Monday, February 17, 2014

February 17, 2014
IST 10.39
Tuesday


സ്വപ്നാടനം കഴിഞ്ഞെത്തിയ
പ്രഭാതമൊഴിയിൽ
തീർഥം തൂവിയ ദർഭാഞ്ചലത്തിനിടയിൽ
ഒരു തുളസിപ്പൂവിതൾ..
സമാന്തരങ്ങളിൽ ഹൃദയമെഴുതിയ
ഗ്രാമകവിതയിലുടക്കി ആകാശം..
വാർമുകിൽത്തുമ്പിൽ മാഞ്ഞ
നക്ഷത്രങ്ങളിലെ തിളക്കം മിഴിയിലേറ്റിയെത്തിയ
പൂർവാഹ്നതീരങ്ങൾ പകലിൻ പൊന്നുരുക്കി
കസവുപാകി കാവ്യബിന്ദുക്കളായ്...

പവിഴമല്ലിത്തോപ്പുകളിൽ
മകരമഞ്ഞുറഞ്ഞ ദിനശിഖരങ്ങളിൽ
പ്രാചീനപുരാണങ്ങൾ കൂടുകൂട്ടി...
നൂറ്റാണ്ടുകളുടെ നോവുകൾ
കഥയായ്, കവിതയായ്
നിഴലഴികളിൽ നിർമ്മമം നിന്നു...

No comments:

Post a Comment