Tuesday, June 24, 2014

JUNE 25, 2014
IST 10.22 AM
WEDNESDAYഹൃദയസ്പന്ദനങ്ങളിൽ
ജീവരേഖാമുദ്രകൾ
മൃദുപദങ്ങളുടെ മർമ്മരംപോലെയൊഴുകും മനസ്സ്
അധിനിവേശഗ്രഹചിമിഴുകളിൽ
മണലിൽ പതിയും പോൽ കാൽപ്പാടുകൾ
മുഖപടങ്ങൾ മൂടിയ ചുമരുകളിൽ
നിന്നടരും അക്ഷരങ്ങൾ
ഇടവപ്പാതിമഴയിൽ ജാലകമടച്ചിരിക്കുമ്പോഴും
ചില്ലടർന്ന മുറിവിലൂടെയൊഴുകുമൊരുൾമുറിവ്
വിരലിലൊഴുകും വിസ്മയഖനനഖനികളിൽ
കനൽപ്പൊട്ടുകൾ തണുക്കും ദിനാന്തരേഖകൾ
ഹൃദയമേ!
 ആകാശത്തിലെ നക്ഷത്രങ്ങളെ
സന്ധ്യാവിളക്കിലെ ജ്വലനകാന്തിയിലേയ്ക്കൊഴുക്കുക
ജപമാലകളുമായ് ഭൂമിയൊഴുകും
കടലോരത്ത് ഞാനിരിക്കാം
മനസ്സിലെ സ്വരങ്ങളാളൊരു രാഗമാലികയുമെഴുതാം..

Thursday, June 19, 2014

JUNE 20, 2014
IST 10.52 AM
FRIDAYജാലകവാതിലിൽ പ്രഭാതമുണർത്തിയ
കവിതയിൽ കല്പാന്തങ്ങളുടെ കൽഹാരങ്ങൾ
ആഷാഢമഴയിൽ അനുസ്വരങ്ങൾ
അക്ഷരങ്ങളിൽ കനകബിന്ദുക്കൾ
മനസ്സിന്റെ നിലവറയിലൊളിപ്പിച്ച
താളിയോലകളുടെ മൃദുമർമ്മരം
നഗരപാതയോരത്ത്  പാതയോരത്തെ
വൃക്ഷശിഖരങ്ങളിൽ അതിശയമായ്
കോകിലനാദം
മിഴാവിൻ ലയമുടഞ്ഞ ഇടവേളയിൽ
തട്ടിതൂവിയ ഹൃദയനോവുകൾ നീറ്റിയ
മഹായാത്രയുടെ സാഗരഗീതങ്ങൾ
ഈറനുണങ്ങിയ പകലോരത്ത്
പവിഴമല്ലിപ്പൂവിൻ സുഗന്ധം
മനസ്സിലെ കവിതയിൽ
ലോകഭൂപടം നീർത്തിയിടും
തത്വമസിമന്ത്രം
എഴുതിയുലഞ്ഞ ഹൃദയത്തിൽ
ദിനമുണരും കുളിർമ്മ
പ്രാചീനഗോപുരങ്ങളിൽ
പ്രണവമുണർത്തും വിശ്വപ്രപഞ്ചം
JUNE 19, 2014
IST 10.55 AM
THURSDAY


ഈറനാർന്നൊരു നോവ്
ഇടവപ്പാതിമഴയിലൊഴുകി
പ്രദക്ഷിണവഴിയിൽ തുളസിപ്പൂസുഗന്ധം
ചരൽക്കല്ലുകളിലുറയും മുറിവിൻ
മൂടുപടങ്ങൾ
അപരാഹ്നവെയിൽ പാകിയ തടങ്ങളിൽ
സായന്തനമഴയുടെ കുഞ്ഞോളങ്ങൾ
മിനുപ്പാർന്നൊരൊഴുത്തുതാളിൽ
മുഗ്ദഭാവമാർന്നൊരു കവിത
ഹൃദയമുടഞ്ഞ ചില്ലുകൂടിൽ
ചിത്രത്താഴിട്ടുപൂട്ടിയ ഗദ്ഗദങ്ങൾ
ഭൂഖനികളിൽ പുണ്യാഹതീർഥം
തൂവിയുണരും നിനവുകൾ
സ്വർണ്ണവർണ്ണമാർന്ന പ്രകാശനാളം
സായം സന്ധ്യയിലെഴുതും
ആകാശഭാവം
അടുക്കിയൊതുക്കിയ വിതാനങ്ങളിൽ
അടർന്നുവീഴും നക്ഷത്രസ്വരങ്ങൾ
ചിതറിവീഴും മഴ
ചിലമ്പൊലി...

Sunday, June 15, 2014

 JUNE 16, 2014
IST 11.01 AM
MONDAY

ഇലപൊഴിയുമൊരു വൃക്ഷശിഖരത്തിൽ
കുയിൽപ്പാട്ടുണരും പ്രഭാതത്തിൽ
ഈറനാർന്നൊരു സ്വരം
മഴക്കാലമായ് മനസ്സിലൊഴുകി..
മണതരികളേറ്റി തീരമുണരും
പൂർവാഹ്നത്തിൽ
ഗ്രാമം പൂക്കാലമായ് വിടരും
പുരാണങ്ങളിൽ
കല്പനകൾ തേടിയൊഴുകും
കാവ്യസ്പന്ദം
നഗരാതിരുകൾക്കിടയിൽ
ഒരേ രാജ്യത്തിൻ പല മുഖങ്ങൾ
പലേ ഭാഷാലിപികൾ
ദൃശ്യാദൃശ്യമായൊരിടം പോലെ
മനസ്സേറുമനേകം ചിന്തകൾ
ചിതറിവീഴും പ്രകാശമുത്തുകൾ
കൈയിലേറ്റിയെഴുതും
അക്ഷരങ്ങളിൽ തിളങ്ങുന്നു
ഒരുണർത്തുപാട്ട്
ഊഞ്ഞാൽപ്പടികൾ ഗ്രാമം ചുറ്റിയ
ഇലച്ചാർത്തുകൾ
മുളം കാടുകളാൽ പണിതീർത്ത
നഗരഗ്രാത്തിൽ
തണുപ്പേറ്റും വൈദ്യുതിയന്ത്രങ്ങൾ
മൺകുടങ്ങളിൽ തീർഥവുമായ്
പഴയ പർണ്ണശാലകൾ
ഗ്രന്ഥങ്ങളിൽ
സ്വരങ്ങൾ മുദ്രയേകും
ഹൃദയവീണയിൽ അനേകഗാനങ്ങൾ


Saturday, June 14, 2014

Sunday
IST 10.59 AM


കഥപറയും പ്രഭാതമേ
കനകദീപങ്ങളിൽ പ്രകാശമായ്
കവിതയായ്,
ഹൃദയസ്പന്ദനങ്ങൾ
ചേർത്തെഴുതിയ
പുസ്തകത്താളിലുറങ്ങും
മനസ്സ്
യാത്രാനൗകയിൽ
ലോകമൊഴുകുമ്പോൾ
സമാധിസ്ഥമാകും ജപമുത്തുകളിൽ
സ്വരങ്ങളുണർത്തും
രാഗമാലിക


Wednesday, June 11, 2014

JUNE 13, 2014
 THURSDAY
 IST 10.34 AM


പകലുണർവിൽ മുഗ്ദമാമൊരു സ്വരം
കവടിവെൺശംഖിൻ പിൻവിളി കേൾക്കാതെ
മുനമ്പിലൊഴുകിയൊഴുകിയുൾക്കടലിലലിയുന്നു
കൽത്തൂണുകളിലുറയുമൊരു ശോകഗാനം
മഴത്തുള്ളികളിലുലഞ്ഞു നിശബ്ദമാകുന്നു
ഘനരാഗങ്ങൾ തീനാളങ്ങളായ്
ആകാശമേറി കാന്തികവലയങ്ങളായ്
കനകമയമാമൊരു മണ്ഡപത്തിൽ
പ്രപഞ്ചസത്യം തേടിനീങ്ങുന്നു
ദീർഘചതുരക്കളങ്ങളിൽ നിമിഷങ്ങൾ
ദിനങ്ങളുടെ യാത്രാവർണ്ണനയെഴുതും
ഋതുഭേദചിത്രങ്ങൾ
തിരക്കിട്ടോടും നഗരം മറന്നുതീരുന്ന
പാതയോരത്തെ പൂമരങ്ങൾ
പാതിയെഴുതിയ കവിതയിലൊഴുകിമാഞ്ഞ
വൃത്തഭാവങ്ങൾ
അർദ്ധവിരാമങ്ങളിൽ അനുസ്വരങ്ങളിൽ
വ്യാകുലചിന്തകളിൽ മാഞ്ഞുപോകും
പ്രകാശസ്പർശം
മൊഴിയിൽ മിന്നിമായും
മൺചിരാതുകൾ
തെളിനീരൊഴുകും തീർഥപാത്രത്തിൽ
തുളുമ്പിവീഴുന്നു മഴ...

Tuesday, June 10, 2014

JUNE 11, 2014
IST 9.46 AM
WEDNESDAY 

പൂർവസന്ധ്യയിൽ
തിളക്കമാർന്ന ഗോപുരങ്ങളും,
തീർഥപാത്രങ്ങളും, കൽമണ്ഡപങ്ങളും,
അഗ്രഹാരങ്ങളും
സ്വപ്നത്തോടൊപ്പം മാഞ്ഞുപോയി
മിഴാവിൻ ലയത്തിൽ
ഈറനാർന്ന നോവുകൾ നിശ്ശബ്ദമായി.
ഇല്ലിമരക്കാടുകളിൽ
ഇഴയടർന്ന സ്വരങ്ങളുണർന്നു..
അതിരുകളിൽ ആരോഹണമായ്
ഓർമ്മയിലെ പഴയ ഗീതങ്ങൾ..
നേരിയ കസവു ചുറ്റി പകലണയും
മഴക്കാലമനോഹാരിതയിൽ
ഇടവേളയുടെ ശബ്ദരഹിതയഥാർഥ്യങ്ങൾ
അർഥത്തിനനർഥം തേടിയോടും നിമിഷങ്ങളെ
കടന്നോടും നാഴികമണിയിൽ
നിർവചനം തെറ്റിയ നീർമുത്തുകൾ
പ്രദീപ്തമാമൊരു ദീപക്കാഴ്ചയിൽ
മനസ്സിലുണരും മുനമ്പേ
മിന്നും നക്ഷത്രങ്ങളിലൊളിച്ച ഭദ്രകാവ്യങ്ങൾ
ഗ്രാമമിഴിയിൽ നിന്നുണരുമ്പോൾ
നെൽപ്പാടങ്ങൾക്കരികിലൂടെ
നേരിയതു ചുറ്റിയോടും ബാല്യസ്മൃതിയിൽ
ചരൽക്കല്ലുകൾ തൂവിയ ഗ്രഹഭാവങ്ങളിൽ
നിന്നകന്നുനീങ്ങുന്നുവോ അക്ഷരങ്ങൾ
വിസൃതമാം ലോകഭൂപടരേഖയിലെ ദേവാലയങ്ങളിൽ,
വിശാലമാം വിസ്മയങ്ങളുടെ ഖനിയിൽ നീറ്റിയ
കാവ്യങ്ങളേ
ദൃശ്യാദൃശ്യമാം പ്രപഞ്ചത്തിനൊരിതളിൽ
മൊഴിയിലുണർന്നാലും..
അഴിമുഖ

Monday, June 9, 2014


JUNE 10, 2014
IST 10.42 AM
TUESDAY


ആകാശത്തിനൊരിതളിൽ
സംവൽസരങ്ങളുടെ തണുപ്പാർന്ന
മഴത്തുള്ളികൾ
പ്രഭാതത്തിൻ തിളക്കമാർന്ന
വിളക്കുകളിൽ മിന്നിയാടിയ
അക്ഷരങ്ങൾ കവിതയായ്
വിരൽതുമ്പിൽ
കാർമേഘാവൃതം ഉദ്യാനം
പൂവിതളുകൾ കൊഴിയും
പാതയിലൊഴുകും നഗരം
തീവ്രസ്വരങ്ങളിൽ അഗ്നിനീർത്തും
അതിരുകൾ
നിഗൂഢവനങ്ങളിൽ നിർണ്ണയമറിയാതെ
പർണ്ണശാലകളിലൊഴുകി മാഞ്ഞ
പുരാവൃത്തം
ചിന്തേരിട്ട മതിലുകൾക്കുള്ളിൽ
നിശ്ശബ്ദമാം വർത്തമാനകാലം
തിളങ്ങും പരവതാനികളിലൂടെ
തീർഥയാത്രയ്ക്കൊരുങ്ങും
അവബോധസത്യം
മനസ്സിന്റെ മന്ത്രഗോപുരങ്ങളിൽ
മണിമുഴക്കം
പ്രശാന്തമീയന്തരഗാന്ധാരങ്ങൾ
പകലുകൾ...

Sunday, June 8, 2014

JUNE 9,2014
IST 10.38 AM
MONDAYകടലുകൾ കല്പനകളായ്
നിഗൂഢഖനികളായ്
മനസ്സിലുണർത്തിയ രത്നതിളക്കങ്ങളിൽ
വിരിയുന്നു കവിത
കനകാംബരവർണ്ണമാർന്ന സന്ധ്യയിൽ
മുനമ്പിലെ തീർഥപാത്രങ്ങളിൽ
നിറയുന്നു മഴ
ഇടവേളകൾ മായ്ച്ചെഴുതിയ
തിരകളിലൊഴുകിയ
ശംഖിൽ കടലൊളിപ്പിച്ചു
മനോഹരമായൊരു സ്വരം
ചിലമ്പുകളടർന്നു വീണ നൃത്യവേദിയിൽ
സ്വരങ്ങൾ വിതുമ്പിയ രാഗമാലികളിൽ
മഴനീർത്തുള്ളികൾ...


Tuesday, June 3, 2014

 June 6, 2014
IST 10.34 AM
Wednesday


ലോകം ചുറ്റിയൊടുവിലെത്തും
ഗ്രാമപാതയിലൂടെ ഓട്ടുമണിനാദം
മുഴങ്ങും പ്രദക്ഷിണവഴിയിൽ
മന്ത്രജപത്തിലൊരു ഭൂമി
നഗരചിറകേറി ഉടഞ്ഞപാതയിലൂടെ
ഉരുക്കുഗോപുരങ്ങൾക്കരികിലൂടെ
ഉണർത്തുപാട്ടുകളുറങ്ങും
ചലനയന്ത്രങ്ങളെ വൈദ്യുതിയാലുണർത്തി
മനസ്സിൽ നിറയ്ക്കും
ആധുനികഭാവമാർന്നൊരു ഭൂമി
ഇടവപ്പാതിമഴയും, ഈറനാർന്ന പ്രകൃതിയുമായ്
ഗ്രാമനഗരങ്ങൾ കണ്ടുനിൽക്കും
അമൃതവർഷിണിയാം
മറ്റൊരു ഭൂമി
ഇടവേളയിലുടഞ്ഞ മൺ തരികളും
ഇലപൊഴിയും വൃക്ഷശിഖരങ്ങളും
സംവൽസരങ്ങളുടെ തീർപ്പുകൽപ്പനകളുമായ്
ആകാശമേറി പ്രപഞ്ചമറിയാനൊരു
യാത്രാപേടകമേറും
അതീവ നിഗൂഢ ഭൂമി
 വിരലനക്കങ്ങളിൽ പ്രഭാതമണയുമ്പോൾ
കനകചിറ്റുകളുമായ് കാവ്യസ്വരങ്ങളെഴുതും
ഹൃദയത്തിലെ തിളങ്ങുന്ന  ഭൂമി...

Sunday, June 1, 2014

 JUNE 3, 2014
IST 10.25 AM
Mondayഅദൃശ്യമാമൊരു ദൃശ്യതയിൽ
അതിഗൂഢമാമൊരു പ്രപഞ്ചഭാവത്തിൽ
നിന്നിഴതെറ്റിയുടഞ്ഞ സ്വരം
പുനർജനിമന്ത്രമായ്, കവിതയായ്
പ്രഭാതഗാനമായ് മിഴിയിലുണരുമ്പോൾ
അതിരുകൾ മായും
ആത്മലയത്തിനതിമൃദുലപദങ്ങൾ
ഹൃദയസ്പന്ദനമാകുന്നു
നിഴൽ മായും മഴക്കാലമേ
നീർത്തുള്ളിയിലൊഴുകി മാഞ്ഞ
ദിനങ്ങൾ പോലെ, ഋതുക്കൾ പോലെ
ഒരിടവപ്പാതിയിക്കുളിരുമായുണരും
തളിരിലകൾ പോലെ
വിരൽതുമ്പിലക്ഷരങ്ങൾ
ഭൂപടം നീർത്തിയതിരുകൾ ചുറ്റിയെത്തും
മഹാദ്വീപങ്ങളെ കടന്ന്
മനസ്സിലേയ്ക്കൊഴുകുന്നു
അതിരുകളില്ലാതെ, ചുറ്റുവലയങ്ങളില്ലാതെ
സ്ഫടികം പോൽ മിന്നും
കാവ്യത്തുടുപ്പുകൾ
പൂർവാഹ്നയുണർത്തിയാലും
മനസ്സിലെ പൂക്കാലങ്ങൾ
മഴക്കാലനീർത്തുള്ളികൾ....
 JUNE 2, 2014
IST 10.13 AM
Sunday


പകൽ നീറ്റിയ ശംഖുകൾ
രാശിതെറ്റിയ പേടകങ്ങൾ
മഴയൊഴുകിയടർന്ന വാക്കുകൾ
ചിന്തേരിട്ട മതിലുകൾ
എഴുതിമുദ്രതീർത്ത ദിനപ്പകർപ്പുകൾ
തണുത്ത സന്ധ്യയുടെ  വസനങ്ങളിൽ
അഗ്നിചിറ്റുകൾ
വളർന്നുയരും വൃക്ഷശാഖകൾ
പാതിയളന്ന അക്ഷരചിന്തുകൾ
മിഴാവിലുലയും ലയം
മിഴിയിലൂടെ, മൊഴിയിലൂടെ
മനസ്സിലൂടെ ഹൃദ്സ്പന്ദനമാകും
കവിത...