Tuesday, May 27, 2014

 MAY 27, 2014
IST 9.37 PM
Tuesday
 മഴ
 

മഴയിഴയിലുദ്യാനസുഗന്ധം
മേഘനാദനടുക്കത്തിലൊരു ദിനാന്ത്യം
പകലോരങ്ങളെഴുതിയ
ത്രിസന്ധ്യാവിളക്കിൽ
തിളങ്ങും മഴത്തുള്ളികൾ
മഴയെന്നുമൊരു കവിതയായിരുന്നു
മനസ്സിൽ പെയ്യും കവിത
കസവുനൂലിനിഴപോൽ
തിളങ്ങുമൊരു നീർത്തുള്ളി
ദിഗന്തമടർന്ന മുറിവുകൾ
മാഞ്ഞുതീരുന്നു
ആകാശത്തിനിതളുകൾ
മഴയിലലിയുന്നു
നാലുകെട്ടിലിരുന്നു കണ്ട
ഗ്രാമമഴയിലെ കവിതയിൽ
മനോഹരമായ ഭൂവിതളുകൾ
പെയ്തിറങ്ങിയ നഗരമഴയിലൊഴുകുന്നു
പ്രായോഗികതയുടെ നീർച്ചാലുകൾ
രണ്ടിലും മുദ്രതീർക്കുന്നു
മുഖപടങ്ങളില്ലാതെയൊരു കവിത
അഗ്നിചിറ്റുകളിലെരിഞ്ഞ
വൃക്ഷശാഖകളിലൂടെ
തണുത്ത മനസ്സിലൂടെ
തിരിഞ്ഞുമുടഞ്ഞും പോകും
പാതകളിലൂടെ
അടഞ്ഞ ജനൽ വാതിലിലൂടെ
മഴസ്വരങ്ങൾ
തുള്ളിത്തുളുമ്പിയൊഴുകുന്നു
ഹൃദ്സ്പന്ദനം പോലൊരു മഴ..

No comments:

Post a Comment