Tuesday, April 15, 2014

മഹാഗണിത്തട്ടിലെ ഹൃദയാകൃതിയുള്ള സ്ഫടികമുത്തുകൾ

 തണുത്തുറയും ധ്രുവങ്ങളിലെ
മൈത്രിയും ഗംഗോത്രിയും
ആൾക്കൂട്ടം എന്നേ മറന്നിരിക്കുന്നു
പൊട്ടുതൊട്ട് മാലചാർത്തി
ഇളം പൈതൽ വാശികാട്ടുന്നു..
ഒരു കൈയാൽ ശബ്ദം കേൾക്കാഞ്ഞിട്ട്
രണ്ടു കൈയും കൂട്ടിയടിക്കുന്നു
ത്രേതായുഗമൊരു ഹൃദയവേദം
സരയൂവിലൂടെ മാഞ്ഞുതീർന്ന
അഗ്നി നോവുകൾ
തുലാസിൽ ഒരു വശം ചേർത്തളന്ന
അക്ഷരമുറിവുകൾ
കടലുകളുടെ നിധിയിൽ
കനകരാഗങ്ങൾ
കാർത്തികദീപങ്ങൾ പോലെ
ഹൃദയമെന്ന് പേരുള്ള ക്യുറാക രാജ്യം പോലെ
മനസ്സളന്നത് ഒരു പിടി മണൽത്തരി...
ശബ്ദമുയരുന്നു, ഇളം പൈതൽ
പാദുകങ്ങളുയർത്തിയെറിയുന്നു
ഉടഞ്ഞതൊരു ഘടികാരച്ചില്ല്
ഹൃദയാകൃതിയിൽ ഭദ്രമായ്
പൂമുഖത്തെ മഹാഗണിത്തട്ടിലിരുന്ന
സ്ഫടികമുത്തുകൾ..

കുട്ടികളങ്ങനെ
ഉടച്ചുലച്ചു കളിയ്ക്കും
കളിപ്പാട്ടങ്ങൾക്കിടയിൽ
വാശിതീർക്കുന്നുണ്ടാവും...
ഒരു കുഞ്ഞുപാദകുവും കൈയിലേറ്റി
കുരുന്നുചിരിചിരിച്ച് അവരാഹ്ലാദിക്കും.
പാദുകങ്ങൾ പൂജ ചെയ്താരാദ്യനായ
ഭരതന്റെ കഥയൊന്നുമറിയാതെ
തച്ചുടച്ച ചില്ലുതരികൾക്കിടയിൽ
പിന്നിടവർ മാലാഖമാരെപ്പോലെ
സ്വപ്നം കണ്ടുറങ്ങും
മന്ദഹസിക്കും മുഖവുമായ്..
ഉണരേണ്ടതേ വേണ്ടു,
മഹാഗണിത്തട്ടിൽ എറിഞ്ഞുടയ്ക്കാൻ
ഒന്നും ബാക്കിയുണ്ടാവില്ല..





No comments:

Post a Comment