Wednesday, April 30, 2014

 MAY 1, 2014
IST 10.00 AM
Thursday



വൈശാഖമൊരു മഴതുള്ളിയായ്
മനസ്സിൽ പെയ്യും കവിതയിൽ
അടർന്നുവീണ ദലങ്ങൾ
ഋതുക്കളായ് മാഞ്ഞുതീരും
പ്രദക്ഷിണപഥത്തിൽ
അക്ഷരതെറ്റുകളേറി വളർന്ന
ഇടവേളയിലുരസിമുറിഞ്ഞ
ഹൃദയസ്പന്ദങ്ങളിൽ
കാലം നീങ്ങിയ നിഴലോരങ്ങളിൽ
പ്രകാശമൊഴുകും മിഴിയിൽ
പരിചയുമുറുമിയുമായ്
പൊരുതിയ മൊഴിയിൽ
ഉത്തരങ്ങൾ തേടിനടന്ന
ബാല്യകുതൂഹലങ്ങളിൽ
കൽക്കെട്ടിൽ വീണുടഞ്ഞ
കാൽച്ചിലമ്പിനൊരു മുത്തിൽ
മനസ്സിലിതളടർത്തിവിരിയും
പവിഴമല്ലിപ്പൂവുകളിൽ
ചന്ദനസുഗന്ധമാർന്ന
ഉദ്യാനങ്ങളിൽ
കേൾക്കാനാവുന്നു ഉൾക്കടലിൻ
അന്തരഗാന്ധാരശ്രുതി..

Tuesday, April 29, 2014

APRIL 30, 2014
IST 10.39
Wednesday



ആകാശമേ
അനിർവചനീയമായ മൃദുസ്വരങ്ങളിൽ
പ്രകൃതിയെഴുതും പൂർവാഹ്നങ്ങളിൽ
ഇതളിലകളിൽ ഗ്രാമപ്പറവകൾ
കീർത്തനമാലപിക്കും കിളിക്കൂടുകളിൽ
എവിടെയോ മറന്നിട്ട പഴയ
ഒരു കവിതയുടെ വരികൾ
ഓർമ്മതെറ്റിവീണ ഇടവേളയിലും
ആരവഗാനങ്ങളുമായ് ആൾക്കൂട്ടം
തിങ്ങിയോടിയ നഗരപ്പുകയിലും
മൊഴിയുടഞ്ഞ ചില്ലുതരികൾക്കിടയിലും
മനസ്സിലുലയാതെയൊഴുകുന്നുവല്ലോ
പ്രകീർത്തനങ്ങളും,പ്രകോപനവും
തുരുമ്പിടാതെ നിലവറകളിൽ
ഭൂമി സ്വരുക്കൂട്ടിയ കവിതകളിൽ
കനകപ്രകാശമേകും പൂർവദീപങ്ങൾ
അലങ്കോലപ്പെട്ട രാജ്യപരവതാനിയിലൂടെ
എഴുതിസൂക്ഷിച്ച അക്ഷരക്കൂടകളുമായ്
നടക്കുമ്പോൾ അറിയാനാവുന്നു
ഋണപ്പാടുകൾ ഭാരമേറ്റിയ നിർണ്ണയതുലാസുകളിൽ
ഭാരരഹിതമാമൊരു തൂവലായ്
ഹൃദയം സ്പന്ദിക്കുന്നു
ഒരോ ഇതളിലും മനോഹരമാമൊരു
കവിത വിരിയുന്നു
 APRL 29, 2014
IST 10.29 PM
Tuesday




സായാഹ്നം തണൽ മരച്ചോട്ടിലെ
കരിഞ്ഞ ഇലകളായി
സായന്തനമൊരു മൺചിരാതിനരികിൽ
പുരാണങ്ങളായി
എല്ലാം മറന്നുറങ്ങിയ ഹൃദയം
സ്വപ്നങ്ങൾ മറന്ന യാഥാർഥ്യമായി
മനസ്സ് കവിതയൊഴുകാനൊരു
തീർഥസമുദ്രത്തിനായ്
ക്ഷേത്രപ്രദിക്ഷണത്തിൽ..
പ്രഭാതമുണരും പൂർവസ്മൃതിയിൽ
ധ്യാനഭാവത്തിലൊഴുകി ഭൂമി..

Monday, April 28, 2014

APRIL 29, 2014
IST 10.43 AM
Tuesday



പ്രഭാതം ഒരീറൻ തുടുപ്പായുണരും
ഉദ്യാനത്തിനരികിൽ
അതിരുകളേറിവരും
അധിശഭാവം
അന്യായഭാവം
ഓർമ്മയിതളിൽ
കവിതയുടെ കനകചിന്തുകൾ
നഗരം ഗ്രാമത്തിനരികിലൂടെ
ഇടക്കാലനോവുകളും
ഗ്രഹമിഴികളുമായ് നീങ്ങും
വർത്തമാനകാലത്തിലും
പവിഴമല്ലിക്കവിതകൾ
മനസ്സിൽ അമൃതുതൂവിവിടരുന്നു
മൺ തരികൾ ചേർത്തൊഴുകും
ഭൂമിയുടെ മൃദുപദങ്ങളേ
മനസ്സിന്റെ വ്രണിതനോവുകളെ
മായ്ചുതീർത്താലും
APRIL 28, 2014
IST 10.18 P M
Monday


മൃദുപദങ്ങൾക്കരികിൽ
നിഴലനക്കങ്ങൾ കേൾക്കാനാവുന്നു
പരിചയും ഉറുമിയുമായ്
പിന്നിലൊളിപാർക്കുന്നു
പരിചിതമാം അർഥശൂന്യത..
ഗ്രാമമുറങ്ങും മനസ്സിൽ
ചന്ദനക്കുളിർഗാനം തേടുമ്പോഴും
നീറ്റിയ ശംഖിൽ കവിതയെഴുതും
കടലുണരുമ്പോഴും
കേൾക്കാം അഴിമുഖങ്ങളുടെ
ആവലാതികൾ..
നന്ദി...
എല്ലാറ്റിനും...
നക്ഷത്രങ്ങളുടെ കവിതയിൽ
നിന്നൊഴുകിയ ശുഭ്രാക്ഷരങ്ങൾക്ക്
നന്ദി
പ്രകോപനങ്ങൾക്കും
മനസ്സുലയ്ക്കാനയച്ച
അനേകം ജീവജാലങ്ങൾക്കും
നിഴലുകൾക്കും
അസ്ത്രങ്ങൾക്കും
സഹായങ്ങൾക്കും
പരിഹാസങ്ങൾക്കും
ആരോപണങ്ങൾക്കും
തൂക്കം തട്ടിയുടച്ച തുലാസുകൾക്കും
എല്ലാറ്റിനും നന്ദി..

ആകാശവാതിലിലെ ദൈവമേ
അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു
ഭൂമിയിലെ കുറെ ജീവജാലങ്ങളെ കൈയിലെടുത്ത്
അറിവില്ലായ്മയുടെ അക്ഷരങ്ങൾ കൂട്ടിവിളക്കി
പ്രകോപിപ്പിക്കുന്നുമുണ്ട്
അവരോട് സഹതാപം കൂടിക്കൂടിവരുന്നു
പ്രകോപനത്തിന്റെ ശരങ്ങൾ കൈയിലേന്തിനിൽക്കും
വെറും സാധാരണത്വത്തിനെ കാണുമ്പോൾ
മനസ്സിലെ ഗാനങ്ങൾ മനോഹരമാക്കാനൊരു
വാക്ക് തേടും ഹൃദയത്തിലിപ്പോൾ
അതീവഹൃദ്യമായ ഒരു കീർത്തനമുണരുന്നു..
ആദിദു:ഖങ്ങൾ സമതീരങ്ങളായിരിക്കുന്നു...
സമാന്തരങ്ങളിലിരുന്ന് കാണും ലോകം
എത്ര പരിചിതമിന്ന്
അക്ഷരതെറ്റുകൾ മായ്ച്
അളന്നു തീർന്ന മൺ തരികളിലും കവിതയെഴുതും
ഭൂമിയെ പരീക്ഷിക്കും വിചിത്രഭാവമേ
നിന്നെയറിഞ്ഞുതീർന്നിരിക്കുന്നു.
നന്ദി...




Sunday, April 27, 2014

 Aoril 20, 2014
IST 9.09 AM
Monday



ഹൃദയദലങ്ങളുടയും
അലോസരങ്ങളിലും
പ്രഭാതമൊരു സ്വരമായ്
മൊഴിയായ് തുടിയിടും
മനസ്സിൽ
ഓർമ്മനീറ്റിയ കടൽശംഖുകൾ,
കവിതകൾ
പൂമുഖപ്പടിയിൽ
ചിത്രങ്ങൾ ശബ്ദമുയുർത്തുമ്പോഴും
മനസ്സിൽ ശബ്ദരഹിതമാമൊരു
നിസ്സംഗത
മനസ്സുചുരുങ്ങിയ
ഇടവഴിയിലെ ആരവം
മൃദുലപദങ്ങൾ കാവ്യസർഗമാകും
ജപമണ്ഡപങ്ങളിൽ
സുഖദു:ഖങ്ങൾ കടം കൊണ്ട
കലഹച്ചിമിഴ്
ഭ്രമണലയമുടയും ദിനാന്ത്യത്തിൽ
പാതിയെഴുതിയ കവിതയിൽ
പ്രഭാതത്തിൻ കനകദീപങ്ങൾ..