Monday, January 31, 2022
വിലാപകാലം
വിലാപയാത്രകൾ
ശ്‌മശാനഗന്ധങ്ങൾ
വഴിപിരിയുവോർ
വിടപറയുവോർ
ഇടയിടയിലെ
നനുത്ത ശ്വാസമേ,
ഹൃദയമേ നീയും
മിഴിനീരൊപ്പുന്നു.
Rema Pisharody
January 41, 2022
Sunday, January 30, 2022
ചിറക്
ചിറകൊടിഞ്ഞൊരു
പക്ഷിയെ പോലെയീ-
പകലൊരു കൂട്ടി-
ലൊറ്റയ്ക്കിരിക്കുന്നു.
കനലെരിയുന്ന സായാഹ്നവും
നദിക്കരയിലായ് '
വെയിൽ കായുന്ന
ശിശിരവും
പറയുവാനൊന്നുമില്ലാത്ത
പോലാറ്റുകടവിൽ
നിന്നൊരു തോണിയേറീടുന്നു
ചിറകു നീർത്തുവാനാവാത്ത
ചില്ലയിൽ ഇതൾവിടർത്തും
നിലാവിൻ്റെ മർമ്മരം..
January 30, 2022
Rema Pisharody
Saturday, January 29, 2022
ഒരു സ്വകാര്യം
ഒരു സ്വകാര്യം
January 29, 2022
പറഞ്ഞു തീരാത്ത കഥകളുമായ്
ഇനിയുമെത്തിടും പകലിരവുകൾ
പതിയെയാരോടും പറയരുതെന്ന്
പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത്
തിരികെയെത്തിടും തിടുക്കത്തിലൊരു
മതിലുടച്ചിടും മറഞ്ഞു പോയിടും
ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം!
കനൽ തൂവി തിളങ്ങും പാതകൾ
അരികിലായ് ഗോത്രപവിത്രത, മുല്ല-
മലരുകൾ, ശബ്ദരഹിതശൂന്യത
വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ
സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം
വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ
പറന്നു നീങ്ങുന്ന ഹൃദയമൈനകൾ..
ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ
അവിടെയാകാശമത് കാൺക വേണ്ട
പതിയെ ചൊല്ലിയ സ്വകാര്യമാണിത്
നിറയെ മഞ്ചാടിക്കുരു തൊടിയിലായ്
മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ
അതിശയത്തിന്റെ കൊടുമുടിയേറ്റി
ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി-
യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു
പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ
വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം
കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ
വഴിയടയയാളം ഇലത്തളിരുകൾ
ഇലപ്പൊതികളിൽ രുചിയൊരിക്കലും
മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്..
വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത-
നുണകളാധികൾ,കുറുമ്പുകളെല്ലാം
സ്വകാര്യമാണിത് പറയരുതിത്;
വരും ദൈവം സ്വപ്നവഴികളാരോടും
കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും
ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ
പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ
പലതുമോർമ്മകൾ, പവിത്രബന്ധനം
ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ
വസന്തമാകുന്ന സ്മൃതിയിതളുകൾ
Friday, January 28, 2022
അന്തർഗതം
ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന
കനൽ തിന്ന പക്ഷികൾ വരുന്നു
മൃതിയിൽ, നിരാശയുടെ മൗനത്തിൽ,
വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു
ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ
ഉറവകൾ വരണ്ട് പോകുന്നു
ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ
ചലനം നിലച്ച് പോകുന്നു
ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം
വ്യഥകൾ തരിച്ചിരിക്കുന്നു
കുരുവികൾ പറന്ന് പോം കൂടിൻ്റെ
നഗരങ്ങളിടറുന്നു വീണുപോകുന്നു
പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ
ഇരുൾ തേടിയോടിയോരെല്ലാം
പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ
കരൾ നൊന്ത് നിൽക്കും പ്രപഞ്ചം
മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട്
കരയും ഋതുക്കൾ പറഞ്ഞു
ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ
എഴുതിപ്പകർത്തി സൂക്ഷിക്കാം
വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ
ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ
ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ,
ഇതളറ്റ് വീണവർ നമ്മൾ.
ഇനിയെന്തിതെന്നോർത്ത് നിൽക്കവെ
ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും
അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി-
അരികത്തിരിക്കുന്നു ഭൂമി.
Rema Rasanna Pisharody<
January 28, 2022
Thursday, January 27, 2022
ജനുവരി
ജനുവരി
ഓരോരോ കാലത്തിൻ്റെ
സങ്കടം മഞ്ഞിൽ പുതഞ്ഞീവിധം
മൂടിക്കെട്ടിയരികത്തിരിപ്പുണ്ട്
ഇരുണ്ടും നെരിപ്പോട് കത്തിച്ചും
ശൈത്യത്തിൻ്റെ തണുപ്പിൽ
നിന്നും മെല്ലെ നടക്കും ജനുവരി
ഉച്ചസൂര്യനോ കത്തിപ്പടർന്നു
കാലത്തിൻ്റെ പച്ചിലച്ചാർത്തിൽ
തീയിട്ടെങ്ങോട്ടോ പോയീടുന്നു
അലസം, ഒരു കാറ്റിലക്ഷരം
പേറ്റിക്കൊഴിച്ചെടുക്കാനാവാതെ
ഞാൻ ധ്യാനമാർന്നിരിക്കവെ
യാത്രയായപ്പോൾ മഞ്ഞുപുതപ്പിൽ
നിന്നും ഒരു വാക്കിലപ്പച്ചപ്പിനെ
തന്ന് പോയ് ജനുവരി..
(By Rema Pisharody
January 27, 2022)
Wednesday, January 26, 2022
തഴുത്
തഴുത്
Rema Pisharody
Januyary 26, 2022
അടച്ച് തഴുതിട്ട മനസ്സിൽ
നിന്നും വാക്കിൻ കിളികൾ
പറക്കാനായ് തിടുക്കം
കൂട്ടീടുമ്പോൾ
തണുത്തങ്ങുറഞ്ഞൊരു
ശൈത്യമായ് മൗനത്തിൻ്റെ
രഹസ്യം തേടിപ്പോയി
മാർഗ്ഗഴിക്കവിതകൾ
Subscribe to:
Posts (Atom)