Tuesday, April 15, 2014

April 15, 2014
IST 9.47
Tuesday


ബുദ്ധപ്രതിമകൾക്കരികിൽ
പലകാലത്തിന്റെയെഴുത്തുപെട്ടികൾ
ആരോഹണത്തിലൊരു സ്വരമിടറിയ
സാധകവേളയിൽ അസ്ത്രങ്ങളേറിയ
ഭൂപാളങ്ങൾക്കിടയിൽ
പൂർവസന്ധ്യയുടെ സ്വാന്തനപ്രകാശം
ശിഖരങ്ങൾ വളർന്നേറും
ശിഥിലചിന്തകൾക്കരികിൽ
ഹൃദയസ്പന്ദങ്ങളിൽ വിരിയും
കവിത
ഗന്ധകഗന്ധം നിറയും ആവനാഴികൾ
കണ്ടത്ഭുതപ്പെട്ട പ്രഭാതങ്ങളിലൂടെ
നടന്നിത്രദൂരമെത്തിയ പകൽത്തീരങ്ങളിൽ
പാതിമിഴിതുറന്ന പാരിജാതമലരുകൾ
വിരൽത്തുടിയിൽ തുള്ളിതുളുമ്പി വീഴും
അക്ഷരങ്ങളുയർന്നേറി സമുദ്രത്തിലേയ്ക്കൊഴുകുന്നു..
മഹാഗണിത്തട്ടിലെ ഹൃദയാകൃതിയുള്ള സ്ഫടികമുത്തുകൾ

 തണുത്തുറയും ധ്രുവങ്ങളിലെ
മൈത്രിയും ഗംഗോത്രിയും
ആൾക്കൂട്ടം എന്നേ മറന്നിരിക്കുന്നു
പൊട്ടുതൊട്ട് മാലചാർത്തി
ഇളം പൈതൽ വാശികാട്ടുന്നു..
ഒരു കൈയാൽ ശബ്ദം കേൾക്കാഞ്ഞിട്ട്
രണ്ടു കൈയും കൂട്ടിയടിക്കുന്നു
ത്രേതായുഗമൊരു ഹൃദയവേദം
സരയൂവിലൂടെ മാഞ്ഞുതീർന്ന
അഗ്നി നോവുകൾ
തുലാസിൽ ഒരു വശം ചേർത്തളന്ന
അക്ഷരമുറിവുകൾ
കടലുകളുടെ നിധിയിൽ
കനകരാഗങ്ങൾ
കാർത്തികദീപങ്ങൾ പോലെ
ഹൃദയമെന്ന് പേരുള്ള ക്യുറാക രാജ്യം പോലെ
മനസ്സളന്നത് ഒരു പിടി മണൽത്തരി...
ശബ്ദമുയരുന്നു, ഇളം പൈതൽ
പാദുകങ്ങളുയർത്തിയെറിയുന്നു
ഉടഞ്ഞതൊരു ഘടികാരച്ചില്ല്
ഹൃദയാകൃതിയിൽ ഭദ്രമായ്
പൂമുഖത്തെ മഹാഗണിത്തട്ടിലിരുന്ന
സ്ഫടികമുത്തുകൾ..

കുട്ടികളങ്ങനെ
ഉടച്ചുലച്ചു കളിയ്ക്കും
കളിപ്പാട്ടങ്ങൾക്കിടയിൽ
വാശിതീർക്കുന്നുണ്ടാവും...
ഒരു കുഞ്ഞുപാദകുവും കൈയിലേറ്റി
കുരുന്നുചിരിചിരിച്ച് അവരാഹ്ലാദിക്കും.
പാദുകങ്ങൾ പൂജ ചെയ്താരാദ്യനായ
ഭരതന്റെ കഥയൊന്നുമറിയാതെ
തച്ചുടച്ച ചില്ലുതരികൾക്കിടയിൽ
പിന്നിടവർ മാലാഖമാരെപ്പോലെ
സ്വപ്നം കണ്ടുറങ്ങും
മന്ദഹസിക്കും മുഖവുമായ്..
ഉണരേണ്ടതേ വേണ്ടു,
മഹാഗണിത്തട്ടിൽ എറിഞ്ഞുടയ്ക്കാൻ
ഒന്നും ബാക്കിയുണ്ടാവില്ല..





Monday, April 14, 2014

Tuesday
April 15, 2014
IST 11.52 AM
April 14, 2014
IST 10.13 PM
Monday


മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങൾ 


മൊഴിയിലേറും മഹായാനങ്ങളിൽ 
മധുരതരമാം മഹാകാവ്യങ്ങൾ..
 അതീവമനോഹരമായ ആത്മസ്പർശം..
 പ്രശാന്തമാം ശാന്തിനികേതനം... 
അതിനരികിൽ വേനൽച്ചൂട് മതിയാവാതെ 
കരിയിലയേറ്റി പുകയ്ക്കുന്നു കുട്ടികൾ..
 അമാവാസിരാവുകൾ പ്രകാശം മായ്ക്കും 
പുകക്കല്ലുകളിൽ പാതിയടർന്ന ഘനരാഗങ്ങൾ.. 

അന്ധരഗാന്ധാരശ്രുതിതെറ്റിയൊഴുകും 
അക്ഷരങ്ങളിൽ തട്ടിത്തൂവിവീഴും അക്ഷതം.. 
മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങളിൽ
 മഴത്തുള്ളികൾ.. 
 ഋതുക്കൾ നിവേദ്യതാലങ്ങളിൽ പൂക്കാലമാകും
 ഭ്രമണലയവാദ്യങ്ങളിൽ അതിദ്രുതം തേടും 
അനിയന്ത്രിതരാശികൾ.. 

മിഴിയിലൊഴുകും പ്രപഞ്ചമേ
 വിരലനക്കങ്ങളിൽ വിതുമ്പിവിഴും 
മൃദുപദങ്ങൾക്കരികിൽ ഉറുമിയേറ്റും
 ശൈശവകൗതുകം.. 
ഉലയിലുമിത്തീമിയിൽ വീണുടയും അധിക വ്യജ്ഞനങ്ങൾ ആഴിയിലേയ്ക്കെറിയും കൂട്ടക്ഷരങ്ങൾ 
ചിതറും സ്വരങ്ങൾ, ചിഹ്നങ്ങൾ 
സന്ധ്യാവന്ദനമന്ത്രങ്ങൾ ചൊല്ലും
 ജപമാലകൾക്കിടയിൽ പുകയും ധൂമപത്രങ്ങൾ..

 പ്രപഞ്ചമേ! ആത്മാവിന്റെ
 അമൃതവർഷിണിയിൽ പ്രതിമധ്യമശ്രുതി 
പെയ്തൊഴിയട്ടെ ഈറൻ നോവുകൾ
 പ്രകാശവർഷങ്ങളിൽ, ആകാശത്തിനിതളിൽ, 
ഋതുക്കളെ മറന്നേയ്ക്കുക പുകയും അഗ്നികുണ്ഡങ്ങളെ... 
അതീവമനോഹരമാം പദങ്ങളുണരട്ടെ
 പ്രകൃതിയുടെ രാഗമാലികയിൽ

Sunday, April 13, 2014

 APRIL 14, 2014
IST 9.38 AM
Monday

കായലൊരു ചിറകെട്ടിയ
സമുദ്രതീരത്തിനരികിൽ
മൺ തരികളിലൂടെ
കവിതയൊഴുകി
സർവകലാശാലയിൽ
കാലം തുന്നിയ ദിനച്ചരടിൽ
മുത്തുമണികൾ പോലെയടർന്ന
ആകാശത്തിനിതളുകളിൽ
കവിതയൊഴുകി
പലനാളെഴുതി
അക്ഷരങ്ങൾ വിതുമ്പിയ
വിരൽതുമ്പിൽ ഹൃദ്സ്പന്ദനങ്ങളും
കവിതയായൊഴുകും പ്രഭാതത്തിൽ
ചുറ്റുവലയങ്ങളിൽ
നിന്നുണരും ആരവം മനസ്സിനെ
സ്പർശിക്കാതെ അകലങ്ങളായ്
സമാന്തരരേഖകളിലൂടെ
മാഞ്ഞുതീരുന്നു....