Wednesday, January 12, 2022

മഞ്ചാടിമണികൾ Rema Pisharody ================== മഴനിലാവും കടന്ന് നാം പണ്ടൊരു- മഴമരത്തിൻ്റെ ചോട്ടിലിരുന്നതും പുഴയിലോളത്തി- ലാകാശ നക്ഷത്ര- മിഴിയിൽ നിന്നൊരു സ്വപ്നം പൊഴിഞ്ഞതും ഇരുളുനീന്തിക്കടന്ന് നാം സൂര്യനെ- ചിറകിലേറ്റിപ്പറക്കാൻ ശ്രമിച്ചതും.. വഴിയിലെ ചോന്ന- മഞ്ചാടിമണികളിൽ ഹൃദയമുണ്ടെന്ന് നമ്മൾ പറഞ്ഞതും നിനവിലുണ്ടായി രിക്കിലും മൗനമായ്- പതിയെ നമ്മൾ പിരിഞ്ഞ ഹേമന്തമായ്! ഇലപൊഴിഞ്ഞ് പോയെ- ങ്കിലും മഞ്ഞിൻ്റെ ശിഖരമോരോന്നുറഞ്ഞ് പോകുമ്പോഴും പ്രണയസന്ധ്യതൻ ഗൂഢമന്ദസ്മിതം- അരികിലുണ്ടെന്ന് കാറ്റ് ചൊല്ലുന്നുവോ പ്രണയമഞ്ചാടിമണി- കളിൽ നമ്മുടെ ഹൃദയമുണ്ടെന്ന് മൗനം പറഞ്ഞുവോ? പ്രണയകാലത്തി നോർമ്മപോലിന്നുമീ- മഴനിലാവിൻ്റെ പാട്ട് കേൾക്കുന്നുവോ?

No comments:

Post a Comment