Monday, April 14, 2014

April 14, 2014
IST 10.13 PM
Monday


മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങൾ 


മൊഴിയിലേറും മഹായാനങ്ങളിൽ 
മധുരതരമാം മഹാകാവ്യങ്ങൾ..
 അതീവമനോഹരമായ ആത്മസ്പർശം..
 പ്രശാന്തമാം ശാന്തിനികേതനം... 
അതിനരികിൽ വേനൽച്ചൂട് മതിയാവാതെ 
കരിയിലയേറ്റി പുകയ്ക്കുന്നു കുട്ടികൾ..
 അമാവാസിരാവുകൾ പ്രകാശം മായ്ക്കും 
പുകക്കല്ലുകളിൽ പാതിയടർന്ന ഘനരാഗങ്ങൾ.. 

അന്ധരഗാന്ധാരശ്രുതിതെറ്റിയൊഴുകും 
അക്ഷരങ്ങളിൽ തട്ടിത്തൂവിവീഴും അക്ഷതം.. 
മഹാനിദ്രയുടെ ദീർഘചതുരക്കളങ്ങളിൽ
 മഴത്തുള്ളികൾ.. 
 ഋതുക്കൾ നിവേദ്യതാലങ്ങളിൽ പൂക്കാലമാകും
 ഭ്രമണലയവാദ്യങ്ങളിൽ അതിദ്രുതം തേടും 
അനിയന്ത്രിതരാശികൾ.. 

മിഴിയിലൊഴുകും പ്രപഞ്ചമേ
 വിരലനക്കങ്ങളിൽ വിതുമ്പിവിഴും 
മൃദുപദങ്ങൾക്കരികിൽ ഉറുമിയേറ്റും
 ശൈശവകൗതുകം.. 
ഉലയിലുമിത്തീമിയിൽ വീണുടയും അധിക വ്യജ്ഞനങ്ങൾ ആഴിയിലേയ്ക്കെറിയും കൂട്ടക്ഷരങ്ങൾ 
ചിതറും സ്വരങ്ങൾ, ചിഹ്നങ്ങൾ 
സന്ധ്യാവന്ദനമന്ത്രങ്ങൾ ചൊല്ലും
 ജപമാലകൾക്കിടയിൽ പുകയും ധൂമപത്രങ്ങൾ..

 പ്രപഞ്ചമേ! ആത്മാവിന്റെ
 അമൃതവർഷിണിയിൽ പ്രതിമധ്യമശ്രുതി 
പെയ്തൊഴിയട്ടെ ഈറൻ നോവുകൾ
 പ്രകാശവർഷങ്ങളിൽ, ആകാശത്തിനിതളിൽ, 
ഋതുക്കളെ മറന്നേയ്ക്കുക പുകയും അഗ്നികുണ്ഡങ്ങളെ... 
അതീവമനോഹരമാം പദങ്ങളുണരട്ടെ
 പ്രകൃതിയുടെ രാഗമാലികയിൽ

No comments:

Post a Comment