്
പായ്ക്കപ്പലിൽ ഉൾക്കടലിലേയ്ക്ക്
യാത്രയായിരുന്നു
ഭൂഗാനങ്ങൾ പ്രകമ്പനമായ്
കടലിലുയർന്നൊടുവിൽ
മുനമ്പിൽ സമാധിസ്ഥമായി..

Saturday, March 29, 2014

 March 30, 2014
IST 10.05
Sunday


പ്രഭാതത്തിനിലച്ചീന്തിൽ ഗ്രാമം
പാതകളിൽ പലകൈവഴിയായ്
നീണ്ടുപോകും നഗരം
തണൽ മരച്ചില്ലയടർന്ന
പകൽച്ചൂടിൽ അക്ഷരങ്ങൾ
തൂവുമിത്തിരി കുളിർ
മിഴിയിലേറും പൂർവസന്ധ്യയിൽ
തട്ടിത്തൂകും ക്ഷീരസാഗരം
മൊഴിയുലഞ്ഞ സംവൽസരങ്ങൾ
ഏകതാരയിലെ ശ്രുതിയായി
തീരമണലിലെ ശംഖിനുള്ളിൽ
സമുദ്രസംഗീതമായൊഴുകുന്നു
മനസ്സിന്റെ തന്ത്രികളിൽ
അളന്നുതീരാത്തത്രയും സ്വരചിന്തുകൾ
ജന്യരാഗങ്ങളായ്
ദക്ഷിണസംഗീതമായ്
ഉദ്യാനങ്ങൾ
ഗ്രാമബാല്യം മറന്നിട്ട അക്ഷരങ്ങളിൽ
നിന്നുയർത്തെഴുനേൽക്കുന്നു
കവിത..

Thursday, March 27, 2014

 March 28, 2014
IST 10.29 AM
Friday



മഴകാത്തിരുന്ന പകലെരിയും കനലിൽ
മനസ്സിലൊഴുകി പെയ്യാതെ പോയൊരു മഴ
കടലുണർന്ന് പ്രഭാതം ചുറ്റിയ ചക്രവാളത്തിൽ
ലോകയാനങ്ങളിലുണർന്നു യാത്രാചിത്രങ്ങൾ
മുകലടർന്ന മേൽക്കോട്ടകളിൽ
ചന്ദനസുഗന്ധമാർന്ന പൂർവഗാനങ്ങളിൽ
ഋതുക്കൾ നടന്നുനീങ്ങിയ അടയാളങ്ങൾ
വിരലുറക്കിയ വിസ്മയക്കൂടുകളിൽ
കസവുചുറ്റിവന്നു കവിത
നടന്നുനീങ്ങുമ്പോൾ മൺ വിളക്കുകൾ
ഗ്രാമമായി, നെയ്യാമ്പലുകളായി
പഴയ ഓർമ്മയായി കത്തിയെരിഞ്ഞു
ഉറങ്ങിയുണർന്ന പ്രഭാതത്തിൽ
സ്വപ്നങ്ങൾ ചിത്രശലഭങ്ങളായ് പറന്നുമാഞ്ഞു
യാഥാർഥ്യം കവിതയ്ക്കുള്ളിലെ
നോവായി, നീർക്കണമായ്
മഴത്തുള്ളിയായ് കടലിലെയുപ്പായലിഞ്ഞു
മിഴിയെത്തും ദൂരെയൊഴുകി...