Thursday, February 3, 2022

..യാത്ര

യാത്രയിലൊന്നിൽ ഭൂമി കാലുടക്കിവീഴുന്നു കാട്ടിലെ ദിനോസറും പലതും മാഞ്ഞേ പോയി മരുഭൂമിയിൽ വന്ന് സമുദ്രം കൊട്ടിപ്പാടി ചിരിയൊന്നതിൽ നിന്ന് നിലാവോ മിന്നിക്കത്തി ഇരുളിൻ മഹാശൂന്യ- വഴി പിന്നിട്ടെത്തുന്ന നടുക്കം പോലേ നിന്നു രാത്രിയും രാപ്പാടിയും .. ema Pisharody.. February 2, 2022

Wednesday, February 2, 2022

AKSHARANGAL

അക്ഷരങ്ങൾ കൺകളിൽ ഇരുൾ തീണ്ടിയ മേഘങ്ങൾ പെയ്യുവാനായൊരുങ്ങി നിന്നീടവേ ചെങ്കനൽ നീറ്റി സാന്ധ്യവർണ്ണങ്ങളിൽ പിന്നെയും തിരി വച്ച താരങ്ങളേ നിദ്രതൻ മങ്ങിനിൽക്കും വിളക്കി നെ കൈയിലേറ്റി നിലാവാൽ തെളിക്കവേ യാത്ര തൻ പരിക്ഷീണമാം പാതയിൽ കൂട്ടിനുണ്ടെന്ന് ചൊല്ലിയ കാലമേ താഴെ വീഴുമെന്നോർത്തങ്ങിരിക്കവെ താങ്ങി നിർത്തിയ സർവ്വം സഹേ ഭൂമി കൂട്ടിനാരുമില്ലെന്ന് കരുതവേ കൂട്ടുകൂടുവാൻ വന്ന ഋതുക്കളേ ഇല്ലെനിക്കിനി വയ്യെന്നു ചൊല്ലവേ കൈപിടിച്ചോരു സർഗ്ഗാത്മലോകമേ നേരെഴുത്തിൻ്റെ മൗനവാല്മീകത്തിൽ ധ്യാനലീനമിരുന്ന ലിപികളേ അക്ഷരങ്ങളേയെന്നും പരസ്പര- ചക്രവാളം തൊടുന്നോരനന്തതേ! അഗ്നിസൂര്യൻ ജ്വലിക്കവേ പാടുവാൻ നിത്യമെത്തുന്ന പാട്ടുകാർ പക്ഷികൾ ചിത്രകംബളം നീർത്തി പരസ്പരം ഹൃദ്യമീലോക സൗഹൃദക്കാഴ്ചകൾ കൈവിരൽ തൊടും ഭൂമി, മഴ മണ്ണിലെന്നുമുണ്ടീപരസ്പരാകർഷണം Rema Pisharody February 2, 2022  

Tuesday, February 1, 2022

ചിത്രശലഭം

കുനുകുനെ കുത്തിക്കുറിപ്പുകൾ വെള്ളക്കടലാസിൽ നിന്ന് പറന്ന് പോകുന്നു. കിളികളായിടാം, മുകിലതായിടാം വിടർന്ന പൂവിൻ്റെ ഇതളുമായിടാം ചിറകെല്ലാം വാടിക്കരിഞ്ഞൊരു ചിത്രശലഭമീ താളിൽ തളർന്നിരിക്കുന്നു.. (Rema Pisharody) February 1, 2022

Monday, January 31, 2022

വിലാപകാലം

വിലാപയാത്രകൾ ശ്‌മശാനഗന്ധങ്ങൾ വഴിപിരിയുവോർ വിടപറയുവോർ ഇടയിടയിലെ നനുത്ത ശ്വാസമേ, ഹൃദയമേ നീയും മിഴിനീരൊപ്പുന്നു. Rema Pisharody January 41, 2022

Sunday, January 30, 2022

ചിറക്

ചിറകൊടിഞ്ഞൊരു പക്ഷിയെ പോലെയീ- പകലൊരു കൂട്ടി- ലൊറ്റയ്ക്കിരിക്കുന്നു. കനലെരിയുന്ന സായാഹ്നവും നദിക്കരയിലായ് ' വെയിൽ കായുന്ന ശിശിരവും പറയുവാനൊന്നുമില്ലാത്ത പോലാറ്റുകടവിൽ നിന്നൊരു തോണിയേറീടുന്നു ചിറകു നീർത്തുവാനാവാത്ത ചില്ലയിൽ ഇതൾവിടർത്തും നിലാവിൻ്റെ മർമ്മരം.. January 30, 2022 Rema Pisharody

Saturday, January 29, 2022

ഒരു സ്വകാര്യം

ഒരു സ്വകാര്യം January 29, 2022 പറഞ്ഞു തീരാത്ത കഥകളുമായ് ഇനിയുമെത്തിടും പകലിരവുകൾ പതിയെയാരോടും പറയരുതെന്ന് പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത് തിരികെയെത്തിടും തിടുക്കത്തിലൊരു മതിലുടച്ചിടും മറഞ്ഞു പോയിടും ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം! കനൽ തൂവി തിളങ്ങും പാതകൾ അരികിലായ് ഗോത്രപവിത്രത, മുല്ല- മലരുകൾ, ശബ്ദരഹിതശൂന്യത വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ പറന്നു നീങ്ങുന്ന ഹൃദയമൈനകൾ.. ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ അവിടെയാകാശമത് കാൺക വേണ്ട പതിയെ ചൊല്ലിയ സ്വകാര്യമാണിത് നിറയെ മഞ്ചാടിക്കുരു തൊടിയിലായ് മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ അതിശയത്തിന്റെ കൊടുമുടിയേറ്റി ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി- യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ വഴിയടയയാളം ഇലത്തളിരുകൾ ഇലപ്പൊതികളിൽ രുചിയൊരിക്കലും മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്.. വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത- നുണകളാധികൾ,കുറുമ്പുകളെല്ലാം സ്വകാര്യമാണിത് പറയരുതിത്; വരും ദൈവം സ്വപ്നവഴികളാരോടും കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ പലതുമോർമ്മകൾ, പവിത്രബന്ധനം ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ വസന്തമാകുന്ന സ്മൃതിയിതളുകൾ

Friday, January 28, 2022

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു മൃതിയിൽ, നിരാശയുടെ മൗനത്തിൽ, വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ ഉറവകൾ വരണ്ട് പോകുന്നു ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ ചലനം നിലച്ച് പോകുന്നു ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം വ്യഥകൾ തരിച്ചിരിക്കുന്നു കുരുവികൾ പറന്ന് പോം കൂടിൻ്റെ നഗരങ്ങളിടറുന്നു വീണുപോകുന്നു പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ ഇരുൾ തേടിയോടിയോരെല്ലാം പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ കരൾ നൊന്ത് നിൽക്കും പ്രപഞ്ചം മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട് കരയും ഋതുക്കൾ പറഞ്ഞു ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ എഴുതിപ്പകർത്തി സൂക്ഷിക്കാം വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ, ഇതളറ്റ് വീണവർ നമ്മൾ. ഇനിയെന്തിതെന്നോർത്ത് നിൽക്കവെ ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി- അരികത്തിരിക്കുന്നു ഭൂമി.   Rema Rasanna Pisharody< January 28, 2022

Thursday, January 27, 2022

ജനുവരി

ജനുവരി ഓരോരോ കാലത്തിൻ്റെ സങ്കടം മഞ്ഞിൽ പുതഞ്ഞീവിധം മൂടിക്കെട്ടിയരികത്തിരിപ്പുണ്ട് ഇരുണ്ടും നെരിപ്പോട് കത്തിച്ചും ശൈത്യത്തിൻ്റെ തണുപ്പിൽ നിന്നും മെല്ലെ നടക്കും ജനുവരി ഉച്ചസൂര്യനോ കത്തിപ്പടർന്നു കാലത്തിൻ്റെ പച്ചിലച്ചാർത്തിൽ തീയിട്ടെങ്ങോട്ടോ പോയീടുന്നു അലസം, ഒരു കാറ്റിലക്ഷരം പേറ്റിക്കൊഴിച്ചെടുക്കാനാവാതെ ഞാൻ ധ്യാനമാർന്നിരിക്കവെ യാത്രയായപ്പോൾ മഞ്ഞുപുതപ്പിൽ നിന്നും ഒരു വാക്കിലപ്പച്ചപ്പിനെ തന്ന് പോയ് ജനുവരി.. (By Rema Pisharody January 27, 2022)

Wednesday, January 26, 2022

തഴുത്

തഴുത് Rema Pisharody Januyary 26, 2022 അടച്ച് തഴുതിട്ട മനസ്സിൽ നിന്നും വാക്കിൻ കിളികൾ പറക്കാനായ് തിടുക്കം കൂട്ടീടുമ്പോൾ തണുത്തങ്ങുറഞ്ഞൊരു ശൈത്യമായ് മൗനത്തിൻ്റെ രഹസ്യം തേടിപ്പോയി മാർഗ്ഗഴിക്കവിതകൾ

Tuesday, January 25, 2022

മോഹം ഏതോ വിദൂരമാം ദിക്കിലേക്കങ്ങനെ പോകുവാൻ കാത്തിരിക്കുന്നവരെങ്കിലും പോകാൻ മടിക്കുന്നവർ ഭൂമിയിൽ നിന്ന് പോകാതിരുന്നെങ്കിലെന്ന് മോഹിപ്പവർ

Sunday, January 23, 2022

ഋണം

ഋണം By Rema Pisharody January 23 2022
വാതിലിൽ ഭയം കോലം വരച്ച കാലത്തിൻ്റെ ബാദ്ധ്യത തീരാത്തൊരു ബാക്കിപത്രത്തിൽ നിന്ന് ഇനിയും പൊഴിയാതെ പോകുവാൻ മടിക്കാതെ കനലൊന്നുണ്ടത് കത്തുന്നു പൊള്ളിക്കുന്നു മഴകൾ പെയ്തേ പോയി എങ്കിലും തീരത്തൊരു പൊടിഞ്ഞ ശംഖിൽ ഇന്നും കരച്ചിൽ കേൾക്കുന്നുണ്ട്..

Saturday, January 22, 2022

നെരിപ്പോട്

നെരിപ്പോട് January 22,2022 റാന്തലിൻ തിരി താഴ്ത്തി ഓർമ്മകൾ മങ്ങിക്കത്തി പാട്ടിൻ്റെയീണം തെറ്റി പകലോ മാഞ്ഞേ പോയി മുഷിഞ്ഞ കടലാസിലാധികൾ വരഞ്ഞിട്ടു പുകഞ്ഞ നെരിപ്പോടിലടക്കം ചെയ്തേ പോന്നു പിന്നോട്ട് പിന്നോട്ടെന്ന് വിളിക്കാറുണ്ടോർമ്മകൾ മുന്നോട്ട് മുന്നോട്ടെന്ന് കണ്ണുനീർക്കടൽക്കാറ്റ്

Friday, January 21, 2022

കളിവീട്.

കളിവീട്. Rema Pisharody January 21, 2022 ഇലവ് പൂവിട്ടൊരിടവഴിയും കടന്നൊരു- നിഴൽ മൂടി നിൽക്കുന്നൊരോർമ്മയിൽ പഴയതെല്ലാം തുടച്ചു മായ്ക്കും കോലു- മഷിപുരണ്ടൊരു സ്ളേറ്റും പിടിച്ചു- കൊണ്ടിവിടെ ഞാൻ വന്നിരിക്കുന്നു കണ്ണിലെ നഗരവിഭ്രമം മാഞ്ഞുപോയീടുന്നു ഇലകളെല്ലാം കൊഴിഞ്ഞുപോയീടുന്നു ഇതളതെല്ലാം വിടർന്നുവന്നീടുന്നു മഴു പതിച്ച മൺകൂട്ടിലെ നോവുമായ് പുതിയ പട്ടാഭിഷേകം തുടങ്ങുന്നു. ശിരസ്സിലായ് മുള്ളുനാരാൽ മെടഞ്ഞൊരു മകുടമുണ്ടതിൻ തേരോട്ടമുണ്ടതിൽ ഇലവ് പൂവിട്ട വഴികളിൽ, തുമ്പികൾ അവിടെ നമ്മളുണ്ടായീരുന്നു മാവിൻ്റെ ചുവടിലുണ്ടായിരുന്നൊരു കളിവീട്...

Thursday, January 20, 2022

കൈറ്റ് ഫെസ്റ്റിവൽ

കൈറ്റ് ഫെസ്റ്റിവൽ Rema Prasanna Pisharody January 20, 2022 പട്ടങ്ങൾ പറന്നുപോകുന്നിതാ ആകാശത്തിൻ സ്വച്ഛമാം നീലപ്പട്ടിൽ വർണ്ണങ്ങൾ തൂവിക്കൊണ്ട് കെട്ടുപൊട്ടിയ പട്ടമെന്നപോൽ മേഘങ്ങളാ പട്ടങ്ങളെല്ലാം കൈയിലെടുത്ത് ചുംബിക്കുന്നു കൈകളിലാമ്പൽപ്പൂവും കൊരുത്തു നടന്നൊരു കൈതപ്പൂസുഗന്ധത്തിൻ ഗ്രാമത്തിലോണപ്പാട്ടിൽ പട്ടങ്ങൾ പറന്നത് പോലെയല്ലിത് ലോകമുൽസവമാക്കുന്നൊരു മേളയുമാഘോഷവും പട്ടങ്ങൾ കുരുങ്ങിയ- പഴയ പ്ളാവിൻ കൊമ്പിൽ കെട്ടുപൊട്ടിയ നൂലിൻ- ഓർമ്മകൾ ധ്യാനിക്കുന്നു! പട്ടങ്ങൾ പറക്കുന്നു മേഘങ്ങൾ തൊട്ടേറുന്നു, പട്ടങ്ങളൊരുങ്ങുന്നു വസന്തം തേടിക്കൊണ്ട് കൈകളിൽ നിന്നും നൂലു- പൊട്ടിയ പട്ടങ്ങളായ് കണ്ണിൽ നിന്നോടിപ്പോകും പ്രാണൻ്റെ നിശ്വാസങ്ങൾ ഓരോരോ രൂപങ്ങളിൽ ഓരോരോ പ്രപഞ്ചമായ് ഓരോരോ ചിറകുമായ് പട്ടങ്ങൾ പറക്കുന്നു കെട്ടിനിർത്തിയ മതിൽ ക്കെട്ടിനും മീതേ പറന്നിത്തിരി ആകാശത്തെ കൈയിലേയ്ക്കെടുക്കുന്നു.

Wednesday, January 19, 2022

അങ്ങനെ ഓരോരോ കനസുകള്

അങ്ങനെ ഓരോരോ കനസുകള് Rema Pisharody January 19, 2022 വായിക്കുവാനായെടുത്ത പുരാതനവായനശാലയിൽ *മൂകജ്ജി വന്നുവോ കാലം തണുപ്പിച്ച കാറ്റും, നിഗൂഢമാം കാലടിപ്പാടും പതുക്കെ സ്പന്ദിച്ചുവോ നെറ്റിയിൽ പൊട്ടിട്ട ബാല്യം- ഒരിത്തിരി കുട്ടയിൽ സ്വപ്നങ്ങൾ നെയ്തങ്ങിരുന്നുവോ? കെട്ടിച്ചമച്ചതെല്ലന്നതീന്ദ്രിയ- സത്യം പറഞ്ഞു പോകുന്നു കനസുകൾ പുല്ലിൻ്റെ തുമ്പിൽ തുളുമ്പി നിൽക്കും മഞ്ഞ് തുള്ളിപോലെന്നും നനഞ്ഞ പെൺകണ്ണുകൾ മുത്തശ്ശിയാൽ മരച്ചോട്ടിൽ തടുക്കൊന്നു തട്ടിക്കുടഞ്ഞ് നീർത്തുന്നു അതിൽ നിന്ന് പൊട്ടും പൊടിയും കണക്കെ കനവുകൾ ചിത്രശലഭങ്ങളായ് പറന്നീടുന്നു. പക്ഷികൾ പാടും നദിക്കരെ തോണിയിൽ നിത്യം പറന്ന് വന്നെത്തുന്ന കാറ്റിലായ് ചിത്രങ്ങൾ തുന്നുന്ന മേഘങ്ങളും കണ്ട് മുത്തശ്ശിയെത്രയോ കാലം കൊരുത്തിട്ട- സ്വപ്നങ്ങൾ കണ്ട് മടങ്ങുന്നു ഞാനിന്ന്.. (ജ്ഞാനപീഠം ലഭിച്ച കന്നഡ സാഹിത്യകാരൻ ശ്രീ ശിവരാമകാരന്തിൻ്റെ മൂകജ്ജിയുടെ കനസുകൾ എന്ന നോവലിലെ മൂകജ്ജി)

Tuesday, January 18, 2022

പോക്കുവെയിൽ പോക്കുവെയിലെങ്ങോ മറഞ്ഞു മറക്കാതെ പൂക്കളെയെല്ലാം കൊഴിച്ചു ചിലമ്പിച്ച പാട്ടൊന്ന് പാടാൻ ശ്രമിച്ചു കലമ്പുന്ന കാറ്റിനോടെന്തോ പറഞ്ഞു, കുറുമ്പൊന്ന് കാട്ടുന്ന പെൺകുട്ടിയെ പോൽ മുഖം കോട്ടി ക്ഷേത്രക്കുളത്തിലെയാമ്പൽ രുദ്രേ വരച്ഛിട്ട കോലങ്ങളിൽ പള്ളിവാള് നീ വച്ചിട്ട് പോക കണ്ണീരു തൂവിത്തുടയ്ക്കാം മിനുക്കാം കണ്ണിൽ ഒളിച്ചങ്ങ് വയ്ക്കാം..

Monday, January 17, 2022

തൂക്കുപാലം

Rema Pisharody.. January 17, 2022 ========================== ഇരുളിൻ ഭയത്തിൻ്റെ തൂക്കുപാലത്തിൽ നീന്ന് പതിയെ പതിയെ ഞാനിറങ്ങി നടക്കുന്നു നോക്കിനിൽക്കവെ ഇല പൊഴിയും പോലെ എത്ര യാത്രികർ മൺഗന്ധത്തിലലിഞ്ഞ് മാഞ്ഞീടുന്നു ശിശിരം ചുംബിച്ചൊരു സ്വപ്നങ്ങൾ മരവിച്ച മനസ്സിൽ നിന്ന് കുടിയൊഴിഞ്ഞ് പോയീടുന്നു മൂവന്തി പണ്ടേ തിരിയണച്ചു നിലാവിൻ്റെ ജാലകം കൊട്ടിപ്പൂട്ടിയടച്ചു വീണ്ടും ലോകം തൂക്കുപാലത്തിൽ വീണ്ടും ഭയത്തിൻ ഭാരം ചേർത്ത് യാത്രപോകുന്നു മൗനം തുന്നിയ മുഖം, ശബ്ദം... ==============================

Sunday, January 16, 2022

JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...

Saturday, January 15, 2022

പെയിൻ്റ് ബ്രഷ് Rema Pisharody ജലച്ചായം ചോർന്നുപോയ ചുമർച്ചിത്രം തൂങ്ങിയാടും മിഴിക്കുള്ളിൽ ദർപ്പണത്തിൽ നിഴൽക്കുത്തിൻ കടുംവെട്ട് ഇതൾ മങ്ങി പൊഴിയുന്ന ഋതുക്കളിൽ ചുറ്റിയാടി മഴക്കാറ്റിൽ ഇലത്തുമ്പിൽ പുഴുക്കുത്തിൻ ഭൂപടങ്ങൾ ഉലയ്ക്കുള്ളിൽ തണുപ്പാറ്റി നെരിപ്പോടിൻ കനൽപ്പൊട്ട് കരിന്തീയിൽ പടർന്നാളി പിടഞ്ഞ പ്രാണൻ മഴപ്പാറ്റച്ചിറക് പോൽ കൊഴിയുന്ന നിമിഷത്തിൽ അടച്ചടച്ചടഞ്ഞു പോം മുഖപടങ്ങൾ.. നിലതെറ്റിപ്പടിതെറ്റി ചിതറുന്ന സ്ഫടികത്തിൽ കടും വർണ്ണം മാറ്റിവച്ച് വരയ്ക്കും കാലം ഇലച്ചായമൊഴുകുന്ന പരൽമീനിൻ ശ്രുതിയുള്ള കുളത്തിൻ്റെ പടിക്കെട്ടിൽ ഉറഞ്ഞു ശൈത്യം.. .. .. ===================================

Wednesday, January 12, 2022

മഞ്ചാടിമണികൾ Rema Pisharody ================== മഴനിലാവും കടന്ന് നാം പണ്ടൊരു- മഴമരത്തിൻ്റെ ചോട്ടിലിരുന്നതും പുഴയിലോളത്തി- ലാകാശ നക്ഷത്ര- മിഴിയിൽ നിന്നൊരു സ്വപ്നം പൊഴിഞ്ഞതും ഇരുളുനീന്തിക്കടന്ന് നാം സൂര്യനെ- ചിറകിലേറ്റിപ്പറക്കാൻ ശ്രമിച്ചതും.. വഴിയിലെ ചോന്ന- മഞ്ചാടിമണികളിൽ ഹൃദയമുണ്ടെന്ന് നമ്മൾ പറഞ്ഞതും നിനവിലുണ്ടായി രിക്കിലും മൗനമായ്- പതിയെ നമ്മൾ പിരിഞ്ഞ ഹേമന്തമായ്! ഇലപൊഴിഞ്ഞ് പോയെ- ങ്കിലും മഞ്ഞിൻ്റെ ശിഖരമോരോന്നുറഞ്ഞ് പോകുമ്പോഴും പ്രണയസന്ധ്യതൻ ഗൂഢമന്ദസ്മിതം- അരികിലുണ്ടെന്ന് കാറ്റ് ചൊല്ലുന്നുവോ പ്രണയമഞ്ചാടിമണി- കളിൽ നമ്മുടെ ഹൃദയമുണ്ടെന്ന് മൗനം പറഞ്ഞുവോ? പ്രണയകാലത്തി നോർമ്മപോലിന്നുമീ- മഴനിലാവിൻ്റെ പാട്ട് കേൾക്കുന്നുവോ?

Tuesday, January 11, 2022

 January 11, 2022

വഴി പിരിഞ്ഞ നാൾ

Rema Pisharody

 

വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ

ഹൃദയമാണിത് ചോന്ന പൂവാണിത്

എവിടെ ഞാനിന്നുപേക്ഷിച്ചു പോകുമീ

മിഴിയടച്ചോരു പ്രാണൻ്റെ പക്ഷിയെ

ചിറക് നീർത്തിപ്പറക്കുവാനാകാതെ

മഴ നനഞ്ഞു ഞാൻ ഒറ്റയ്ക്കിരിക്കവെ

പിരികയാണെന്ന് പറയാതെ ദൂരെയാ

മല കടന്നു നീ യാത്ര പോയീടവെ

മഴകൾ പെയ്തൊരാ മദ്ധ്യവേനൽ കടന്നി-

വിടെ ഞാനിന്നുറഞ്ഞുപോകുന്നുവോ

നിളയിലൂടെ നടnnനുപോകും വഴി

പതിയെ സൂര്യൻ മറഞ്ഞു പോകുന്നുവോ

വെറുതെ ഞാനീ മണൽപ്പരപ്പിൽ നിന്ന്
ചിറകുണർത്തുന്ന മേഘമാകുന്നുവോ

വിടപറയുവാനാകതെ നിൽക്കുമീ

മഴയിലൂടെ നടന്നു ഞാൻ പോകവെ

പതിയെ, കൈയിലായ് ആരോ തൊടുന്ന പോൽ

മിഴിയിലായ് സന്ധ്യ കൂടുകൂട്ടുന്നപോൽ

വിരലിലാരോ തൊടുന്ന പോൽ നെറ്റിയിൽ

കുളിരുമായ് തലോടുന്ന മാതിരി

വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ

പ്രണയമാണിത് ചോന്ന പൂവാണിത്

മിഴികൾ പൂട്ടി നീ യാത്ര ചോദിക്കുന്നു

പ്രണയമേ  ഞാനുമെന്ത് പറയുവാൻ


 

Monday, January 10, 2022

 

യുദ്ധം

Rema Pavizhamally

January 10, 2022

10.46 PM

 

ആരുമൊന്നുമറിയില്ലെയെങ്കിലും

നേരതാണൊരു യുദ്ധമുണ്ടുള്ളിലായ്

പോരടിക്കും മനസ്സും ഹൃദയവും

ചോരവാർന്നുതളർന്നു  വീഴുംവരെ

 

ചോദ്യമെന്നുമുണ്ടാകും മനസ്സിന്

നീതിഗർജ്ജനം കൂടെയുണ്ടായിടും

പാതിചാരിയനാലറയ്ക്കുള്ളിലെ

ലോലസ്പന്ദം  ഹൃദയമറിഞ്ഞിടും

 

വേണ്ട വേണ്ടെന്ന് ചൊല്ലിക്കലഹിച്ച്

വേണ്ട വേണ്ടെന്ന്  വീണ്ടും പറഞ്ഞിടും

കല്ലെറിയേണ്ട, മുള്ളുവാക്കും വേണ്ട

കണ്ട് നിൽക്കേണ്ട പിന്നോട്ട് നീങ്ങുക.

 

ഒന്ന് മെല്ലെത്തുടിയ്ക്കും സരോവരം

മറ്റതോ വന്യസാഗരകന്യക

രണ്ടുമെന്നുമോരോവിധ സങ്കട-

ച്ചിന്ത് പാടിയുണർന്നുവരുന്നവർ.

 

കാറ്റിലെ കിളിക്കൂടുകൾ പോലവ,

ആർത്തലയ്ക്കും കടലിന്നിരമ്പവും,

നോക്കിനോക്കിയിരിക്കെ വെയിൽ-

മഴച്ചാറ്റൽ പോലത് മങ്ങും, തിളങ്ങിടും

 

എന്തിനാണിവരിങ്ങനെയുള്ളിലായ്

ശണ്ഠകൂടുന്നെതെന്നുമിതേ വിധം

മിണ്ടുവാനും തൊടാനാനുമാവാവിധം

രണ്ട് ഭൂമിയുണ്ടുള്ളിൻ്റെയുള്ളിലായ്

Sunday, January 9, 2022

 

നിമഞ്ജനം

Rema  Pavizhamally

JANUARY 09   2022

 

യാത്രയാകുവാൻ വന്നുനിൽക്കും ശൈത്യ-

കാലമേഘമേ കൊണ്ടുപോകുക

കൈയിലേക്കിറ്റ് വീഴുന്ന കണ്ണുനീർ-

ത്തുള്ളിയിൽ വീണുടഞ്ഞ സ്വപ്നങ്ങളെ,

തർപ്പണത്തിൻ്റെ സൂര്യക്ഷേത്രങ്ങളിൽ

മുക്തിതേടുന്ന കാലദു:ഖങ്ങളെ

പാതിയും കരിഞ്ഞാളുന്ന സന്ധ്യയെ

വാതിലിൽ ഭയം നെയ്യും ചിലന്തിയെ

തൂണിലായ് ചാരി നിൽക്കും നിഴലിനെ

ഭൂപടത്തിൻ്റെ ഗന്ധകത്തോപ്പിനെ

നീറിനിൽക്കും ശ്മശാനഗന്ധത്തിനെ

മുത്തിനെരാകിരാകിമിനുക്കുന്ന

ചിപ്പിതൻ കടൽക്ഷോഭകാലങ്ങളെ

വാസനചാന്തുപേക്ഷിച്ചൊരാസിഡിൻ

തീക്ഷ്ണഗന്ധപ്രണയകാലങ്ങളെ

കൺതുറന്നാൽ കൊലവിളിച്ചോടുന്ന

മണ്ണിലെ രാജ്യനേതൃസൂക്തങ്ങളെ

ദൃശ്യഭാവത്തിനപ്പുറം കൺകെട്ട്

വിദ്യകാട്ടുന്ന മൃത്യുബിംബങ്ങളെ

തെറ്റിവീഴുന്ന ത്രാസിൻ്റെ തട്ടുകൾ

കുത്തൊഴുക്കിൽ കുരുങ്ങിനിന്നീടവേ

ശൈത്യകാലമേ നീ കൊണ്ടുപോകുക

ശബ്ദശൂന്യകാലത്തിൻ ഋണങ്ങളെ

നീ  ദയാപൂർവമീപ്പകൽ നോവുകൾ

മൂടൂക മഞ്ഞുപാളിയാൽ ഭംഗിയിൽ


 

Wednesday, January 5, 2022

 January 5, 2022

പെയിൻ്റ് ബ്രഷ്

Rema Pisharody

January 5, 2022
6.00 PM

 

ജലച്ചായം  ചോർന്നുപോയ

ചുമർച്ചിത്രം തൂങ്ങിയാടും

മിഴിക്കുള്ളിൽ ദർപ്പണത്തിൽ

നിഴൽക്കുത്തിൻ കടുംവെട്ട്

ഇതൾ മങ്ങി പൊഴിയുന്ന

ഋതുക്കളിൽ ചുറ്റിയാടി

മഴക്കാറ്റിൽ ഇലത്തുമ്പിൽ

പുഴുക്കുത്തിൻ ഭൂപടങ്ങൾ

ഉലയ്ക്കുള്ളിൽ തണുപ്പാറ്റി

നെരിപ്പോടിൻ കനൽപ്പൊട്ട്

കരിന്തീയിൽ പടർന്നാളി

പിടഞ്ഞ പ്രാണൻ

മഴപ്പാറ്റച്ചിറക് പോൽ

കൊഴിയുന്ന നിമിഷത്തിൽ

അടച്ചടച്ചടഞ്ഞു പോം

മുഖപടങ്ങൾ..

നിലതെറ്റിപ്പടിതെറ്റി

ചിതറുന്ന സ്ഫടികത്തിൽ

കടും വർണ്ണം മാറ്റിവച്ച്

വരയ്ക്കും കാലം

ഇലച്ചായമൊഴുകുന്ന

പരൽമീനിൻ ശ്രുതിയുള്ള

കുളത്തിൻ്റെ  പടിക്കെട്ടിൽ

ഉറഞ്ഞു ശൈത്യം.. .. ..

 

 January 4, 2022

മൗണ്ടൻ ഫ്ളവർ

 Rema Pishaorody

അന്നവിടെ നിലാവിൻ്റെ ചില്ലയിൽ

സന്ധ്യവന്നു കൊരുത്തു താരങ്ങളെ

ചന്ദനമരഗന്ധവുമായൊരു തെന്നൽ

വന്നു തഴുകിക്കടന്നുപോയ്

ഞാനിരുന്നതിനപ്പുറം കണ്ണിലെ ശോക-

മെല്ലാമൊതുക്കിയിയ പോലൊരു

ഗായകൻ വന്നു, പാടാനുമാവാതെ

രാഗമാമധുവന്തി നിശ്ശബ്ദമായ്

വേദിയിൽ വിളക്കേന്തി നിൽക്കുന്നൊരു

ബാലിക പാടിയാരോഹണസ്വരം

കാറ്റതിൻ്റെയവരോഹണം പാടി

പൂത്തുലഞ്ഞുമധുവന്തിയാകവെ

തേനുപോലെ മധുരം കിനിയവെ

പ്രാണനിൽ തൊട്ടുനിന്നു നിലാവൊലി

പ്രേമഗന്ധം നിറഞ്ഞസായാഹ്നത്തിൽ

ദൂരെയോടക്കുടൽ തൊട്ടു കാടുകൾ

ബെട്ടതെ മേലേ ഹൂവ് തേടി പോയ

കൊച്ച് ബാലനോ രാജകുമാരനായ്

മായികക്കാഴ്ച്ചയെന്ന പോലാഘോഷ

വേളയെല്ലാം നടന്ന് തീർന്നെന്നപോൽ

പാടുവാൻ ശ്രുതിയെല്ലാം കഴിഞ്ഞപോൽ

നാദവാദ്യങ്ങൾ മുക്തായ  തീർത്തപോൽ

ശോണതന്ത്രിയിൽ സ്പന്ദനനമന്ത്രങ്ങൾ

സ്നേഹമെന്ന പൂക്കാലം വിടർത്തിയ

ആ ഹൃദയമോ മൗനത്തിലേയ്ക്കൊരു

ഏകസഞ്ചാരപാതതിരഞ്ഞുപോയ്

സ്നേഹഗായകൻ തൊട്ടുപോകും സ്വരം

സ്നേഹഗായകനായ് സാന്ത്വനമായി

 

January 3, 2022
9.26 AM

ആല

Rema Pisharody

 

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും

പേക്കിനാക്കൾ മറച്ചുവെന്നാകിലും

പാട്ടുപാടുവാൻ സന്തൂറുമായ് കടൽ-

ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും

ലോകമെല്ലാം നിരാശപൂക്കുമ്പോഴും

കാതിൽ മാർഗ്ഗഴി പാട്ടുപാടുമ്പോഴും

ഞാനുറഞ്ഞ് പോയ് പർവ്വതങ്ങൾ തൊട്ട-

മേഘമായ് പിന്നെ നീർമഴത്തുള്ളിയായ്

മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും

കൈയിലുണ്ടായിരുന്നൊരു മൺതരി

കൊല്ലുവാനും തടുക്കാനുമാവാതെ

കൊല്ലനാലയിൽ തീപുകയ്ക്കുന്ന പോൽ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

ശക്തിയില്ലാതെ നിൽക്കും പ്രപഞ്ചത്തിൽ

ഇത്തിരി പോന്ന ജീവൻ്റെ ഭിത്തിയിൽ

ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ!

പാതിതീർന്നെന്ന് കണ്മിഴിക്കുമ്പോഴും

ലോകമൊന്നുണ്ടനന്തമാകാശാമായ്

ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനിൽ

ജീവജന്യസ്വരം ചേർത്തുണർത്തവെ

കാട് പൂക്കുന്നു രാവ് നീന്തിക്കട-

ന്നോർമ്മകൾ കോലമിട്ട് പോകും വഴി

ആലയിൽ തീയിലെന്നും പഴുക്കുന്ന

ലോഹമെന്ന പോൽ രൂപങ്ങൾ മാറിലും

നോക്കിനിൽക്കവെ രക്തമിറ്റീടുന്ന

വാക്കുടഞ്ഞുപോം സ്നേഹസ്വപ്നങ്ങളിൽ

മോഹമേഘങ്ങൾ പട്ടങ്ങളായ് പറന്നാധി-

കൂട്ടുവാൻ വന്നു പോകുമ്പോഴും

കൈകളിൽ നിന്നുതിർന്നു വീഴുന്നില്ല

മണ്ണിലെന്നോ വരച്ചിട്ടരൊക്ഷരം

എണ്ണമെല്ലാം മറന്ന് പോയെങ്കിലും

കണ്ണുനീരിൽ കുതിർന്നതാണെങ്കിലും

മണ്ണെഴുത്തിൻ്റെ ഗന്ധം പുരണ്ടൊരീ-

മൺകുടിൽ കെട്ടിമേഞ്ഞെഴുതുന്നു ഞാൻ

 

രണ്ട് പെൺകുട്ടികൾ

 January 2, 2022


രണ്ട് പെൺകുട്ടികൾ, പൂവാം കുരുന്നുകൾ

രണ്ടിലപ്പച്ചപോൽ കൈകോർത്ത് നീങ്ങിയോർ

രണ്ട് പെൺകുട്ടികൾ സംഗീതരാവിൻ്റെ-

ചിന്തുകൾ പാടാൻ സ്വരം ചേർത്ത് നിന്നവർ

രണ്ട് പെൺകുട്ടികൾ മിന്നാമിനുങ്ങുമായ്

അന്ധകാരത്തിൻ്റെ കൂട്ടിലേയ്ക്കെത്തിയോർ

സന്ധ്യവായിക്കുന്നു ഹാർമോണിയം

നിലാച്ചില്ലയിൽ paadum മഴക്കിളി.

കാറ്റിലാടുന്നു വൻവൃക്ഷങ്ങൾ, മേഘങ്ങൾ-

പേക്കിനാവിൽ തൊട്ട് പെയ്തുപോകെ;

മെല്ലെ സ്വരം തെറ്റി, താളം ലയം തെറ്റി

പിന്നെയോ തന്ത്രികൾ പൊട്ടിവീണു.

രണ്ട് പെൺകുട്ടികൾ കാലം കുതിക്കുന്ന

മണ്ണിനെയോടിക്കടന്ന് പോയി

കണ്ണിലായ് പേമാരി തുള്ളിപ്പെരുക്കവേ

മണ്ണിലേയ്ക്കാഴ്ന്നു പോയ്  ചന്ദ്രബിംബം

കണ്ണിലായ് പേമാരി തുള്ളിപ്പെരുക്കവേ

മണ്ണിലേയ്ക്കാഴ്ന്നു പോയ്  ചന്ദ്രബിംബം

രണ്ട് പെൺകുട്ടികൾ പൂമ്പാറ്റകൾ മുന്നിൽ-

ചെമ്പനീർപ്പൂ പോൽ കൊഴിഞ്ഞുവിണു

അന്തിവാനത്തിലെ കുങ്കുമം പോൽ ശോണ-

ബിന്ദുക്കൾ നെഞ്ചിൽ കുതിർന്നുണങ്ങി

രണ്ട് പെൺകുട്ടികൾ മണ്ണിനെ ചുംബിച്ച്

കണ്ണുനീർപ്പാടങ്ങളായി മാറി.


 

 

കിളിക്കൂടുകൾ
Rema Pisharody

January 1, 2022

 

മനസ്സേ!

നിരാശതൻ  കിളിക്കൂടുകൾ  മെല്ലെ

ശിശിരാകാശത്തിലേയ്ക്കിന്നലെ തുറന്നിട്ടു.

പറക്കാൻ മടിച്ചുകൊണ്ടാകിളിക്കൂട്ടം

വീണ്ടും തിരികെ ചേക്കേറുവാൻ

വരുമോ അറിയില്ല

 

പ്രാണൻ്റെ നിലാത്തുണ്ടിൽ

ബാല്യത്തിൻ കളിത്തോണി

രാവിൻ്റെ മിഴിയ്ക്കുള്ളിൽ

മിന്നാമിനുങ്ങിൻ വെട്ടം

കടലിന്നോളങ്ങളിൽ പുഴയോ

മൂവന്തിയോ

കനലിൽ തൊടുന്നൊരു

കാലമോ മീൻകൂട്ടമോ

 

ചിറകിൽ സ്വർണ്ണത്തരി തൊടുന്ന പോലെ

വീണ്ടും കിളിക്കൂടുകൾ കെട്ടാൻ വരുന്ന സ്വപ്നങ്ങളിൽ

നിലതെറ്റിയകയക്കുരുക്കിൽ  നിന്നും കരകയറി

വരും പുതുവർഷമേ ദൂരത്തൊരു

മരച്ചില്ലയിൽ ദേശാടനപ്പക്ഷികൾ പോലെ

മരവിച്ചിരുപ്പിണ്ട് ആശയും, നിരാശയും

പുഴയോളങ്ങൾക്കുള്ളിൽ ചിതറിത്തെറിക്കുന്ന

പകലും നിഴൽപ്പാലപ്പൂക്കളും പെരുക്കവെ

മറവിത്തുമ്പിൽ വീണുമയങ്ങാനൊരുങ്ങിയ

നിറക്കൂട്ടുകൾ തൊട്ട് വരയ്ക്കാമീഭൂമിയെ