Thursday, April 3, 2014



April 4, 2014
IST 9.03
Friday




കല്പടവുകൾ കയറിയിറങ്ങി
സമതലങ്ങൾ ചെരിവുകളായ്
ഒഴുകിയ നീർത്തുള്ളികൾ
സമുദ്രമായ്, സങ്കല്പമായ്
ഉൾക്കടൽ തേടി മാഞ്ഞു
നിനവുകൾ കടം കൊണ്ട
പരവതാനികളിലൂടെ
ഋതുക്കൾ നടന്നുനീങ്ങി
ചിത്രകമാനങ്ങളിലൊതുങ്ങാതെ
ഒരീറൻ നോവ് ചക്രവാളത്തിനരികിൽ
പെയ്യാനാവാതെ നീർമുകിലിലുറഞ്ഞു
എഴുതിയെഴുതിനിറഞ്ഞ ചുമരുകളിൽ
അടർന്നുവീഴും അക്ഷരങ്ങൾ
ചേർന്നൊരു കവിതയായി
അതിശയകരമായൊരു രൂപമാറ്റം
ആത്മാവിനൊരിതളിൽ
സ്വർണ്ണത്തൂലികയാൽ മനസ്സെഴുതി
മുദ്രകളും, ചിഹ്നങ്ങളുമില്ലാതെ
അർഥശൂന്യമായ അടിക്കുറിപ്പുകളില്ലാതെ
അലങ്കാരങ്ങളില്ലാതെ
അതീവശുഭ്രമാമൊരു ഗാനം

No comments:

Post a Comment